ഇന്റർമിലാന്റെ അർജന്റൈൻ സ്ട്രൈക്കെർ ലൗറ്ററോ മാർട്ടിനെസിനെയായിരുന്നു ഈ സമ്മർ ട്രാൻസ്ഫറിൽ എഫ്സി ബാഴ്സലോണ ഏറ്റവും കൂടുതൽ ലക്ഷ്യം വെച്ചിരുന്നത്. കോവിഡ് പ്രശ്നത്തിന് മുന്നേ തന്നെ ഇന്ററുമായി ഇക്കാര്യം ബാഴ്സ ചർച്ച ചെയ്തിരുന്നു. ബാഴ്സ ഈ ട്രാൻസ്ഫറിന്റെ തൊട്ടടുത്തെത്തി എന്ന് വരെ പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ കൊറോണ പാന്റമിക്ക് ബാഴ്സയുടെ പദ്ധതികൾക്ക് വിലങ്ങുതടിയാവുകയായിരുന്നു. സാമ്പത്തികപരമായി ഏറെ ബുദ്ധിമുട്ട് നേരിട്ട ബാഴ്സ പതിയെ ഈ ട്രാൻസ്ഫറിൽ നിന്നും വലിയുകയായിരുന്നു. ഇന്ററുമായി സ്വാപ് ഡീലിന് വേണ്ടിയുള്ള ശ്രമങ്ങൾ ക്ലബ് നടത്തിയിരുന്നുവെങ്കിലും അതൊന്നും തന്നെ ഫലം കണ്ടില്ല.
ഇതിനാൽ തന്നെ ഈ ട്രാൻസ്ഫർ ജാലകത്തിൽ താരം ബാഴ്സയിൽ എത്താൻ സാധ്യത കുറവാണ് എന്നത് ബാഴ്സ പ്രസിഡന്റ് ബർത്തോമു ദിവസങ്ങൾക്ക് മുമ്പ് അറിയിച്ചിരുന്നു. ഇന്റർമിലാനുമായുള്ള ചർച്ചകൾ ഇപ്പോൾ നിലച്ചിരിക്കുകയാണെന്നും സ്വാപ് ഡീൽ മാത്രമാണ് നിലവിൽ താരത്തെ ക്ലബിൽ എത്തിക്കാനുള്ള വഴി എന്നും അദ്ദേഹം അറിയിച്ചിരുന്നു. എന്നാൽ താരത്തെ വിട്ടു നൽകാൻ ഉദ്ദേശമില്ലാത്ത ഇന്റർ അതിന് സമ്മതിച്ചേക്കില്ല. ഇപ്പോഴിതാ താരം ഇന്റർമിലാനിൽ വളരെയധികം സന്തോഷവാനാണ് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരത്തിന്റെ ഏജന്റ്. പുതുതായി ലാ ഫിഗുറ ഡി ലാ സാഞ്ച എന്ന മീഡിയക്ക് അനുവദിച്ച അഭിമുഖത്തിൽ ആണ് ഏജന്റ് ആയ ബെറ്റോ യാക്കൂ ഇക്കാര്യം അറിയിച്ചത്. അദ്ദേഹത്തിന്റെ ജീവിതത്തിൽ നടക്കുന്നതിനേക്കാളേറെ ട്രാൻസ്ഫർ കാര്യങ്ങൾ വാർത്തകൾ മാധ്യമങ്ങളിലാണ് നടക്കുന്നതെന്നും അദ്ദേഹം പരിഹാസരൂപേണ പറഞ്ഞു.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്. ” ലൗറ്ററോയുടെ ട്രാൻസ്ഫർ കാര്യങ്ങൾ അദ്ദേഹത്തിന്റെ ജീവിതത്തിൽ സംഭവിക്കുന്നതിനേക്കാളേറെ മാധ്യമങ്ങളിലാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ലൗറ്ററോക്ക് ഇനിയും മൂന്നു വർഷം കരാറുണ്ട്. അദ്ദേഹവും ഇന്റർ മിലാനും ഇവിടെ വളരെയധികം സന്തോഷത്തിലാണ്. അദ്ദേഹത്തിന് നല്ലൊരു സീസണാണ് കഴിഞ്ഞു പോയത്. നിലവിൽ യൂറോപ്പ ലീഗിൽ ആണ് താരത്തിന്റെ ശ്രദ്ധ. ഇന്റർമിലാന് ഒരുപാട് മുന്നേറാൻ കഴിയുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. എനിക്കൊരിക്കലും അദ്ദേഹത്തിന് ഉപദേശം നൽകേണ്ട ആവിശ്യം വന്നിട്ടില്ല. അദ്ദേഹം എപ്പോഴും പക്വതയാർന്ന, സമ്പൂർണനായ ഒരു താരമാണ് ” അദ്ദേഹം പറഞ്ഞു.
ഇരുപത്തിരണ്ടുകാരനായ താരത്തിന് 111 മില്യൺ യുറോ ആയിരുന്നു ഇന്റർ ആവിശ്യപ്പെട്ടിരുന്നത്. ഈ റിലീസ് ക്ലോസിന്റെ കാലാവധിയും അവസാനിച്ചിരുന്നു. ഈ സീസണിൽ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. സിരി എ യിൽ പതിനാലു ഗോളുകൾ നേടിയ താരം ആകെ പത്തൊൻപത് ഗോളുകൾ കണ്ടെത്തി. ഏതായാലും താരം ഇന്ററിൽ സന്തുഷ്ടനാണ് എന്നുള്ളത് ബാഴ്സക്ക് അത്ര ശുഭകരമായ വാർത്ത ആയിരിക്കില്ല.