ലയണൽ മെസ്സിയെ എഫ്സി ബാഴ്സലോണ തങ്ങളുടെ ക്ലബ്ബിലേക്ക് തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്.എത്രയും വേഗത്തിൽ ഇതുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കാനും മെസ്സിക്ക് ഒരു ഓഫർ നൽകിക്കൊണ്ട് കോൺട്രാക്ടിൽ എത്താനുമാണ് ബാഴ്സ ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.ലയണൽ മെസ്സിക്ക് തന്നെയാണ് ഇപ്പോൾ ബാഴ്സ ഏറ്റവും കൂടുതൽ പ്രയോരിറ്റി നൽകുന്നത്.
കഴിഞ്ഞ ഫ്രഞ്ച് ലീഗ് മത്സരത്തിൽ മെസ്സി പിഎസ്ജിക്ക് വേണ്ടി കളിച്ചിരുന്നു.മത്സരത്തിൽ ഒരു അസിസ്റ്റ് സ്വന്തമാക്കുകയും ചെയ്തിരുന്നു.ഈ മത്സരത്തിനുശേഷം ലയണൽ മെസ്സി ബാഴ്സലോണ നഗരത്തിലേക്ക് എത്തിയിട്ടുണ്ട്.സ്പാനിഷ് പത്രപ്രവർത്തകനായ ജെറാർഡ് റൊമേറോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മെസ്സി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ,സുഹൃത്തുക്കൾ,അസിസ്റ്റന്റുമാർ എന്നിവർക്കൊപ്പമാണ് ബാഴ്സലോണ നഗരത്തിൽ എത്തിയിട്ടുള്ളത്.എന്നാൽ മാധ്യമങ്ങളെ കാണാൻ തയ്യാറായിട്ടില്ല.അതീവ രഹസ്യമായി കൊണ്ടാണ് മെസ്സി പുറത്തേക്ക് വന്നിട്ടുള്ളത്.സാധാരണ രീതിയിൽ ബാഴ്സലോണയിലേക്ക് വരുന്നതുപോലെയല്ല ഇത്തവണ മെസ്സി വന്നിട്ടുള്ളത് എന്നാണ് ഇദ്ദേഹം പറഞ്ഞുവെക്കുന്നത്.
സാധാരണഗതിയിൽ അവധി ആഘോഷങ്ങൾക്ക് വേണ്ടി ലയണൽ മെസ്സി ബാഴ്സലോണ നഗരത്തിൽ എത്താറുണ്ട്.പക്ഷേ ഇത്തവണ തന്റെ ഭാവിയെക്കുറിച്ച് ചർച്ച ചെയ്യാനായിരിക്കും എത്തിയിരിക്കുന്നത് എന്നാണ് നിഗമനങ്ങൾ.ബാഴ്സലോണ അധികൃതരുമായി ഒരുപക്ഷേ മെസ്സിയുടെ പരിവാരങ്ങൾ ചർച്ച നടത്തിയേക്കും.ലയണൽ മെസ്സി ബാഴ്സയിലേക്ക് തിരികെ വരാൻ വളരെയധികം ആഗ്രഹിക്കുന്നു എന്നുള്ള കാര്യം റൊമേറോ ഒരിക്കൽ കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
🚨 Leo Messi is in Barcelona with his friends, family and assistants. @gerardromero 🇦🇷
— All About Argentina 🛎🇦🇷 (@AlbicelesteTalk) April 22, 2023
മെസ്സിക്ക് നിലവിൽ ഒരുപാട് ഓഫറുകൾ ഉണ്ട്.എന്നാൽ മെസ്സി അതൊന്നും പരിഗണിച്ചിട്ടില്ല.ബാഴ്സയിലേക്ക് വരാൻ സാധിച്ചില്ലെങ്കിൽ മാത്രമായിരിക്കും മെസ്സി ഓഫറുകൾ പരിഗണിക്കുക.നിലവിൽ മെസ്സി ബാഴ്സയിലേക്ക് തിരികെ എത്തുന്നതിനോട് എല്ലാവർക്കും പൂർണ്ണ സമ്മതമാണ്.ബാഴ്സയുടെ പരിശീലകനായ സാവിയും പ്രസിഡണ്ടായ ജോയൻ ലാപോർട്ടയുമാണ് മെസ്സിയെ തിരികെ എത്തിക്കാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നവർ.