ലാ ലീഗയിൽ 2023 -24 സീസൺ പകുതി പിന്നിടുമ്പോൾ പോയിന്റ് ടേബിൾ നോക്കുമ്പോൾ ഫുട്ബോൾ ആരാധകരുടെ ഉള്ളിൽ ഒരു അത്ഭുതം കാണാൻ സാധിക്കും. കാരണം ഒന്നാം സ്ഥാനത്ത് നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണയോ ,റെക്കോർഡ് ജേതാക്കളായ റയൽ മാഡ്രിഡോ , ഡീഗോ സിമിയോണിയുടെ അത്ലറ്റികോ മാഡ്രിഡോ അല്ല. യൂറോപ്യൻ ഫുട്ബോളിലെ പുതു ശക്തിയായി ഉദിച്ചുയരുന്ന ജിറോണയാണ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനം കയ്യടക്കി വെച്ചിരിക്കുന്നത്.
സ്പെയിനിന്റെ വടക്കുകിഴക്കൻ ഭാഗത്ത് നിന്നുള്ള ചെറിയ ക്ലബ് ലാ ലീഗയിൽ അത്ഭുതങ്ങൾ കാണിച്ചു കൊണ്ടിരിക്കുകയാണ്. ലാലിഗയിൽ 16 കളികളിൽ നിന്ന് 41 പോയിന്റുമായി റയൽ മാഡ്രിഡിനെയും ബാഴ്സയെയും പിന്നിലാക്കി കിരീടത്തിലേക്ക് കുതിക്കുകയാണ് ജിറോണ. ഇന്നലെ നടന്ന മത്സരത്തിൽ കരുത്തരായ ബാഴ്‌സലോണയെ അവരുടെ തട്ടകത്തിൽ വെച്ച് രണ്ടിനെതിരെ നാല് ഗോളുകൾക്ക് തകർത്താണ് റയലിന്റെ മറികടന്ന് ജിറോണ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഈ സീസണിൽ ലീഗിൽ 16 മത്സരങ്ങളിൽ നിന്നും ഒരു തോൽവി മാത്രമാണ് ജിറോണ നേരിട്ടത്. വിയ്യ റയലിനോട് മാത്രമാണ് അവർ പരാജയപ്പെട്ടത്.
മാഞ്ചസ്റ്റർ സിറ്റിയുടെ അബുദാബി ഉടമസ്ഥതയിൽ ഭാഗികമായി നിയന്ത്രിക്കുന്ന ജിറോണ കിരീടത്തിനായി റയലിനോടും ബാഴ്സയോടും മത്സരിക്കുകയാണ്.2023/24 സീസണിലെ ശ്രദ്ധേയമായ പ്രകടനത്തിലൂടെ പ്രതീക്ഷകളെ തെറ്റിച്ചുകൊണ്ട് ജിറോണ ലാ ലീഗയിൽ വമ്പൻമാർക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്. 2016-17 സീസണിന് ശേഷം സ്പെയിനിലെ ടോപ് ഡിവിഷനിലേക്ക് സ്ഥാനക്കയറ്റം നേടിയതിന് ശേഷം, തരംതാഴ്ത്തലും തുടർന്നുള്ള പ്രമോഷനും ഉൾപ്പെടെ ഒരു റോളർകോസ്റ്റർ യാത്രയിലൂടെയാണ് ജിറോണ കടന്നു പോയത്.
🤩 Una temporada única.
— LALIGA (@LaLiga) December 10, 2023
🌟 Una temporada brillante.
🔝 Una temporada PARA SOÑAR.
❤ @GironaFC ❤#LALIGAEASPORTS pic.twitter.com/P7CKN8CLFO
2015 മുതൽ പ്രസിഡന്റ് ഡെൽഫ് ഗെലിയുടെയും സ്‌പോർട്ടിംഗ് ഡയറക്ടർ ക്വിക്ക് കാർസലിന്റെയും സ്ഥിരമായ നേതൃത്വത്തിന് കീഴിൽ ജിറോണ മാറ്റങ്ങൾ സൃഷ്ടിക്കാൻ അവർക്ക് സാധിച്ചു.2017-ൽ സിറ്റി ഫുട്‌ബോൾ ഗ്രൂപ്പ് ജിറോണ ക്ലബ്ബിന്റെ 44.3 ശതമാനം ഓഹരി സ്വന്തമാക്കിയതുമുതൽ വലിയ മാറ്റങ്ങൾ കാണാൻ തുടങ്ങിയത്.Mchel എന്നറിയപ്പെടുന്ന മാനേജർ മിഗുവേൽ ഏഞ്ചൽ സാഞ്ചസ് മുനോസ്ന്റെ നേതൃത്വത്തിലുള്ള ടീം ലീഗിലെ ഏറ്റവും ആകർഷകമായ ഫുട്ബോൾ കളിച്ചതിന് ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.4-2-3-1 ഫോർമേഷനിൽ കളിക്കുന്ന ജിറോണ പന്ത് കൈവശം വയ്ക്കൽ,കൌണ്ടർ അറ്റാക്കിങ്, പ്രതിരോധം എന്നിവയിലൂടെയാണ് ആധിപത്യം സ്ഥാപിച്ചത്.
❤🌟🤍 ¡Las mejores imágenes de una noche histórica para el @GironaFC!#LALIGAEASPORTS#BarçaGirona
— LALIGA (@LaLiga) December 11, 2023
നിലവിൽ യൂറോപ്യൻ മത്സരങ്ങളൊന്നും ജിറോണയ്‌ക്കില്ലാത്തത് കൊണ്ട് തന്നെ ലീഗിൽ മാത്രം ശ്രദ്ധ കൊടുത്ത് കളിക്കാൻ കഴിയുന്നുണ്ട്.ആവശ്യമെങ്കിൽ റെസ്റ്റ് കൊടുക്കാനും കളിക്കാരെ റൊട്ടേറ്റ് ചെയ്യാനും സാധിക്കും.2016ൽ അവിശ്വസനീയമായ കുതിപ്പോടെ ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ കിരീടം ചൂടി ലെസ്റ്റർ സിറ്റി കാണിച്ച അദ്ഭുതം സ്പാനിഷ് ലീഗിൽ ജിറോണ ആവർത്തിക്കുമോ എന്നാണ് ഫുട്ബോൾ ലോകം ഉറ്റു നോക്കുന്നത്. ബ്രസീലിയൻ താരം സാവിയോ, യുക്രെയ്ൻ താരങ്ങളായ വിക്ടർ സിഗാൻകോവ്, അർടെം ഡോബ്‌വിക്, എറിക് ഗാർഷ്യ, അലക്സ് ഗാർഷ്യ.. തുടങ്ങിയ ഒരു പിടി താരങ്ങൾ മികച്ച ഫോമിൽ കളിക്കുന്നത് തുടരുമ്പോൾ ജിറോണയുടെ ഭാഗത്ത് നിന്നും അത്ഭുതങ്ങൾ ഉണ്ടാവും എന്നാണ് ആരാധകർ കരുതുന്നത്.
കേരള ബ്ലാസ്റ്റേഴ്സിനെതിരെ കേരളത്തിന്റെ മണ്ണിൽ കളിച്ചിട്ടുണ്ട് ജിറോണ എഫ്സി. 2018ൽ കൊച്ചിയിൽ നടന്ന ടൊയോട്ട യാരിസ് ലാലിഗ വേൾഡ് പ്രീ സീസൺ ടൂർണമെന്റിലായിരുന്നു അത്. ഇന്നലെ നടന്ന മത്സരത്തിൽ 12-ാം മിനിറ്റിൽ ആർടെം ഡോവ്‌ബിക് ജിറോണയെ മുന്നിലെത്തിച്ചു. താരത്തിന്റെ ലാലിഗ സീസണിലെ എട്ടാം ഗോളായിരുന്നു ഇത്.എന്നാൽ 19 ആം മിനുട്ടിൽ റോബർട്ട് ലെവൻഡോവ്‌സ്‌കി തന്റെ ഗോൾ സ്‌കോറിംഗ് ഫോം വീണ്ടും കണ്ടെത്തുകയും ബാഴ്സലോണയുടെ സമനില ഗോൾ നേടുകയും ചെയ്തു.
40 ആം മിനുട്ടിൽ ഗുട്ടറസ് ജിറോണയുടെ ലീഡ് പുനഃസ്ഥാപിച്ചു. 80 ആം മിനുട്ടിൽ വലേറി ഫെർണാണ്ടസ് ജിറോണയുടെ മൂന്നാം ഗോൾ നേടി. ഇഞ്ചുറി ടൈമിൽ ഗുണ്ടോഗൻ ബാഴ്സയ്ക്കായി മറ്റൊരു ഗോൾ മടക്കി.സ്റ്റോപ്പേജ് ടൈമിൽ സ്റ്റുവാനി ജിറോണയുടെ നാലാം ഗോൾ നേടി വിജയമുറപ്പിച്ചു.