സ്പാനിഷ് ലീഗിൽ മോശം ഫോമിൽ തുടരുന്ന ബാഴ്സയെ കൂടുതൽ പ്രതിസന്ധിയിലാക്കി പരിശീലകൻ റൊണാൾഡ് കൂമാന് പന്ത്രണ്ടു മത്സരങ്ങളിൽ വരെ വിലക്കു ലഭിക്കാൻ സാധ്യത. കഴിഞ്ഞ മാസം നടന്ന എൽ ക്ലാസികോ മത്സരത്തിൽ റയലിന് അനുകൂലമായി പെനാൽട്ടി നൽകിയ റഫറിയുടെ തീരുമാനത്തെയും വീഡിയോ അസിസ്റ്റന്റ് റഫറിയിങ്ങിനെയും ചോദ്യം ചെയ്തതിനെ തുടർന്നാണ് ഡച്ച് പരിശീലകനു വിലക്കു ലഭിക്കാൻ സാധ്യതയേറിയത്.
ഇരുടീമുകളും ഓരോ ഗോളുകൾ നേടി സമനിലയിൽ നിൽക്കുന്ന മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ലെങ്ലറ്റ് റാമോസിനെ വീഴ്ത്തിയതിനു പെനാൽറ്റി നൽകിയത്. ഇതിനെ ചോദ്യം ചെയ്ത കൂമാൻ വീഡിയോ റഫറിയുടെ തീരുമാനങ്ങൾ എല്ലായ്പ്പോഴും ബാഴ്സക്കു പ്രതികൂലമാണെന്നും, ബാഴ്സക്ക് അനുകൂലമായി തീരുമാനങ്ങൾ എടുക്കേണ്ടിയിരുന്ന സെവിയ്യ, ഗെറ്റാഫെ മത്സരങ്ങളിൽ അതുപയോഗിച്ചില്ലെന്നും പരാതിപ്പെട്ടിരുന്നു.
വീഡിയോ റഫറിയിങ്ങിനെതിരെ നടത്തിയ പരാമർശങ്ങൾ മൂലം രണ്ടു മുതൽ പന്ത്രണ്ടു മത്സരങ്ങളിൽ കൂമാനെ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ വിലക്കിയേക്കാം എന്നാണ് എഎസ് റിപ്പോർട്ടു ചെയ്യുന്നത്. ഇതിനു പുറമേ ചെറിയൊരു തുക പിഴയായും നാലു ആഴ്ചക്കുള്ളിൽ നടക്കുന്ന അന്വേഷണത്തിനു ശേഷം നടപടിയായി എടുത്തേക്കും.
കൂമാനു പുറമേ ബാഴ്സലോണയുടെ മുൻ ബോർഡ് മെമ്പറായ സാവി വിലാഹോനക്കെതിരെയും സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ അന്വേഷണം നടത്തുന്നുണ്ട്. റഫറിക്കെതിരെ അദ്ദേഹം നടത്തിയ പരാമർശങ്ങളിൽ പിന്നീട് ക്ഷമാപണം ചെയ്തെങ്കിലും വിലക്കൊഴിവാകാൻ സാധ്യതയില്ല.