കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഒന്നാം ചോയ്‌സ് ഗോൾ കീപ്പറായ പ്രഭ്സുഖാൻ സിങ് ഗിൽ ബ്ലാസ്റ്റേഴ്‌സ് വിടുന്നുവെന്ന വാർത്തകൾ വീണ്ടും സജീവമാകുകയാണ്. താരത്തെ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിന് കൈമാറാൻ ശ്രമിക്കുന്നതായും ഈ നീക്കങ്ങൾ ഏതാണ്ട് പൂർത്തിയായി എന്ന റിപ്പോർട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നത്. എന്നാൽ ഗിൽ പോകുമ്പോൾ മറ്റൊരു ഗോൾ കീപ്പറെ കൂടി ടീമിലെത്തിക്കാനുള്ള നീക്കത്തിലാണ് ബ്ലാസ്റ്റേഴ്‌സ്. നിലവിൽ ബെംഗളൂരു എഫ്സി താരമായ ലാറ ശർമയെ ടീമിലെത്തിക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നത്.
23 കാരനായ ലാറ ശർമ്മ 2020 മുതൽ ബെംഗളുരുവിന്റെ താരമാണ്. ഇതുവരെ ആകെ 5 മത്സരമാണ് ലാറ ബെംഗളൂരുവിന് വേണ്ടി കളിച്ചത്.നേരത്തെ ഇന്ത്യൻ ആരോസിന് വേണ്ടിയും എടികെ റിസേർവ് ടീമിന് വേണ്ടിയും ഈ 23 കാരൻ കളിച്ചിട്ടുണ്ട്. ടാറ്റ ഫുട്ബോൾ അക്കാദമിയുടെ പ്രോഡക്റ്റാണ് ഈ ബംഗാളുകാരൻ. ലാറയെ സ്വന്തമാക്കാൻ കേരളാ ബ്ലാസ്റ്റേഴ്സിന് പുറമെ എഫ്സി ഗോവയും രംഗത്തുണ്ട്.
അതെ സമയം, കഴിഞ്ഞ രണ്ട് വർഷമായി കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഗോൾ വല കാത്തത് ഗില്ലാണ്. 2020 ൽ ബെംഗളൂരു എഫ്സിയിൽ നിന്നാണ് താരം ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. ആദ്യം ടീമിന്റെ സെക്കന്റ് ചോയിസ് ഗോൾ കീപ്പറായിരുന്നു ഗിൽ. എന്നാൽ 2021- 22 സീസണിൽ ടീമിന്റെ ഫസ്റ്റ് ചോയ്‌സ് ഗോൾ കീപ്പറായ ആൽബിനോ ഗോമസിന് പരിക്കേറ്റതോടെയാണ് താരത്തിന് അവസരം ലഭിക്കുന്നത്. ആ സീസണിൽ ലീഗിലെ ഗോൾഡൻ ഗ്ലൗ പുരസ്‌കാരം നേടാനും ഗില്ലിനും സാധിച്ചു.
💣🥇Lara Sharma is on radar of Kerala Blasters, FC Goa are also interested in him 🇮🇳 @SoorajSaji11 pic.twitter.com/4XQb2lUs4d
— KBFC XTRA (@kbfcxtra) June 30, 2023
എന്നാൽ കഴിഞ്ഞ സീസണിൽ ആ മികവ് പുലർത്താൻ ഗില്ലിന് സാധിച്ചില്ല. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനായി 19 മത്സരങ്ങൾ കളിച്ച ഗിൽ 28 ഗോളുകളാണ് വഴങ്ങിയത്. കൂടാതെ പെനാൽറ്റി ഷോട്ടുകൾ തടയാൻ താരത്തിന്റെ വേണ്ടത്ര കഴിവില്ല എന്ന അഭിപ്രായവും ചില ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കുണ്ട്. അതെ സമയം ഇന്ത്യൻ ആരോസിന് വേണ്ടി കളിച്ച ഗിൽ അവിടെ 33 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.