ശമ്പളത്തിന്റെ പ്രധാനഭാഗം മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെ നൽകും, റൊണാൾഡോ പുറത്തേക്ക്

സമ്മർ ട്രാൻസ്‌ഫർ ജാലകം അവസാനിക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ ചാമ്പ്യൻസ് ലീഗ് കളിക്കുന്ന ക്ലബ്ബിലേക്ക് ചേക്കേറണമെന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ താൽപര്യം നടക്കാനുള്ള സാധ്യതകൾ വർദ്ധിക്കുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന് ചാമ്പ്യൻസ് ലീഗ് യോഗ്യത ഇല്ലാത്തതിനാൽ ട്രാൻസ്‌ഫർ ജാലകത്തിന്റെ തുടക്കം മുതൽ തന്നെ ക്ലബ് വിടാൻ താരം ശ്രമങ്ങൾ നടത്തിയെങ്കിലും വിവിധ കാരണങ്ങൾ കൊണ്ട് അതു നടക്കാതെ പോവുകയായിരുന്നു. എന്നാൽ ഈ സീസണിലും റൊണാൾഡോ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കളിക്കുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഇറ്റലിയിൽ നിന്നുള്ള മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം സീരി എ ക്ലബായ നാപ്പോളിയിലേക്കാണ് റൊണാൾഡോ ചേക്കേറാനായി ഒരുങ്ങുന്നത്. നേപ്പിൾസ് ഔട്ട്ലെറ്റായ ഇത് മാർട്ടിനോ പറയുന്നതു പ്രകാരം നാപ്പോളിയുടെ നൈജീരിയൻ സ്‌ട്രൈക്കറായ വിക്റ്റർ ഓസിംഹനിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനുള്ള താൽപര്യമാണ് ഈ ഡീലിനുള്ള സാധ്യതകൾ തുറന്നത്. നാപ്പോളി പ്രസിഡന്റായ ഒരെലിയോ ഡി ലോറന്റൈസ് റൊണാൾഡോയുടെ മുഴുവൻ ശമ്പളവും മാഞ്ചസ്റ്റർ യുണൈറ്റഡ് നൽകണമെന്ന ആവശ്യമാണ് മുന്നോട്ടു വെച്ചിരിക്കുന്നതെങ്കിലും അതിന്റെ പ്രധാന ഭാഗം മുഴുവൻ നൽകാമെന്നാണ് ഇംഗ്ലീഷ് ക്ലബിന്റെ നിലപാട്.

നാപ്പോളിയിലേക്ക് റൊണാൾഡോ ചേക്കേറുന്നതിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നേതൃത്വത്തിലെ ഭൂരിഭാഗം പേർക്കും എതിർപ്പില്ലെന്നാണ് റിപ്പോർട്ടുകൾ. പ്രീമിയർ ലീഗിൽ തങ്ങളുടെ നേർ എതിരാളികളായ ഒരു ക്ലബിലേക്കും റൊണാൾഡോ ചേക്കേറുന്നില്ലെന്നും അവർ ആശ്വസിക്കുന്നു. അതേസമയം ഈ ഡീൽ നടന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന പ്രീമിയർ ലീഗ് എതിരാളിയായ ലിവർപൂളിനെ ചാമ്പ്യൻസ് ലീഗിൽ നേരിടാൻ റൊണാൾഡോക്ക് അവസരമുണ്ടാകും. സീരി എയിലേക്കുള്ള താരത്തിന്റെ തിരിച്ചുവരവും കൂടിയായിരിക്കുമത്.

റൊണാൾഡോയുടെ ഏജന്റായ യോർഹെ മെൻഡസുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് റൊണാൾഡോയുടെ ശമ്പളത്തിന്റെ പ്രധാനഭാഗം നൽകാമെന്ന് ഗ്ലെസേഴ്‌സ് ഫാമിലി സമ്മതിച്ചത്. ഏതാണ്ട് അറുപതു മില്യൺ യൂറോയാണ് കഴിഞ്ഞ സീസണിൽ റൊണാൾഡോ പ്രതിഫലമായി മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും വാങ്ങിയത്. എന്നാൽ ക്ലബ് ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാത്തതിനാൽ ഈ സീസണിൽ താരത്തിന്റെ പ്രതിഫലം ഇരുപത്തിയഞ്ചു ശതമാനത്തോളം കുറയും. ഗ്ലെസേഴ്‌സ് ഫാമിലിയിലെ ഇളയ സഹോദരന് റൊണാൾഡോയെ നിലനിർത്താൻ താൽപര്യമുണ്ടെങ്കിലും പരിശീലകൻ എറിക് ടെൻ ഹാഗും താരത്തെ വിട്ടുകൊടുക്കാൻ സന്നദ്ധത അറിയിച്ചതാണ് ട്രാൻസ്‌ഫർ നടക്കാനുള്ള സാധ്യത വർധിപ്പിച്ചത്.

Rate this post