ടോട്ടനം ഹോസ്പറും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ നടന്ന മത്സരത്തിൽ ആൻറണി മാർഷ്യലിനു ചുവപ്പു കാർഡ് ലഭിക്കാൻ കാരണക്കാരനായ ടോട്ടനം താരം എറിക് ലമേലയെ രൂക്ഷമായി വിമർശിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗുണ്ണാർ സോൾഷയർ. മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ ലമേല പ്രകോപിപ്പിച്ചതിനു താരത്തിന്റെ മുഖത്തടിച്ചതിനെ തുടർന്നാണ് മാർഷ്യലിനു ചുവപ്പുകാർഡ് ലഭിച്ചത്.
“രണ്ടു കാര്യങ്ങളാണ് എനിക്കപ്പോൾ തോന്നിയത്. ലമേലയുടെ ഫൗളിൽ വീണ് ഒരു ചതിയനെ പോലെ അവർക്കു ചുവപ്പു കാർഡ് നേടിക്കൊടുക്കാൻ മാർഷ്യൽ തയ്യാറായില്ല എന്നതിൽ എനിക്കു വളരെയധികം സന്തോഷവും അഭിമാനവുമുണ്ട്.” സോൾഷയർ മാധ്യമങ്ങളോടു പറഞ്ഞു.
“അങ്ങിനെ പ്രതികരിക്കാൻ കഴിയില്ലെന്ന് മാർഷ്യലിന് അറിയാമായിരുന്നു. എന്നാൽ അപ്പുറത്തുള്ള താരം അതു ചെയ്തത് തമാശയായിരുന്നു. എന്റെ മകനായിരുന്നു അങ്ങിനെ ചെയ്തതെങ്കിൽ രണ്ടാഴ്ച ബ്രഡും വെള്ളവും മാത്രമേ ഞാൻ അവനു നൽകുമായിരുന്നുള്ളു. എന്റെ കളിക്കാർ അങ്ങിനെ ചെയ്യാൻ ഞാനൊരിക്കലും അനുവദിക്കില്ല.” സോൾഷയർ തുറന്നടിച്ചു.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഒരു ഗോളിനു മുന്നിലെത്തിയ ശേഷമാണ് കനത്ത തോൽവി യുണൈറ്റഡ് ഏറ്റു വാങ്ങിയത്. എന്നാൽ തോൽവിയിൽ ടീമിന്റെ പ്രതിരോധ നിരയാണ് ഏറ്റവും വലിയ കുറ്റവാളികളെന്ന് മത്സരം കണ്ടവർക്കു വ്യക്തമാകും. അത്രയും മോശം പ്രകടനമാണ് മാഗ്വയർ അടക്കമുള്ള താരങ്ങൾ കാഴ്ച വെച്ചത്.