ലിയോ ഈസ് ബാക്ക്..! പിഎസ്ജി ഇന്ന് കരുത്തർക്കെതിരെ |Lionel Messi

പരിക്ക് മൂലം കഴിഞ്ഞ രണ്ടു മത്സരങ്ങൾ പിഎസ്ജിക്ക് വേണ്ടി കളിക്കാൻ ലയണൽ മെസ്സിക്ക് സാധിച്ചിരുന്നില്ല.റെയിംസ്,ബെൻഫിക്ക എന്നിവർക്കെതിരെയുള്ള മത്സരങ്ങളിലായിരുന്നു മെസ്സിയുടെ അഭാവം പിഎസ്ജിക്ക് നേരിടേണ്ടി വന്നിരുന്നത്. ഈ രണ്ട് മത്സരങ്ങളിലും സമനിലയായിരുന്നു ഫലം.

ഇപ്പോൾ ലയണൽ മെസ്സി തിരിച്ചെത്തിയിട്ടുണ്ട്.ഇന്നലെ പ്രഖ്യാപിച്ച പിഎസ്ജിയുടെ സ്‌ക്വാഡിൽ മെസ്സി ഇടം നേടിയിട്ടുണ്ട്.ഇന്നത്തെ മത്സരത്തിൽ മെസ്സി ആദ്യ ഇലവനിൽ ഉണ്ടാവുമെന്ന് തന്നെയാണ് പ്രതീക്ഷകൾ.പിഎസ്ജിയുടെ ചിരവൈരികളായ ഒളിമ്പിക് മാഴ്സെയെയാണ് ഇന്ന് അവർക്ക് നേരിടേണ്ടി വരുന്നത്.

പിഎസ്ജിയുടെ വേദിയായ പാർക്ക് ഡെസ് പ്രിൻസസിൽ വെച്ച് തന്നെയാണ് ഈ മത്സരം നടക്കുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:15നാണ് മത്സരത്തിന് കിക്കോഫ് മുഴങ്ങുക. ലയണൽ മെസ്സിയുടെ തിരിച്ചുവരവ് തങ്ങൾക്ക് ഏറെ ഗുണകരമാകുമെന്നാണ് ക്ലബ്ബ് പ്രതീക്ഷിക്കുന്നത്.

മാത്രമല്ല പിഎസ്ജിയുടെ അറ്റാക്കിങ് നിരയിലെ മെസ്സിയുടെ സഹതാരങ്ങളായ നെയ്മർ ജൂനിയർ,കിലിയൻ എംബപ്പേ എന്നിവർക്കും മെസ്സിയുടെ സാന്നിധ്യം വളരെയധികം ഗുണകരമാവും. കളത്തിന് പുറത്ത് ഒരുപാട് വിവാദങ്ങൾ ഇപ്പോൾ തന്നെ പിഎസ്ജിയെ അലട്ടുന്നുണ്ടെങ്കിലും മികച്ച ഒരു വിജയം നേടി കൊണ്ട് അതിനെ മറികടക്കാനാണ് ക്ലബ്ബ് ശ്രമിക്കുക. എന്നാൽ ഇന്നത്തെ മത്സരത്തിൽ പരാജയപ്പെട്ടാൽ അത് ലീഗ് വണ്ണിലെ ഒന്നാം സ്ഥാനത്തെ ബാധിക്കാനും സാധ്യതയുണ്ട്.

ഏതായാലും ഇന്നത്തെ മത്സരത്തിനുള്ള പിഎസ്ജിയുടെ സാധ്യത ഇലവനെ താഴെ നൽകുന്നു.Donnarumma; Pereira, Marquinhos, Mukiele; Bernat, Verratti, Vitinha, Hakimi; Messi, Neymar; Mbappe എന്നീ താരങ്ങളായിരിക്കും ക്ലബ്ബിന് വേണ്ടി ആദ്യ ഇലവനിൽ ഇടം കണ്ടെത്തുക.

ഈ ലീഗിൽ മിന്നുന്ന പ്രകടനമാണ് ഇതുവരെ മെസ്സി പുറത്തെടുത്തിട്ടുള്ളത്. ആകെ 9 മത്സരങ്ങൾ കളിച്ച മെസ്സി 5 ഗോളുകളും 7 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.ഈയൊരു മികവ് തുടരാൻ ഉറച്ചാവും മെസ്സി ഇന്ന് കളിക്കളത്തിലേക്ക് ഇറങ്ങുക.

Rate this post