ലിവർപൂളിന്റെ സൂപ്പർ താരം മുഹമ്മദ് സലാഹിന് എഫ്സി ബാഴ്സലോണയിലേക്ക് കൂടുമാറാൻ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തി മുൻ ഡച്ച് താരം. മുൻ ഡച്ച് താരവും അയാക്സ് ഇതിഹാസവുമായ സാക്ക് സ്വാർട്ട് ആണ് ഈ വെളിപ്പെടുത്തലുമായി മുന്നോട്ട് വന്നിരിക്കുന്നത്. ബാഴ്സലോണയുടെ പരിശീലകനായ റൊണാൾഡ് കൂമാന് സലാഹിനെ ആവിശ്യമുണ്ടെന്നും സലാഹിനും ബാഴ്സലോണയെ വേണമെന്നുമായിരുന്നു ഇദ്ദേഹം വെളിപ്പെടുത്തിയത്.
” കൂമാന് സലാഹിനെ വേണമെന്ന കാര്യം എനിക്കറിയാം.അത്പോലെ തന്നെ സലാഹിനും ബാഴ്സലോണയെ ആവിശ്യമുണ്ട്. ഈ വിവരങ്ങൾ എവിടുന്ന് എനിക്ക് കിട്ടി എന്ന കാര്യമൊന്നും ഞാൻ വെളിപ്പെടുത്തില്ല. പക്ഷെ എനിക്കറിയാം ” സ്വാർട്ട് DAZN ന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. എന്നാൽ ഈ കാര്യത്തെ കുറിച്ച് കൂടുതൽ സംസാരിക്കാൻ അദ്ദേഹം തയ്യാറായില്ല.
നിലവിൽ ലിവർപൂളിന്റെ മധ്യനിര താരം വൈനാൾഡത്തിന് വേണ്ടിയുള്ള ശ്രമത്തിലാണ് ബാഴ്സലോണ. എന്നാൽ അവകൾ ഒന്നും തന്നെ ഫലം കാണുന്ന മട്ടില്ല. കൂടാതെ സെനഗലിന്റെ സാഡിയോ മാനെയെയും ബാഴ്സക്ക് സ്വന്തമാക്കാൻ താല്പര്യമുണ്ടായിരുന്നു. മാനെക്കും ബാഴ്സയിലേക്ക് വരാൻ ആഗ്രഹമുണ്ട്. എന്നാൽ സാമ്പത്തികപരമായ തടസ്സങ്ങളാണ് ഈ ആഗ്രഹങ്ങൾക്കൊക്കെ വിലങ്ങുതടിയാവുന്നത്. ഈയൊരു കൂട്ടത്തിലേക്കാണിപ്പോൾ സലാഹിന്റെ അഭ്യൂഹവും കടന്നു വരുന്നത്.
അതേ സമയം ഉസ്മാൻ ഡെംബലെയും സലാഹിനെയും കൈമാറ്റകച്ചവടം നടത്താൻ ബാഴ്സലോണ ശ്രമിച്ചേക്കും എന്നും വാർത്തകൾ ഉണ്ട്. ഡെംബലെക്ക് പുറമെ പണവും ബാഴ്സ വാഗ്ദാനം ചെയ്തേക്കും എന്നാൽ യുർഗൻ ക്ലോപ് സലാഹിനെ വിട്ടു തരാനുള്ള സാധ്യതകൾ വളരെ കുറവാണ്. അതിനാൽ തന്നെ നിലവിൽ സലാഹിന് ബാഴ്സയിലേക്ക് എത്തുക എന്നുള്ളത് ഏറെക്കുറെ അസാധ്യമാണ്. ക്ലബ് വിടുന്ന ലൂയിസ് സുവാരസിന്റെ പകരക്കാരനായി ഒരു സ്ട്രൈക്കറെ ടീമിൽ എത്തിക്കാൻ ബാഴ്സ ശ്രമങ്ങൾ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. ലൗറ്ററോ മാർട്ടിനെസ്-ഡീപേ എന്നീ പേരുകൾക്കൊപ്പമാണ് ഇപ്പോൾ സലാഹിന്റെ പേരും ഉയർന്നു കേൾക്കുന്നത്.