അർജന്റീനക്ക് വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിൽ ഏറെ തലവേദന സൃഷ്ടിക്കുന്ന ഒന്നാണ് ബൊളീവിയൻ ഇക്വഡോറിയൻ മലനിരകളിൽ നടക്കുന്ന മത്സരങ്ങൾ. എന്നാൽ ഇത്തവണ ബൊളീവിയൻ മലനിരകളിൽ സ്കലോനിയുടെ അർജന്റീന വിജയക്കൊടി പാറിച്ചിരിക്കുകയാണ്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബൊളീവിയയെ അവരുടെ തട്ടകത്തിൽ തകർത്തുവിട്ടത്.
ഇതോടെ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും വിജയം നേടി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്താൻ അർജന്റീനക്ക് സാധിച്ചു. ബൊളീവിയൻ മലനിരകളിലെ ലാ പാസ് സ്റ്റേഡിയം ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ഉയരങ്ങളിൽ സ്ഥിതിചെയ്യുന്ന സ്റ്റേഡിയങ്ങളിലൊന്നാണ്. സ്റ്റേഡിയത്തിലെ ഓക്സിജന്റെ കുറവാണു അർജന്റീനിയൻ താരങ്ങൾക്ക് എപ്പോഴും ഭീഷണിയാവുന്ന ഒന്ന്. എന്നാൽ ഇത്തവണ ഇത്തരം പ്രതിബന്ധങ്ങളെ മറികടന്നാണ് അർജന്റീനയുടെ വിജയമെന്നത് കൂടുതൽ മാധുര്യമേറുന്നുണ്ട്.
ആദ്യ പകുതിയിൽ മികച്ച മുന്നേറ്റങ്ങളോടെ കളിച്ച ബൊളീവിയ ഇരുപത്തിനാലാം മിനുട്ടിൽ തന്നെ മാഴ്‌സെലോ മൊറേനോ മാർട്ടിൻസിലൂടെ മുന്നിലെത്തി. ബൊളീവിയൻ മൈതാനത്തു താളം കണ്ടെത്താൻ വിഷമിച്ച അർജന്റീനൻ താരങ്ങളുടെ പാസുകൾ പലപ്പോഴും ലക്ഷ്യസ്ഥാനം കാണാൻ സാധിച്ചില്ല. എന്നാൽ ലൗറ്റാരോ മാർട്ടിനസിന്റെ മികച്ചൊരു മുന്നേറ്റം ആദ്യ പകുതിക്കു മുൻപു തന്നെ സമനില ഗോൾ കണ്ടെത്തുകയായിരുന്നു. ലൗറ്റാരോയുടെ സമ്മർദ്ദത്താൽ പന്ത് ഒഴിവാക്കാൻ ശ്രമിച്ച ബൊളീവിയൻ പ്രതിരോധതാരത്തിന്റെ ഷോട്ട് ലൗറ്റാരോയുടെ കാലിൽ തന്നെ തട്ടി വലയിൽ കയറുകയായിരുന്നു.
ആദ്യപകുതിയിൽ തണുപ്പൻ പ്രകടനമായിരുന്നെങ്കിലും രണ്ടാം പകുതിയിൽ മികച്ച പ്രകടനം ലയണൽ മെസി പുറത്തെടുത്തു. യുവതാരം എക്സേകിയൽ പലാഷിയോസിനെ കൂട്ടുപിടിച്ചു മെസി നടത്തിയ മുന്നേറ്റങ്ങൾ ലൗറ്റാരോയിലെത്തിയെങ്കിലും ലക്ഷ്യം കണ്ടെത്താനായില്ല. പിന്നീട് ലയണൽ മെസിയുടെ തന്നെ മികച്ച പാസ് ലൗറ്റാരോയിലെത്തിയത് ജോവാക്കിൻ കൊറേയക്ക് നീട്ടി നൽകുകയായിരുന്നു. കൊറേയയുടെ തകർപ്പൻ ഇടങ്കാലൻ ഷോട്ട് ബൊളീവിയൻ വലകളെ പുൽകിയത്തോടെ 2005നു ശേഷം അർജന്റീന ലാ പാസിൽ ആദ്യ വിജയം നേടുകയായിരുന്നു.