ലാംപാർഡ് കല്യാണത്തിന് വിടാത്തതിന്റെ അരിശം, ജനുവരിയിൽ തന്നെ ചെൽസി വിടാനൊരുങ്ങി എൻഗോളൊ കാന്റെ

ചെൽസിയുടെ മധ്യനിരയിലെ മികച്ച താരങ്ങളിലൊരാളാണ് ഫ്രഞ്ച് താരമായ എൻഗോളൊ കാന്റെ. പുതിയ പരിശീലകനായ ഫ്രാങ്ക് ലാംപാർഡുമായി അത്ര സുഖത്തിലല്ല താരമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു കല്യാണവുമായി ബന്ധപ്പെട്ട് ലമ്പാർഡുമായി ഉടക്കിയിരിക്കുകയാണ് കാന്റെയെന്നാണ് ഫ്രഞ്ച് മാധ്യമമായ ലെ പാരിസിയൻ റിപ്പോർട്ട്‌ ചെയ്യുന്നത്.

ഇതിനെ തുടർന്ന് ജനുവരിയിൽ തന്നെ ക്ലബ്ബ് വിടാനുള്ള നീക്കത്തിലാണ് കാന്റെ. ഇന്റർനാഷണൽ ബ്രേക്കിനു മുൻപ് ഒരു സുഹൃത്തിന്റെ കല്യാണത്തിനായി ട്രെയിനിങ് ഒഴിവാക്കാനുള്ള അനുമതി ലാംപാർഡ് നിഷേധിച്ചതാണ് കാന്റെയെ അസ്വസ്ഥനാക്കിയത്. ഒപ്പം താരത്തിന് റയൽ മാഡ്രിഡിലേക്ക് കൂടുമാറാൻ താത്പര്യമുണ്ടെന്നും ഇതേ മാധ്യമം തന്നെ റിപ്പോർട്ട്‌ ചെയ്യുന്നു.

അദ്ദേഹത്തിന്റെ പ്രതിനിധികൾ അടുത്ത പന്ത്രണ്ടു മാസത്തിനുള്ളിൽ തന്നെ ക്ലബ്ബ് വിടാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചെൽസിയിൽ 3 വർഷം കൂടി കാന്റെക്ക് കരാറുണ്ടെങ്കിലും ഒരു പക്ഷെ ഈ ജനുവരിയിൽ തന്നെ ക്ലബ്ബ് വിടാനാണ് സാധ്യത കാണുന്നത്. റയൽ മാഡ്രിഡ്‌ ഇതുവരെ താരത്തിൽ താത്പര്യം പ്രകടിപ്പിച്ചിട്ടില്ലെങ്കിലും ഇറ്റാലിയൻ വമ്പന്മാരായ കോണ്ടേയുടെ ഇന്റർമിലാൻ ട്രാൻസ്ഫർ ജാലകത്തിൽ കാന്റെക്കായി ശ്രമിച്ചിരുന്നു.

എന്നാൽ താരം ചെൽസിയിൽ തന്നെ തുടരുകയായിരുന്നു. എങ്കിലും പരിശീലകൻ ലാംപാർഡുമായുള്ള പുതിയ സംഭവം കാന്റെയെ മാറ്റി ചിന്തിപ്പിച്ചിരിക്കുകയാണ്. 2016ലാണ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലൈസസ്റ്റർ സിറ്റിയിൽ നിന്നും താരത്തെ ചെൽസി സ്വന്തമാക്കുന്നത്. അതിനു ശേഷം പ്രീമിയർ ലീഗ്, എഫ്എ കപ്പ്‌ കൂടാതെ യൂറോപ്പ ലീഗ് കിരീടംനേട്ടത്തിലും ചെൽസിയുടെ അവിഭാജ്യ ഘടകമാവാൻ കാന്റെക്കു സാധിച്ചിരുന്നു. നിലവിൽ നേഷൻസ് ലീഗിൽ ക്രൊയേഷ്യക്കെതിരായ മത്സരത്തിനായുള്ള തയ്യാറെടുപ്പിലാണ് കാന്റെ.

Rate this post
ChelseaEngolo KanteReal Madrid