പിഎസ്‌ജിയെ കഴിഞ്ഞ സീസണുകളിൽ നിന്നും വ്യത്യസ്‌തരാക്കുന്നതെന്ത്, ഫ്രഞ്ച് ലീഗ് പരിശീലകൻ പറയുന്നു

കഴിഞ്ഞ സീസൺ ആരംഭിക്കുമ്പോൾ സാധ്യമായ എല്ലാ കിരീടങ്ങളും നേടുമെന്ന് ഏവരും പ്രതീക്ഷിച്ച ക്ലബായിരുന്നു പിഎസ്‌ജി. സെർജിയോ റാമോസ്, വൈനാൽഡം, ഡോണറുമ്മ, ലയണൽ മെസി, നെയ്‌മർ, എംബാപ്പെ, മാർക്വിന്യോസ്, വെറാറ്റി തുടങ്ങി യൂറോപ്യൻ ഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച താരനിര സ്വന്തമായുള്ളതു കൊണ്ടാണ് പിഎസ്‌ജി എല്ലാ കിരീടങ്ങളും നേടുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ സ്‌ക്വാഡിന്റെ കരുത്ത് കളിക്കളത്തിൽ കാഴ്‌ച വെക്കാൻ കഴിയാതെ വന്ന പിഎസ്‌ജിക്ക് കരുതിയതു പോലെ മികച്ച പ്രകടനം കഴിഞ്ഞ സീസണിൽ നടത്താൻ കഴിഞ്ഞില്ല.

എന്നാൽ ഈ സീസണിൽ അതിൽ നിന്നും വ്യത്യസ്‌തമായ പ്രകടനമാണ് പിഎസ്‌ജി നടത്തുന്നത്. സ്പോർട്ടിങ് ഡയറക്റ്റർ, പരിശീലകൻ എന്നിവരെ മാറ്റിയും പുതിയ താരങ്ങളെ സ്വന്തമാക്കിയും അതിനുള്ള പ്രവർത്തനങ്ങൾ ക്ലബ് നേതൃത്വം നടത്തി. മെസി, എംബാപ്പെ, നെയ്‌മർ സഖ്യം കൂടുതൽ ഒത്തിണക്കത്തോടെ കളിക്കാൻ തുടങ്ങിയതും പിഎസ്‌ജിയുടെ പ്രകടനത്തിന്റെ നിലവാരമുയർത്തിയിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് പിഎസ്‌ജിക്ക് കഴിഞ്ഞ സീസണിൽ നിന്നും ഈ സീസണിൽ എത്തിയപ്പോൾ എന്തു മാറ്റമാണ് വന്നതെന്നു പറയുകയാണ് ഫ്രഞ്ച് ലീഗ് ക്ലബായ നാന്റസിന്റെ പരിശീലകനായ അന്റോയിൻ കൊംബുറെ.

“മാനസികാവസ്ഥയും മനോഭാവവുമെന്ന് ഞാൻ പറയും. അവർ മൈതാനത്തു കാണിക്കുന്ന സ്വഭാവത്തെയും പെരുമാറ്റത്തെയും കുറിച്ചാണ് നമ്മൾ പറയുന്നത്. ഒടുവിൽ അവരൊരു ടീമായെന്നു നമ്മൾ കാണുന്നു. അവർ പരസ്‌പരം സഹകരിച്ചു കളിക്കുന്നു. ഒപ്പം കളിക്കുന്നത് ആസ്വദിക്കുന്നു. ഒരുമിച്ച് കളിക്കുക, ഒരുമിച്ച് പ്രതിരോധിക്കുക, എല്ലാറ്റിലും ഉപരിയായി ആക്രമിക്കുക. അതുണ്ടാകുമ്പോഴാണ് ഇപ്പോൾ നടക്കുന്നത് കാണാൻ കഴിയുന്നത്.” കനാൽ സപ്പോർട്ടേഴ്‌സിനോട് സംസാരിക്കുമ്പോൾ കൊംബൂറെ പറഞ്ഞു.

ഈ സീസണിൽ ഫ്രഞ്ച് സൂപ്പർകപ്പടക്കം ആറു മത്സരങ്ങളിലാണ് പിഎസ്‌ജി കളിച്ചിരിക്കുന്നത്. ഇതിൽ മൊണാക്കോക്കെതിരെ നടന്ന മത്സരം ഒഴികെ ബാക്കി എല്ലാറ്റിലും പിഎസ്‌ജി വിജയം നേടി. മൊണാക്കോക്കെതിരെയുള്ള മത്സരത്തിൽ ഒഴികെ ബാക്കിയെല്ലാ മത്സരത്തിലും മൂന്നോ അതിൽ അധികമോ ഗോൾ നേടാനും പിഎസ്‌ജിക്ക് കഴിഞ്ഞിട്ടുണ്ട്. ഇന്ന് രാത്രി നടക്കാനിരിക്കുന്ന ഫ്രഞ്ച് ലീഗ് മത്സരത്തിൽ കൊമ്പൂറെ പരിശീലകനായ നാന്റസിനെയാണ് ലീഗിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന പിഎസ്‌ജി നേരിടുന്നത്.

Rate this post
ligue 1NantesPsg