ബാഴ്സക്കുമില്ല റയലിനുമില്ല, ലൗറ്ററോയുടെ കാര്യം തീരുമാനമായിട്ടുണ്ടെന്ന് ഏജന്റ് !

ഏറെ കാലമായി ക്ലബ്ബിൽ എത്തിക്കാൻ വേണ്ടി എഫ്സി ബാഴ്സലോണ കിണഞ്ഞു പരിശ്രമിക്കുന്ന താരമാണ് ലൗറ്ററോ മാർട്ടിനെസ്. താരത്തെ ബാഴ്സയിൽ എത്തിക്കുന്നതിന്റെ തൊട്ടടുത്ത് വരെ എത്തിയിരുന്നുവെങ്കിലും പിന്നീട് വന്ന കോവിഡ് പ്രതിസന്ധിയും അതിനെ തുടർന്നുണ്ടായ സാമ്പത്തികപ്രതിസന്ധിയും ബാഴ്‌സയെ പിന്നോട്ടടിപ്പിക്കുകയായിരുന്നു. എന്നിരുന്നാലും ബാഴ്‌സ ശ്രമങ്ങൾ ഉപേക്ഷിക്കാൻ തയ്യാറാരായിരുന്നില്ല.

അതിനിടക്കാണ് റയൽ മാഡ്രിഡിന്റെ പേര് കഴിഞ്ഞ ദിവസം കയറി വന്നത്. താരത്തെ ഇന്റർമിലാനിൽ നിന്ന് റാഞ്ചാൻ റയൽ തയ്യാറായതായും നൂറ് മില്യൺ വരെ ചിലവഴിക്കാൻ റയൽ ഒരുക്കമാണ് എന്നുമായിരുന്നു വാർത്തകൾ. എന്നാൽ എല്ലാ വിധ കിംവദന്തികൾക്കുമിപ്പോൾ അവസാനമായിട്ടുണ്ട്. താരം റയലിലേക്കും ബാഴ്‌സയിലേക്കും ഇല്ലെന്നും ലൗറ്ററോ ഇന്ററിൽ തന്നെ തുടരുമെന്നാണ് അദ്ദേഹത്തിന്റെ ഏജന്റ് പ്രസ്താവിച്ചത്.

കഴിഞ്ഞ ദിവസം സ്കൈ സ്പോർട്സിനോടാണ് ലൗറ്ററോയുടെ ഏജന്റ് ആയ ബെറ്റോ യാക്യൂ ഇക്കാര്യം തുറന്നുപറഞ്ഞത്. ” യഥാർത്ഥത്തിൽ റയൽ മാഡ്രിഡുമായി ഒന്നുമില്ല. ഞങ്ങൾ റയൽ മാഡ്രിഡുമായി ബന്ധപ്പെട്ടോ അതല്ലെങ്കിൽ ബാഴ്‌സയുമായി ബന്ധപ്പെട്ടോ ഒന്നും സംസാരിച്ചിട്ടില്ല. അദ്ദേഹം ഇന്ററിൽ തുടരുമെന്നാണോ നിങ്ങൾ ചോദിക്കുന്നത്? തീർച്ചയായും അദ്ദേഹം ഇന്റർ മിലാനിൽ തന്നെ തുടരും ” അദ്ദേഹം സ്കൈ സ്പോർട്സിനോട് പറഞ്ഞു. ഇതോടെ ബാഴ്സയുടെ നീണ്ടകാലത്തെ ശ്രമമാണ് ഫലം കാണാനാവാതെ പോവുന്നത്.

അർജന്റൈൻ താരമായ ലൗറ്ററോ 2018 ജൂലൈയിൽ റേസിംഗ്‌ ക്ലബ്ബിൽ നിന്നാണ് ഇന്റർമിലാനിൽ എത്തുന്നത്. 22.7 മില്യൺ യുറോക്കായിരുന്നു താരം ഇന്ററിൽ എത്തിയത്. അഞ്ച് വർഷത്തെ കരാറിലാണ് താരം ഇന്ററുമായി ഒപ്പുവെച്ചത്. 2023 ജൂൺ വരെ താരത്തിന് ഇന്ററുമായി കരാർ ഉണ്ട്. കഴിഞ്ഞ സീസണിൽ 49 മത്സരങ്ങളിൽ നിന്ന് 21 ഗോളുകൾ ലൗറ്ററോ ഇന്ററിന് വേണ്ടി നേടിയിരുന്നു.

Rate this post
Fc BarcelonaLautaro MartinezReal Madrid