അസാധ്യമായ ആംഗിളിൽ നിന്നും ഗോൾകീപ്പറെ കാഴ്‌ചക്കാരനാക്കിയ ബാക്ക്ഹീൽ ഗോളുമായി ലെവൻഡോസ്‌കി

ഇന്നലെ രാത്രി നടന്ന ലാ ലിഗ മത്സരത്തിൽ റയൽ വയ്യഡോളിഡിനെതിരെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബാഴ്‌സലോണ വിജയം നേടിയത്. നിരവധി പുതിയ താരങ്ങൾ ക്ലബിലെത്തിയതിന്റെയും ടീമിനുള്ളിൽ അഴിച്ചുപണികൾ നടക്കുന്നതിന്റെയും ഭാഗമായി ഒത്തിണക്കം പൂർണമായി വന്നിട്ടില്ലെങ്കിലും മികച്ച പ്രകടനം നടത്തുന്ന ബാഴ്‌സലോണ തുടർച്ചയായ രണ്ടാമത്തെ മത്സരത്തിലാണ് നാല് ഗോൾ നേടി വിജയം സ്വന്തമാക്കുന്നത്. ബയേൺ മ്യൂണിക്കിൽ നിന്നും സമ്മറിൽ ടീമിലെത്തിയ റോബർട്ട് ലെവൻഡോസ്‌കിയുടെ ഇരട്ടഗോളുകൾ ആയിരുന്നു മത്സരത്തിൽ ബാഴ്‌സലോണക്ക് വിജയം നൽകിയത്.

മത്സരത്തിന്റെ ഇരുപത്തിനാലാം മിനുട്ടിലാണ് ബാഴ്‌സലോണ ആദ്യഗോൾ നേടുന്നത്. ബ്രസീലിയൻ താരം റഫിന്യ നൽകിയ ക്രോസിനു കാൽ വെച്ച് ലെവൻഡോസ്‌കി തന്നെയാണ് ബാഴ്‌സലോണയുടെ ആദ്യഗോൾ നേടുന്നത്. അതിനു ശേഷം ആദ്യപകുതി അവസാനിക്കാൻ മിനുട്ടുകൾ ബാക്കി നിൽക്കെ ഒസ്മാനെ ഡെംബലെ നടത്തിയ മികച്ചൊരു നീക്കത്തിനൊടുവിൽ ബോക്‌സിലേക്ക് നീട്ടിയ പന്തിൽ നിന്നും പെഡ്രി ബാഴ്‌സയുടെ ലീഡുയർത്തി. രണ്ടാം പകുതിയിലാണ് ബാഴ്‌സയുടെ അടുത്ത രണ്ടു ഗോളുകൾ വരുന്നത്. ഡെംബലെ നൽകിയ പാസിൽ നിന്നും ലെവൻഡോസ്‌കി ടീമിന്റെ മൂന്നാം ഗോൾ നേടിയപ്പോൾ ഇഞ്ചുറി ടൈമിൽ സെർജി റോബർട്ടോ പട്ടിക പൂർത്തിയാക്കി.

മത്സരത്തിൽ റോബർട്ട് ലെവൻഡോസ്‌കി നേടിയ രണ്ടാമത്തെ ഗോളാണ് സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുന്നത്. അറുപത്തിനാലാം മിനുട്ടിൽ ഒസ്മാനെ ഡെംബലെ രണ്ടു പ്രതിരോധതാരങ്ങളെ വെട്ടിച്ചു മുന്നേറി നൽകിയ പന്ത് ബോക്‌സിനുള്ളിൽ സ്വീകരിച്ച് ലെവൻഡോസ്‌കി നേടിയ ഗോൾ താരം യൂറോപ്പിലെ ഏറ്റവും മികച്ച സ്‌ട്രൈക്കറാണെന്ന് തെളിയിക്കുന്ന ഒന്നായിരുന്നു. ബോൾ സ്വീകരിച്ച് വലതു വശത്തേക്ക് നീക്കിയതിനു ശേഷം കരുത്തുറ്റ ഷോട്ട് എടുക്കുന്നതിനു പകരം പ്രതിരോധതാരത്തിനും ഗോളിക്കുമിടയിലെ സ്‌പേസ് കണ്ടെത്തി ഒരു ബാക്ക്ഹീൽ കിക്കിലൂടെയാണ് പോളണ്ട് താരം പന്ത് അനായാസം വലയിലെത്തിച്ചത്.

മത്സരത്തിൽ വിജയം നേടിയതോടെ ലീഗ് പോയിന്റ് ടേബിളിൽ ബാഴ്‌സലോണ മൂന്നാം സ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്. ലീഗിൽ ഇതുവരെ നാല് ഗോളുകൾ നേടിയ റോബർട്ട് ലെവൻഡോസ്‌കിയാണ് ബോർഹാ ഇഗ്ലേസിയാസിനൊപ്പം ടോപ് സ്‌കോറർ പട്ടികയിൽ മുന്നിൽ നിൽക്കുന്നത്. ബയേണിൽ നിന്നും എത്തിയ താരം ബാഴ്‌സയിൽ സാങ്കേതികമായി ഉയർന്ന നിലവാരത്തിലുള്ള പ്രകടനമാണ് നടത്തുന്നത്. പന്തിനു വേണ്ടിയുള്ള മനോഹരമായ നീക്കങ്ങളും ഒപ്പം കളിക്കുന്ന താരങ്ങൾക്ക് സ്‌പേസ് അനുവദിച്ചു നൽകാൻ വേണ്ടിയുള്ള ഫേക്ക് റണ്ണുകളുമെല്ലാം കൃത്യമായി ചെയ്‌ത് ലെവൻഡോസ്‌കി ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമായി മാറുന്നു.

Rate this post