ബയേണുമായുള്ള ദയനീയ തോൽവിക്കു ശേഷം ബാഴ്‌സ കീക്കെ സെറ്റിയനു പകരക്കാരനായി ഡച്ച് ടീമിനെ പരിശീലിപ്പിച്ചിരുന്ന റൊണാൾഡ് കൂമാനെ കൊണ്ടു വരികയായിരുന്നു. കൂമാനു കീഴിൽ രണ്ടു സൗഹൃദ മത്സരങ്ങളും വിജയിക്കാൻ ബാഴ്സക്കായെന്നതും പ്രതീക്ഷയുളവാക്കുന്നതാണ്. എന്നാൽ മറ്റൊരു വയ്യാവേലി കൂടെ ഇനി ഒഴിവാക്കേണ്ട ഗതികേടിലാണിപ്പോൾ ബാഴ്സയുള്ളത്.
സൗഹൃദമത്സരങ്ങൾ കൂമാനു കീഴിൽ കളിച്ചെങ്കിലും ലാലിഗയിൽ ഔദ്യോഗികമത്സരങ്ങളിൽ ബാഴ്‌സയെ പരിശീലിപ്പിക്കാൻ കൂമാനു ഇനിയും കാത്തിരിക്കേണ്ടി വന്നേക്കുമെന്നതാണ് ബാഴ്സക്ക് പുതിയ വെല്ലുവിളിയായിരിക്കുന്നത്. റോയൽ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ കൂമാനെ വിലക്കിയേക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്. പ്രമുഖ സ്പാനിഷ് മാധ്യമമായ കഡേന കോപേയാണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്.
കഡേന കോപേയുടെ റിപ്പോർട്ടുകൾ പ്രകാരം ബാഴ്‌സ ഇതുവരെ പഴയ പരിശീലകൻ കീക്കെ സെറ്റിയനെ ഔദ്യോഗികമായി പുറത്താക്കിയിട്ടില്ലെന്നാണ് വെളിവാകുന്നത്. ബാഴ്സയിൽ ഒരു വർഷം കൂടെ കരാറുള്ള സെറ്റിയൻ തന്റെ ബാക്കി ശമ്പളം തരാതെ കരാർ അവസാനിപ്പിക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ സാമ്പത്തികമായി പ്രതിസന്ധിയിലുള്ള ബാഴ്‌സക്ക് ഇത് മറ്റൊരു തലവേദനയായി മാറിയിരിക്കുകയാണ്.
വിയ്യാറലുമായുള്ള ആദ്യ മത്സരത്തിനിനി പത്തു ദിവസം കൂടിയേ ബാക്കിയുള്ളൂവെന്നിരിക്കെ പഴയ പരിശീലകനുമായുള്ള കരാർ തർക്കത്തിൽ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ കൂടി ഇടപെട്ടതോടെ ബാഴ്‌സ ത്രിശങ്കുസ്വർഗ്ഗത്തിലായിരിക്കുകയാണ്. എന്നാൽ ബയേണുമായുള്ള ദയനീയ തോൽവിയുടെ ഉത്തരവാദിത്വം കൂടി കണക്കിലെടുത്ത് ലാലിഗ ആരംഭിക്കുന്നതിനു മുൻപുതന്നെ സെറ്റിയനുമായി കുറഞ്ഞതുകക്ക് ഒത്തുതീർപ്പിലെത്താനാണ് ബാഴ്‌സ ശ്രമിക്കുന്നത്. സെറ്റിയൻ കോടതി കയറിയാൽ കൂമാന്റെ പരിശീലകസ്ഥാനത്തിനു വിലക്കു വീണേക്കും.