മുണ്ടോ ഡിപ്പോർട്ടീവോ റിപ്പോർട്ട് ചെയ്തത് പ്രകാരം ബാഴ്‌സയുടെ പുതിയ പ്രസിഡന്റായ ജോൻ ലപ്പോർട്ടയുടെ ആദ്യ ലക്ഷ്യം ടീമിന്റെ യുവ സൂപ്പർ താരമായ ഇലായ്ക്സ്സ് മോറിബയുടെ കരാർ പുതുക്കുന്നതായിരിക്കും. റിപ്പോർട്ട് സൂചിപ്പിക്കുന്നത് ലപ്പോർട്ടയുടെ ഭാവി പദ്ധതികളിലെ പ്രധാന താരമാണ് മോറിബ, അതുകൊണ്ട് തന്നെ ലപ്പോർട്ട എത്രയും പെട്ടെന്ന് മോറിബയുടെ കരാർ പുതുക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചേക്കും.
തനിയെ ആദ്യ സീസണിൽ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ച മോറിബയുടെ നിലവിലെ കരാർ 2022ൽ അവസാനിക്കും. ടീം വൃത്തങ്ങൾ സൂചിപ്പിക്കുന്നത് ഇനിയുള്ള കളികളിൽ താരം ബാഴ്‌സയുടെ സ്ഥിര സാന്നിധ്യമായിരിക്കും. 18കാരനായ താരത്തിന്റെ വിടുതൽ തുക 100 മില്യൺ യൂറോയായി ബാഴ്‌സ ഉയർത്തിയേക്കും. ഏതൊരു യുവ താരത്തിനും ചിന്തിക്കാൻ തന്നെ കഴിയാത്ത തുകയാണിത്. യൂറോപ്പിലെ മുൻ നിര ക്ലബ്ബുകളിൽ നിന്നും താരത്തെ മാറ്റി നിർത്തുവാനാണ് ബാഴ്‌സ അധികൃതർ താരത്തിന്റെ വിടുതൽ തുക ഇത്രയും ഇയർത്തിയിരിക്കുന്നത്. മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി എന്നീ ടീമുകൾ ഈ യുവ താരത്തെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു.
താരത്തിന് 18 വയസ്സായിട്ടുള്ളുവെങ്കിലും മികച്ച പ്രകടനമാണ് മോറിബ കളത്തിൽ കാഴ്ചവെക്കുന്നത്. ബാഴ്‌സയുടെ അണ്ടർ 19 ടീമിലെ സ്ഥിര സാന്നിധ്യമായിരുന്ന താരം ഇപ്പോൾ ആദ്യ ഇലവെനിൽ തന്റേതായ സ്ഥാനം കണ്ടെത്തികഴിഞ്ഞു. മധ്യനിരയിലെ ബുദ്ധിജീവിയായ താരത്തിൽ കൂമാൻ അർപ്പിച്ച വിശ്വാസം തന്നെ താരത്തിന്റെ നിലവാരം സൂചിപ്പിക്കുന്നു.
താരത്തിന്റെ കഴിവിൽ വിശ്വാസമർപ്പിച്ച ലപ്പോർട്ടയ്ക്ക് മോറിബയുടെ കരാർ മാത്രമല്ല മെസ്സി, ഡെമ്പെലെ, ഓസ്കാർ മിൻഗുവേസ്സ എന്നീ കളിക്കാരുടെ കരാറുകളിലും ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ബാഴ്‌സയുടെ സാമ്പത്തിക സ്ഥിതി കടുത്ത പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ടീമിനെ അതിന്റെ പ്രതാപ കാലത്തേക്ക് തിരിച്ചെത്തിക്കുവാൻ ലപ്പോർട്ടയ്ക്ക് സാധിക്കുമോ ഇല്ലയോ എന്ന് കാത്തിരുന്ന് കാണാം.