പതിനാറ് വർഷത്തെ ഇടവേളക്ക് ശേഷമാണ് ലീഡ്സ് യുണൈറ്റഡ് പ്രീമിയർ ലീഗിലേക്ക് വീണ്ടും യോഗ്യത നേടിയത്. നീണ്ട ഇടവേളക്ക് ശേഷം പ്രീമിയർ ലീഗിൽ ഇടംനേടിയത് ലീഡ്സ് ഫാൻസ് വളരെ വലിയ തോതിൽ ആഘോഷമാക്കിയിരുന്നു. അർജന്റൈൻ പരിശീലകൻ മാഴ്‌സെലോ ബിയൽസയാണ് ലീഡ്‌സിനെ തിരികെ പ്രീമിയർ ലീഗിൽ തിരിച്ചെത്തിക്കാൻ പ്രധാനകാരണക്കാരൻ. അതിനാൽ തന്നെ ഒരുപിടി മികച്ച താരങ്ങളെ എത്തിച്ചു കൊണ്ട് തിരിച്ചു വരവ് ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് ലീഡ്സ്.
ഇതിന്റെ തുടക്കമെന്നോണം ക്ലബ് ചരിത്രത്തിലെ റെക്കോർഡ് തുക നൽകി കൊണ്ട് സ്പാനിഷ് താരത്തെ ലീഡ്സ് ടീമിൽ എത്തിച്ചു കഴിഞ്ഞു. വലൻസിയയുടെ സ്പാനിഷ് സ്ട്രൈക്കെർ റോഡ്രിഗോ മൊറീനോയെയാണ് ലീഡ്സ് ക്ലബിൽ എത്തിച്ചത്. ഇരുപത്തിയൊമ്പതുകാരനായ റോഡ്രിഗോയെ മുപ്പത് മില്യൺ യുറോ നൽകിയാണ് ലീഡ്സ് ടീമിൽ എത്തിച്ചത്. ഈ സീസണിൽ പരിക്ക് മൂലം ഒരല്പം ഫോം മങ്ങിയ താരമായിരുന്നു ഇദ്ദേഹം. ആകെ മുപ്പത്തിനാലു മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകൾ ആയിരുന്നു താരത്തിന് നേടാൻ കഴിഞ്ഞിരുന്നത്. മുമ്പ് പ്രീമിയർ ലീഗ് ക്ലബായ ബോൾട്ടൻ വാണ്ടറെഴ്സ്, ബെൻഫിക്ക എന്നീ ക്ലബുകൾക്ക് വേണ്ടി ഇദ്ദേഹം കളിച്ചിട്ടുണ്ട്.
ബെൻഫിക്കക്ക് ഒപ്പം 2013-2014 സീസണിൽ കിരീടങ്ങൾ വാരികൂട്ടാൻ സാധിച്ചിട്ടുണ്ട്. കൂടാതെ രണ്ട് തവണ യൂറോപ്പ ലീഗിന്റെ ഫൈനലിലുമെത്തി. തുടർന്ന് 2014-ൽ താരം വലൻസിയയിൽ എത്തുകയായിരുന്നു. 2018/19 കോപ ഡെൽ റേയിൽ ഏഴ് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകൾ താരം നേടിയിരുന്നു. ബാഴ്സയെ പരാജയപ്പെടുത്തി കൊണ്ട് അന്ന് കിരീടം ഉയർത്തുകയും ചെയ്തിരുന്നു. മുമ്പ് പ്രീമിയർ ലീഗിൽ 17 മത്സരങ്ങൾ ബോൾട്ടന് വേണ്ടി കളിച്ചപ്പോൾ ഒരു തവണ മാത്രമാണ് ഗോൾ നേടാൻ കഴിഞ്ഞത്. 2004- ന് ശേഷം ഇതാദ്യമായാണ് ലീഡ്സ് പ്രീമിയർ ലീഗ് കളിക്കാൻ ഇറങ്ങുന്നത്. എന്നാൽ സീസണിലെ ആദ്യമത്സരം നിലവിലെ ചാമ്പ്യൻമാരായ ലിവർപൂളിനെതിരെയാണ്. സെപ്റ്റംബർ പന്ത്രണ്ടിനാണ് മത്സരം.