മെസ്സിയുടെ ട്രാൻസ്ഫറിലെ ഏറ്റവും പുതിയ അപ്ഡേറ്റ് നൽകി ഫാബ്രിസിയോ റൊമാനോ |Lionel Messi

അർജന്റൈൻ സൂപ്പർ താരം ലയണൽ മെസ്സിയുടെ പിഎസ്ജിയുമായുള്ള കോൺട്രാക്ട് ഈ സീസണോടുകൂടി അവസാനിക്കും. ഈ കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടാനുള്ള ഓപ്ഷൻ ലഭ്യമാണ്. എന്നാൽ ഈ സീസണിനു ശേഷം മെസ്സി ഫ്രീ ഏജന്റാവും. മാത്രമല്ല ജനുവരി ഒന്നാം തീയതി മുതൽ മറ്റേത് ക്ലബ്ബുമായും ചർച്ചകൾ നടത്താനും കോൺട്രാക്ടിൽ ഏർപ്പെടാനും മെസ്സിക്ക് അനുമതിയുണ്ട്.

എന്നാൽ മെസ്സിയുടെ കോൺട്രാക്ട് ദീർഘിപ്പിക്കാൻ പിഎസ്ജിക്ക് താല്പര്യമുണ്ട് എന്ന് മാത്രമല്ല അവർ അതിനുള്ള നീക്കങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു. അതിന് കാരണവുമുണ്ട്. എന്തെന്നാൽ മെസ്സിയുടെ മുൻക്ലബ്ബായ ബാഴ്സക്ക് താരത്തെ തിരികെ എത്തിക്കാൻ താല്പര്യമുണ്ട്. ബാഴ്സയുടെ കോച്ചും പ്രസിഡണ്ടും ഈ താല്പര്യം അറിയിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഈ കാര്യത്തിൽ മെസ്സിയുടെ ഇപ്പോഴത്തെ നിലപാട് എന്താണ് എന്നുള്ളത് പ്രശസ്ത ഫുട്ബോൾ ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. അതായത് ഉടൻതന്നെ തന്റെ ഭാവിയുടെ കാര്യത്തിൽ മെസ്സി ഒരു തീരുമാനം എടുത്തില്ല. ഇപ്പോൾ മെസ്സിയുടെ മുഴുവൻ ശ്രദ്ധയും പിഎസ്ജിയിലാണ്.അതിന് ശേഷം ഖത്തർ വേൾഡ് കപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കും.

വേൾഡ് കപ്പിന് മുന്നേ മെസ്സി യാതൊരുവിധത്തിലുള്ള തീരുമാനങ്ങളും എടുക്കുകയില്ല.പിഎസ്ജിക്ക് കരാർ പുതുക്കാൻ താല്പര്യമുണ്ടെന്നും ബാഴ്സക്ക് തിരികെ എത്തിക്കാൻ താല്പര്യമുണ്ടെന്നും എന്നുള്ള കാര്യത്തിൽ മെസ്സി ബോധവാനാണ്. പക്ഷെ 2023 ന് മുമ്പായി തീരുമാനങ്ങൾ ഒന്നും തന്നെ എടുക്കാൻ മെസ്സിക്ക് പ്ലാനുകളില്ല.

ഖത്തർ വേൾഡ് കപ്പിലെ അർജന്റീനയുടെ പ്രകടനവും ഈ സീസണിലെ ചാമ്പ്യൻസ് ലീഗിലെ പിഎസ്ജിയുടെ പ്രകടനവുമൊക്കെ മെസ്സിയുടെ തീരുമാനത്തെ സ്വാധീനിക്കാൻ സാധ്യതയുണ്ട്. മെസ്സി ബാഴ്സയിലേക്ക് തിരിച്ചെത്തണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്. അതേസമയം ലയണൽ മെസ്സിയെ എത്തിക്കാൻ എംഎൽഎസ് ക്ലബായ ഇന്റർ മിയാമിക്കും താല്പര്യമുണ്ട്. ഏതായാലും മെസ്സി എന്ത് തീരുമാനം എടുക്കും കാത്തിരിക്കുന്ന നിരവധി ആരാധകർ ലോക ഫുട്ബോളിലുണ്ട്.

Rate this post
Lionel MessiPsg