“ലോകകപ്പ് മെസി തന്നെ നേടുമെന്ന് പ്രതീക്ഷിക്കാം”- ഫ്രാൻസുമായുള്ള ഫൈനലിനെക്കുറിച്ച് സ്‌കലോണി |Qatar 2022

ഖത്തർ ലോകകപ്പ് ഫൈനൽ തന്റെ കരിയറിലെ അവസാനത്തെ ലോകകപ്പ് മത്സരമാകുമെന്ന് ലയണൽ മെസി ക്രൊയേഷ്യക്കെതിരെ നടന്ന സെമി ഫൈനലിനു ശേഷം വ്യക്തമാക്കിയിരുന്നു. മുപ്പത്തിയഞ്ചു വയസായ തനിക്ക് ഇനിയൊരു ലോകകപ്പ് കളിക്കാനുള്ള സാധ്യതയില്ലെന്നതു കൊണ്ടു തന്നെയാണ് മെസി ഇത്തരമൊരു പ്രതികരണം നടത്തിയത്. അതുകൊണ്ടു തന്നെ ഫൈനലിൽ ലയണൽ മെസിയും സംഘവും വിജയിക്കണമെന്ന ആഗ്രഹം ഭൂരിഭാഗം ഫുട്ബോൾ ആരാധകർക്കുമുണ്ട്.

ഇന്ന് നടന്ന പത്രസമ്മേളനത്തിൽ ഈ ലോകകപ്പ് ലയണൽ മെസിയുടെ അവസാനത്തെ ലോകകപ്പ് ആകുന്നതിനെ കുറിച്ചും ഫൈനലിലെ ലയണൽ മെസി- കിലിയൻ എംബാപ്പെ പോരാട്ടത്തെക്കുറിച്ചും പരിശീലകൻ ലയണൽ സ്‌കലോണി സംസാരിക്കുകയുണ്ടായി. തന്റെ അവസാനത്തെ ലോകകപ്പ് പോരാട്ടത്തിൽ മെസി കിരീടം നേടുമെന്ന് പ്രതീക്ഷിക്കാമെന്നു പറഞ്ഞ അദ്ദേഹം ഫൈനൽ പോരാട്ടം കേവലം മെസിയും എംബാപ്പയും തമ്മിലുള്ള മത്സരമല്ലെന്നും കൂട്ടിച്ചേർത്തു.

“ഞങ്ങൾക്കത് വിജയിക്കാൻ കഴിയുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്, അത് മനോഹരമായിരിക്കും. ഏറ്റവും പ്രധാനപ്പെട്ട കാര്യം ലയണൽ മെസി അതിനെ ആസ്വദിക്കുമെന്നതാണ്. ഒരു ലോകകപ്പ് ഫൈനലിൽ ഇതിനേക്കാൾ മനോഹരമായി എന്താണ് സംഭവിക്കാനുള്ളത്”.”അർജന്റീനയും ഫ്രാൻസും തമ്മിലുള്ളതാണ് നാളെ നടക്കുന്ന മത്സരം, ലയണൽ മെസിയും എംബാപ്പെയും തമ്മിലുള്ളതല്ല. അത് ഞങ്ങൾക്ക് അനുകൂലമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. മത്സരത്തിന്റെ ഗതി പൂർണമായും നിയന്ത്രിക്കാൻ കഴിയുന്ന നിരവധി താരങ്ങളുണ്ട്. എംബാപ്പെ വളരെ മികച്ച താരമാണ്, ഗംഭീര പ്രകടനം നടത്തുന്നത് തുടരുകയും ചെയ്യും.” സ്‌കലോണി വ്യക്തമാക്കി.

ഖത്തർ ലോകകപ്പ് തന്റെ അവസാനത്തെ ലോകകപ്പ് മത്സരമാകുമെന്ന് ലയണൽ മെസി പറഞ്ഞെങ്കിലും ടൂർണമെന്റിന് ശേഷം താരം അർജന്റീന ടീമിൽ നിന്നും വിരമിക്കാനുള്ള സാധ്യതയില്ല. 2024ൽ നടക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിൽ കൂടി ലയണൽ മെസി അർജന്റീനക്കായി ഇറങ്ങാനുള്ള സാധ്യതയുണ്ട്.

Rate this post
ArgentinaFIFA world cupLionel MessiQatar2022