ജേഴ്‌സി ചവിട്ടിയ വിവാദം,ഒടുവിൽ പ്രതികരണവുമായി മെസ്സി |Lionel Messi

കഴിഞ്ഞ മെക്സിക്കോക്കെതിരെയുള്ള മത്സരത്തിനുശേഷം അർജന്റീനയുടെ ഡ്രസ്സിംഗ് റൂമിൽ നിന്നും പുറത്തേക്ക് വന്നിട്ടുള്ള ഒരു വീഡിയോ വലിയ ചർച്ചയായിരുന്നു. ലയണൽ മെസ്സി ബൂട്ട് അഴിച്ചു മാറ്റുന്നതിനിടെ അദ്ദേഹത്തിന്റെ നിലത്ത് വീണു കിടന്നിരുന്ന മെക്സിക്കൻ ജേഴ്സി കാലു കൊണ്ട് തട്ടി മാറ്റുന്നതായിരുന്നു വീഡിയോകളിൽ നിന്നും വ്യക്തമായിരുന്നത്. ഇത് പിന്നീട് വലിയ രൂപത്തിൽ വിവാദമാവുകയും ചെയ്തു.

എന്നാൽ ലിയോ മെസ്സിയുടെ കാൽ അബദ്ധവശാൽ ജേഴ്‌സിയിൽ തട്ടുകയായിരുന്നു എന്നുള്ളത് വ്യക്തമാണ്. പക്ഷേ ലയണൽ മെസ്സി മെക്സിക്കോ അപമാനിച്ചു എന്നുള്ള രൂപത്തിലായിരുന്നു വാർത്തകൾ പ്രചരിച്ചിരുന്നത്.എന്നാൽ മെസ്സിക്ക് പിന്തുണ അർപ്പിച്ചുകൊണ്ട് ജേഴ്സി കൈമാറിയ മെക്സിക്കൻ താരം തന്നെ രംഗത്ത് വരികയും ചെയ്തിരുന്നു.

ഇപ്പോഴിതാ ലയണൽ മെസ്സി തന്നെ ഈയൊരു വിവാദത്തിൽ തന്നെ പ്രതികരണം അറിയിച്ചിട്ടുണ്ട്. അതായത് മെക്സിക്കോയെ അപമാനിക്കുന്ന യാതൊരുവിധ പ്രവർത്തിയും തന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും അതുകൊണ്ടുതന്നെ താൻ ഈ വിഷയത്തിൽ മാപ്പ് പറയില്ല എന്നുമാണ് ലിയോ മെസ്സി വ്യക്തമാക്കിയിട്ടുള്ളത്. പോളണ്ടിനെതിരെയുള്ള മത്സരത്തിനുശേഷം പത്രമാധ്യമങ്ങളോട് സംസാരിക്കുന്ന വേളയിലാണ് മെസ്സി ഇത് പറഞ്ഞിട്ടുള്ളത്.

‘ ജഴ്സിയുമായി ബന്ധപ്പെട്ട കാര്യത്തിൽ ഇവിടെ ഒരു തെറ്റിദ്ധാരണയാണ് ഉണ്ടായിട്ടുള്ളത്.എന്നെ അറിയാവുന്നവർക്ക് അറിയുന്ന ഒരു കാര്യമാണ്, ഞാൻ ആരോടും ബഹുമാനമില്ലാതെ പെരുമാറാറില്ല എന്നുള്ളത്.ഈ വിഷയത്തിൽ എനിക്ക് മാപ്പ് പറയേണ്ട ആവശ്യമില്ല. കാരണം ഞാൻ മെക്സിക്കൻ ജനതയേയോ അവരുടെ ടീമിനെയോ അപമാനിച്ചിട്ടില്ല ‘ ലിയോ മെസ്സി പറഞ്ഞു.

ഏതായാലും ഈ വിവാദം അവിടെ അവസാനിക്കുകയാണ്. മെസ്സി മനപ്പൂർവമല്ല അത് ചെയ്തത് എന്നുള്ളത് ജേഴ്‌സി കൈമാറിയ താരം തന്നെ വ്യക്തമാക്കിയിരുന്നു. സ്വന്തം ജേഴ്സി ആണെങ്കിലും എതിർ ടീമിലെ ജേഴ്സി ആണെങ്കിലും വിയർപ്പുള്ളതായിരിക്കും എന്നും അതുകൊണ്ടുതന്നെ എല്ലാവരും ജേഴ്സികൾ ഡ്രസ്സിംഗ് റൂമിൽ നിലത്താണ് വെക്കാറുള്ളതൊന്നും ഇതൊക്കെ നിസ്സാരമായ കാര്യമാണ് എന്നുമാണ് മെക്സിക്കൻ താരമായ ഗ്വർഡാഡോ പറഞ്ഞിരുന്നത്.