യൂറോപ്പ്യൻ ഫുട്ബോൾ സീസൺ ആരംഭിച്ചപ്പോൾ വമ്പൻ വിജയത്തോടെ വമ്പന്മാർ വിജയിച്ചു കയറുമ്പോൾ ജർമൻ സൂപ്പർ കപ്പിൽ അപ്രതീക്ഷിത തോൽവി നേരിട്ടിരിക്കുകയാണ് ബയേൺ മ്യൂനിച്. ബയേൺ മ്യൂനിച്ചിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ലീപ്സിഗ് പരാജയപ്പെടുത്തിയത്. സൂപ്പർസ്ട്രൈക്കർ ഹാരി കെയ്നിന്റെ അരങ്ങേറ്റ മത്സരം തോൽവിയോടെ അവസാനിക്കുകയും ചെയ്തു.നാല് വർഷത്തെ കരാറിൽ ജർമൻ ക്ലബ്ബിൽ ഒപ്പുവെച്ച കെയ്ൻ രണ്ടാം പകുതിയിൽ പകരക്കാരനായി കളിച്ചു.
3 മിനിറ്റിൽ ബയേണിന്റെ വലകുലുക്കി സ്കോറിങ് ആരംഭിച്ച ലീപ്സിഗ് താരം ഓൽമോ ആദ്യപകുതി അവസാനിക്കുന്നതിനു മുൻപ് 44 മിനിറ്റിൽ രണ്ടാമത്തെ ഗോളും നേടി ലീഡ് ഉയർത്തി. രണ്ടാം പകുതിയുടെ 68 മിനിറ്റിൽ ലഭിച്ച പെനാൽറ്റികിക്ക് ഗോളാക്കി മാറ്റി ഓൾമോ ബയേൺ മ്യൂനിച്ചിനെതിരെ മത്സരത്തിലെ ഹാട്രിക് ഗോളുകൾ നേടി.വെർഡർ ബ്രെമനെതിരെ വെള്ളിയാഴ്ച ബുണ്ടസ്ലിഗ സീസൺ ആരംഭിക്കുന്ന ബയേൺ മ്യൂണിക്കിന് ഈ തോൽവി തിരിച്ചടിയാണ്.
നിലവിലെ ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായ പാരീസ് സെന്റ് ജർമയിനും തങ്ങളുടെ ഹോം സ്റ്റേഡിയത്തിൽ വച്ച് അപ്രതീക്ഷിതമായ സമനില നേരിടേണ്ടിവന്നു. കിലിയൻ എംബാപ്പെ, നെയ്മർ ജൂനിയർ തുടങ്ങിയ സൂപ്പർ താരങ്ങളെ ടീമിൽ ഉൾപ്പെടുത്താതെ ഹോം സ്റ്റേഡിയത്തിൽ കളി ആരംഭിച്ച പി എസ് ജി എഫ്സി ലോറിയന്റിനോടാണ് ഗോൾരഹിത സമനിലയിൽ കുടുങ്ങിയത്.
സ്പാനിഷ് ലാലിഗയിൽ നടന്ന മത്സരത്തിൽ അതിലറ്റിക് ക്ലബ്ബിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് അവരുടെ സ്റ്റേഡിയത്തിൽ പോയി പരാജയപ്പെടുത്തി റയൽ മാഡ്രിഡ് വിജയത്തോടെ ലീഗ് ആരംഭിച്ചു. റയൽ മാഡ്രിഡിന് വേണ്ടി ആദ്യപകുതിയിൽ 28 മിനിറ്റിൽ ബ്രസീലിയൻ താരം റോഡ്രിഗോയും 36 മിനിറ്റിൽ ജൂഡ് ബെലിങ്ഹാം എന്നിവരാണ് ഗോളുകൾ നേടിയത്. മത്സരത്തിനിടെ റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ താരം എഡർ മിലിറ്റാവോ പരിക്കുപറ്റി പുറത്തുപോയത് ആരാധകർക്ക് ആശങ്കയുണ്ടാക്കി.