ഖത്തർ ലോകകപ്പിൽ ഫോം നഷ്‌ടമായതിനെ തുടർന്ന് ആഗ്രഹിച്ച രീതിയിലുള്ള പ്രകടനം നടത്താൻ അർജന്റീന താരം ലൗടാരോ മാർട്ടിനസിനു കഴിഞ്ഞിരുന്നില്ല. ടൂർണമെന്റിൽ ഒരു ഗോൾ പോലും നേടാൻ കഴിയാതിരുന്ന താരത്തിനു പകരം ഹൂലിയൻ അൽവാരസാണ് ഒട്ടുമിക്ക മത്സരങ്ങളിലും ആദ്യ ഇലവനിൽ ഇറങ്ങിയത്. എന്നാൽ ലോകകപ്പ് കഴിഞ്ഞ് തിരിച്ചെത്തിയതിനു ശേഷം ക്ലബിനായി തകർപ്പൻ ഫോമിലാണ് അർജന്റീന താരം.
കഴിഞ്ഞ ദിവസം ഇന്റർ മിലാനും യുഡിനസും തമ്മിൽ നടന്ന മത്സരത്തിൽ ആദ്യ ഇലവനിൽ ഇറങ്ങിയില്ലെങ്കിലും പകരക്കാരനായിറങ്ങി ടീമിന്റെ വിജയമുറപ്പിച്ച ഗോൾ നേടാൻ ലൗടാരോക്ക് കഴിഞ്ഞിരുന്നു. ലോകകപ്പിന് ശേഷം ഇന്റർ മിലാനു വേണ്ടി താരം നേടുന്ന എട്ടാമത്തെ ഗോളാണ് ഇന്നലെ പിറന്നത്. മികച്ച പ്രകടനം നടത്തുന്ന താരത്തെ പ്രശംസിച്ച് കഴിഞ്ഞ ദിവസം മുൻ ഇൻറർ താരം ഗിയൂസേപ്പേ ബെർഗോമി രംഗത്തെത്തി.
“മൈതാനത്ത് എല്ലാം നൽകുന്ന താരമാണ് ലൗടാരോ, ആരാധകരും ആഗ്രഹിക്കുന്നത് അതു തന്നെയാണ്. വളരെ ആത്മാർഥത കാണിക്കുന്ന താരമാണ് ലൗടാരോ. സാങ്കേതികമായും വൈകാരികമായും ടീമിന്റെ നേതൃത്വത്തിൽ നിൽക്കാൻ താരത്തിന് കഴിയുന്നു. താരത്തിന് വളരെ പക്വത വന്നിരിക്കുന്നു. അധികം ചിരിക്കില്ലെങ്കിലും വളരെ പോസിറ്റിവായ മനോഭാവം ടീമിന് നൽകാൻ താരത്തിന് കഴിയുന്നുണ്ട്.”
“ആളുകളെ ആകർഷിക്കുന്നതാണ് ഒരു ലീഡറെന്ന നിലയിൽ വേണ്ട പ്രധാന ഗുണം, ലൗടാരോക്ക് അതുണ്ട്. കളിക്കളത്തിൽ താരം അത് കാണിക്കുന്നു, ട്രാക്ക് ബാക്ക് ചെയ്യണമെങ്കിൽ ലൗടാരോ അത് ചെയ്യും. ലുകാകുവും സീക്കോയും ഒപ്പം കളിക്കുമ്പോൾ എങ്ങിനെയാണ് മാറേണ്ടതെന്ന് താരത്തിന് നന്നായി അറിയാം. അർജന്റീനക്കൊപ്പം കിരീടം നേടിയതിനു ശേഷമാണോ താരം ഇങ്ങിനെയായത് എന്നറിയില്ല.” ബെർഗോമി പറഞ്ഞു.
Former Inter Milan Captain Giuseppe Bergomi: “Lautaro Martinez Has Become Nerazzurri’s Leader” https://t.co/bZ0fWvjRAp #IMInter #Nerazzurri #FCIM pic.twitter.com/p4A15HVEag
— SempreInter.com (@SempreIntercom) February 18, 2023
ലോകകപ്പിൽ തിളങ്ങാൻ കഴിഞ്ഞില്ലെങ്കിലും സ്‌കലോണിയുടെ അർജന്റീനയിൽ മെസി കഴിഞ്ഞാൽ ഏറ്റവുമധികം ഗോളുകൾ നേടിയ താരമായ ലൗടാരോ മാർട്ടിനസിന്റെ പ്രതിഭയിൽ ആർക്കും സംശയമുണ്ടാകില്ല. ഇന്ററിനായി നടത്തുന്ന മികച്ച പ്രകടനത്തോടെ അതൊന്നു കൂടി തെളിയിക്കാൻ താരത്തിന് കഴിഞ്ഞു. ചാമ്പ്യൻസ് ലീഗ് അടക്കമുള്ള ടൂർണമെന്റുകളിൽ ഇന്ററിന്റെ പ്രതീക്ഷയും ലൗറ്റാരോയുടെ ഫോം തന്നെയാണ്.