സൂപ്പർ താരം എംബാപ്പെ റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്നുള്ള വാർത്തകൾക്ക് ഇന്നും ശക്തി കുറഞ്ഞിട്ടില്ല. കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ താരം റയലിലെത്തുമെന്ന വാർത്തകൾക്ക് കൂടുതൽ ശക്തിയുണ്ടായിരുന്നു. താരം പിഎസ്ജിക്കെതിരെ നടത്തിയ പ്രസ്താവനയും താരവും ക്ലബും തമ്മിലുള്ള ഉടക്കും കാരണം താരം പിഎസ്ജി വിട്ട് റയലിൽ പോകുമെന്ന് പലരും കരുതിയിരുന്നു.
എന്നാൽ റയൽ താരത്തിനായി ബിഡ് സമർപ്പിക്കാത്തതോടെ എംബാപ്പെയ്ക്ക് പിഎസ്ജിയിൽ തുടരേണ്ടി വന്നു. പിഎസ്ജിയ്ക്ക് താരവുമായി പുതിയ കരാറിൽ ഏർപ്പെടാൻ താല്പര്യം ഉണ്ടെങ്കിലും എംബാപ്പെയ്ക്ക് എങ്ങനെയെങ്കിലും പിഎസ്ജിയിൽ നിന്ന് റയലിൽ പോയാൽ മതി എന്ന പദ്ധതിയേയുള്ളൂ.എന്നാൽ പിഎസ്ജി വിട്ട് എംബാപ്പെയ്ക്ക് റയലിൽ ചേരണമെങ്കിൽ ഒരു വലിയ കടമ്പ മറികടക്കേണ്ടതുണ്ട്. താരത്തിന്റെ ഏജന്റുമായി ബന്ധപ്പെട്ടാണ് ഈ പ്രശ്നം നിലനിൽക്കുന്നത്. താരത്തിന്റെ മാതാവായ ഫയ്സ ലമാരി തന്നെയാണ് താരത്തിന്റെ ഏജന്റ്. എന്നാൽ ഫയ്സ ലമാരിയ്ക്ക് ഫിഫയുടെ ഏജന്റ് ലൈസൻസ് ഇല്ല.
സ്പെയിനിലെ നിയമപ്രകാരം ഫിഫ അംഗീകൃത ഏജന്റ് വഴി മാത്രമേ താരങ്ങളെ ടീമിൽ എത്തിക്കാനാവൂ. മറ്റു രാജ്യങ്ങളിലും ഈ നിയമം ഉണ്ടെങ്കിലും അവിടെയെല്ലാം ഫിഫയുടെ ഈ നിയമത്തെ മറികടക്കുന്ന മറ്റു നിയമങ്ങൾ കൂടിയുണ്ട്. എന്നാൽ സ്പെയിനിൽ ഫിഫയുടെ നിയമത്തെ മറികടക്കാനുള്ള മറ്റു നിയമങ്ങളില്ലാ എന്നതിനാൽ തന്നെ എംബാപ്പെയ്ക്ക് റയലിൽ എത്താൻ ഈ ‘ഏജന്റ് പ്രശ്നം’ തടസ്സമാവുന്നുണ്ട്.
Kylian Mbappe will reportedly have to sack his own mother in order to secure a transfer to Real Madrid 😳
— GOAL News (@GoalNews) October 13, 2023
ഈ പ്രശ്നത്തെ മറികടക്കണമെങ്കിൽ രണ്ട് വഴിയാണ് എംബാപ്പെയ്ക്ക് മുന്നിലുള്ളത്. ഒന്ന് തന്റെ ഏജന്റ് എന്ന സ്ഥാനത്തിൽ നിന്ന് അമ്മയെ മാറ്റുക എന്നതാണ്. രണ്ടാമത്തെ പരിഹാരം അമ്മയ്ക്ക് ഫിഫ അംഗീകൃത ഏജന്റ് ലൈസൻസ് നേടികൊടുക്കുക എന്നതാണ്. ഇതിൽ രണ്ടാമത്തെ മാർഗം തന്നെയായിരിക്കും താരം സ്വീകരിക്കുക. എന്നാൽ ഫിഫ ലൈസൻസ് കിട്ടാൻ വൈകിയാൽ താരത്തിന്റെ റയൽ സ്വപ്നങ്ങളും വൈകും.