വീണ്ടും ലയണൽ മെസ്സി തിളങ്ങി,തകർപ്പൻ വിജയത്തോടെ കുതിർപ്പ് തുടർന്ന് പിഎസ്ജി

കഴിഞ്ഞ മത്സരത്തിലേതുപോലെ സമാനമായ രൂപത്തിൽ സൂപ്പർ താരം ലയണൽ മെസ്സി ഒരിക്കൽ കൂടി ലീഗ് വൺ ശക്തികളായ പിഎസ്ജിക്ക് കാര്യങ്ങൾ എളുപ്പമായി. ലീഗ് വണ്ണിൽ നടന്ന ആറാം റൗണ്ട് മത്സരത്തിൽ എതിരാളികളായ നാന്റെസിനെ പിഎസ്ജി പരാജയപ്പെടുത്തിയത് എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ്.

ഗോളുകൾ നേടിയില്ലെങ്കിലും രണ്ട് അസിസ്റ്റുകളുമായി തിളങ്ങിയ മെസ്സി തന്നെയാണ് പതിവുപോലെ തിളങ്ങിയത്.കിലിയൻ എംബപ്പേയാണ് പിഎസ്ജിയുടെ രണ്ട് ഗോളുകൾ നേടിയത്.ഒരു നുനോ മെന്റസിന്റെ വകയായിരുന്നു.ഈ ജയത്തോടെ പിഎസ്ജിയിപ്പോൾ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ്.6 മത്സരങ്ങളിൽ നിന്ന് 16 പോയിന്റാണ് പിഎസ്ജിക്കുള്ളത്.ഇതേ പോയിന്റുള്ള മാഴ്സെ തൊട്ട് പുറകിൽ രണ്ടാം സ്ഥാനത്തുണ്ട്.

മെസ്സി,എംബപ്പേ എന്നിവർക്കൊപ്പം സറാബിയയാണ് ഫസ്റ്റ്‌ ഇലവനിൽ പിഎസ്ജി അറ്റാക്കിങ് നിരയിൽ ഉണ്ടായിരുന്നത്.18-ആം മിനുട്ടിലാണ് എംബപ്പേയുടെ ഗോൾ വന്നത്.പിഎസ്ജിയുടെ കൗണ്ടർ അറ്റാക്കിനൊടുവിൽ മെസ്സി നൽകിയ പാസ് എംബപ്പേ കരുത്തുറ്റ ഷോട്ടിലൂടെ ഫിനിഷ് ചെയ്യുകയായിരുന്നു.24-ആം മിനുറ്റിൽ നാന്റെസ് താരം ഫാബിയോ റെഡ് കാർഡ് കണ്ടതോടെ അവരുടെ അംഗബലം പത്തായി ചുരുങ്ങി.

54-ആം മിനുട്ടിൽ എംബപ്പേയുടെ രണ്ടാം ഗോൾ പിറന്നു.എംബപ്പേ നൽകിയ പാസ് മെസ്സി എംബപ്പേക്ക് തന്നെ സൗകര്യമായ രീതിയിൽ മടക്കി നൽകുകയായിരുന്നു.എംബപ്പേ അത് ഫിനിഷ് ചെയ്തു.63-ആം മിനുട്ടിൽ എംബപ്പേക്ക് പകരക്കാരനായി കൊണ്ട് നെയ്മർ കളത്തിൽ എത്തി.68-ആം മിനുട്ടിൽ മെന്റസിന്റെ ഗോൾ വന്നു. ബോക്സിലെ കൂട്ടപൊരിച്ചിലിനൊടുവിൽ മെന്റസ് ഒരു ഷോട്ടിലൂടെ ലക്ഷ്യം കാണുകയായിരുന്നു.

ഇതോടെ പിഎസ്ജിയുടെ അപരാജിത കുതിപ്പ് തുടരുകയാണ്. ഈ സീസണിൽ ഒരു മത്സരത്തിൽ പോലും പിഎസ്ജി തോൽവി അറിഞ്ഞിട്ടില്ല. ഇനി യുവേഫ ചാമ്പ്യൻസ് ലീഗിലാണ് പിഎസ്ജിയുടെ അങ്കം. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ എതിരാളി യുവന്റസാണ്.മുൻ താരങ്ങളായ ഡി മരിയ,പരേഡസ് എന്നിവരൊക്കെ ഇപ്പോൾ യുവന്റസ് താരങ്ങളാണ്.

Rate this post
Lionel MessiPsg