അർജന്റീന-ക്രൊയേഷ്യ സെമി ഫൈനൽ റഫറിയെ തീരുമാനിച്ചു, റഫറിക്ക് കീഴിൽ മെസിയുടെ റെക്കോർഡ് മികച്ചത് |Qatar 2022

അർജന്റീനയും നെതർലാൻഡ്‌സും തമ്മിൽ നടന്ന ലോകകപ്പ് ക്വാർട്ടർ ഫൈനൽ പോരാട്ടം ഏറെ വിവാദങ്ങൾ ഉണ്ടാക്കിയാണ് അവസാനിച്ചത്. മത്സരത്തിൽ വിജയം നേടിയെങ്കിലും കളി നിയന്ത്രിച്ച റഫറിക്കെതിരെ രൂക്ഷമായ വിമർശനമാണ് അർജന്റീന താരങ്ങൾ ഉയർത്തിയത്. പതിനേഴു കാർഡുകൾ റഫറിയായ മാത്യു ലാഹോസ്‌ ഉയർത്തിയപ്പോൾ അതിൽ ഒമ്പതെണ്ണവും അർജന്റീന താരങ്ങൾക്ക് നേരെയായിരുന്നു. രണ്ടു താരങ്ങൾക്ക് സെമി ഫൈനൽ പോരാട്ടം നഷ്‌ടമാകാനും ഇത് കാരണമായി.

മാത്യു ലാഹോസ്‌ അർജന്റീനക്കെതിരായിരുന്നു എന്ന വിമർശനം ഉയർന്നതിനാൽ തന്നെ സെമി ഫൈനലിൽ ക്രൊയേഷ്യക്കെതിരായ മത്സരം ആരാണ് നിയന്ത്രിക്കുക എന്ന ആശങ്ക ആരാധകർക്കുണ്ടായിരുന്നു. എന്നാൽ ഇറ്റാലിയൻ റഫറിയായ ഡാനിലെലെ ഓർസാറ്റോയാണ് മത്സരം നിയന്ത്രിക്കുകയെന്നത് അർജന്റീനക്ക് ആശ്വാസമാണ്. ഫുട്ബോൾ ലോകത്ത് ഒരു ടീമിനോടും പക്ഷഭേദം കാണിക്കാതെ തീരുമാനങ്ങൾ എടുക്കുന്ന റഫറിയായാണ് ഇദ്ദേഹം പൊതുവെ വിലയിരുത്തപ്പെടുന്നത്.

ഡാനിയേല ഓർസാറ്റ നിയന്ത്രിച്ച മത്സരങ്ങളിൽ മെസിയുടെ പ്രകടനം മികച്ചതായിരുന്നു എന്നതും അർജന്റീന ആരാധകർക്ക് പ്രതീക്ഷ നൽകുന്നു. അദ്ദേഹം ഉണ്ടായിരുന്ന മത്സരങ്ങളിൽ മൂന്നു തവണ മെസി കളിച്ചിട്ടുണ്ട്. ഇതിൽ മൂന്നിലും മെസിയുടെ ടീം വിജയം നേടി. ഗോൾ അല്ലെങ്കിൽ അസിസ്റ്റ് നാല് തവണ നേടാനും മെസിക്ക് കഴിഞ്ഞു. അർജന്റീനയും മെക്‌സിക്കോയും തമ്മിൽ നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ മത്സരം നിയന്ത്രിച്ചതും അദ്ദേഹം തന്നെയായിരുന്നു.

അതിനിടയിൽ കഴിഞ്ഞ മത്സരത്തിനു ശേഷം മെസിയടക്കമുള്ള അർജന്റീന താരങ്ങൾ രൂക്ഷമായ വിമർശനം ഉയർത്തിയ മാത്യു ലാഹോസിനെ ഇനിയുള്ള മത്സരങ്ങൾക്ക് ഫിഫ പരിഗണിക്കുന്നില്ലെന്ന റിപ്പോർട്ടുകൾ ഉയരുന്നുണ്ട്. ഖത്തറിൽ നിന്നും അദ്ദേഹം സ്പൈനിലേക്ക് തിരിച്ചു പോയെന്നും മാധ്യമങ്ങൾ സൂചിപ്പിക്കുന്നു. നാളെ രാത്രി 12.30നാണ് ക്രൊയേഷ്യയും അർജന്റീനയും തമ്മിലുള്ള പോരാട്ടം.

Rate this post