തളികയിലെന്ന പോലെ മെസ്സിയുടെ പാസ്സ്, അതും നഷ്ടപ്പെടുത്തി കിലിയൻ എംബാപ്പെ

ഇന്നലെ നടന്ന ഫ്രഞ്ച് ലീഗ് മത്സരത്തിൽ വിജയിക്കാൻ കഴിഞ്ഞില്ലെങ്കിലും ഫ്രഞ്ച് ലീഗ് കിരീടം ഉറപ്പിക്കാൻ പിഎസ്‌ജിക്ക് കഴിഞ്ഞിരുന്നു. ലയണൽ മെസിയുടെ ഗോളിൽ മുന്നിലെത്തിയ പിഎസ്‌ജിയെ കെവിൻ ഗമെറോ നേടിയ ഗോളിലൂടെയാണ് സ്‌ട്രോസ്‌ബർഗ് തളച്ചത്. എന്നാൽ ഒരു മത്സരം ബാക്കി നിൽക്കെ അഞ്ചു പോയിന്റ് ലീഡ് നേടിയെതോടെയാണ് ലെൻസിനെ മറികടന്ന് ഫ്രഞ്ച് ലീഗ് കിരീടം പിഎസ്‌ജി സ്വന്തമാക്കിയത്.

മത്സരത്തിൽ സ്‌ട്രോസ്‌ബർഗിന് സ്വന്തം മൈതാനത്ത് മുൻ‌തൂക്കം ഉണ്ടായിരുന്നെങ്കിലും പിഎസ്‌ജിക്ക് വിജയിക്കാൻ കഴിയുമായിരുന്നു. ലയണൽ മെസി ഒരുക്കി നൽകിയ രണ്ടു മികച്ച അവസരങ്ങൾ ടീമിന്റെ പ്രധാന സ്‌ട്രൈക്കറായ കിലിയൻ എംബാപ്പെ തുലച്ചു കളഞ്ഞതാണ് പിഎസ്‌ജിക്ക് വിജയം നിഷേധിച്ചത്. അതിൽ തന്നെ രണ്ടാമത് നൽകിയ അവസരം മത്സരത്തിലെ തന്നെ ഏറ്റവും മികച്ച നീക്കമായിരുന്നു.

രണ്ടു ടീമുകളും ഓരോ ഗോൾ നേടി നിൽക്കുമ്പോൾ എൺപതാം മിനുട്ടിനു ശേഷമാണ് ലയണൽ മെസി അവസരം ഒരുക്കി നൽകുന്നത്. പന്ത് ലഭിക്കുമ്പോൾ നാലോളം സ്‌ട്രോസ്‌ബർഗ് താരങ്ങളാണ് ലയണൽ മെസിയെ വളഞ്ഞിരുന്നത്. എന്നാൽ ഇവരെ സമർത്ഥമായി കബളിപ്പിച്ച് ബോക്‌സിലേക്ക് ഒറ്റയാൻ മുന്നേറ്റം നടത്തി മെസി എംബാപ്പെക്ക് ക്രോസ് നൽകി. എന്നാൽ അവിശ്വസനീയമായ രീതിയിൽ ഫ്രഞ്ച് താരം അത് പുറത്തേക്കടിച്ചു കളഞ്ഞു.

ആദ്യപകുതിയിലും മെസി നൽകിയ മികച്ചൊരു പാസിൽ ഗോൾകീപ്പർ മാത്രം മുന്നിലുള്ള ഒരു അവസരം എംബാപ്പെക്ക് ലഭിച്ചിരുന്നു. എന്നാൽ ഗോൾകീപ്പറെ മറികടന്ന് മുന്നിൽ പോകാനുള്ള എംബാപ്പയുടെ നീക്കം വിജയിച്ചില്ല. ഈ സീസണിൽ ഇതുപോലെയുള്ള നിരവധി അവസരങ്ങൾ എംബാപ്പെ തുലച്ചു കളഞ്ഞിട്ടുണ്ട്. എന്തായാലും താരത്തിന് രണ്ടു ഗോളും മെസിക്ക് രണ്ട് അസിസ്റ്റും പിഎസ്‌ജിക്ക് വിജയവും ഇതുകൊണ്ടു നിഷേധിക്കപ്പെട്ടുവെന്നാണ് ആരാധകർ പറയുന്നത്.

1.5/5 - (11 votes)
Lionel Messi