ലയണൽ മെസ്സിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും കരിയർ അനുകരിക്കാൻ എർലിംഗ് ഹാലൻഡിനും കൈലിയൻ എംബാപ്പെയ്ക്കും കഴിയില്ലെന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം വെയ്ൻ റൂണി.മാഞ്ചസ്റ്റർ സിറ്റിയുടെ ഹാലൻഡും പിഎസ്ജിയുടെ എംബാപ്പെയുമാണ് ഫുട്ബോളിലെ അടുത്ത രണ്ടു സൂപ്പർ താരങ്ങളെന്ന് റൂണി സമ്മതിച്ചെങ്കിലും, മെസ്സിക്കും റൊണാൾഡോയ്ക്കും പകരം വയ്ക്കാൻ ആർക്കും കഴിയില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
“(എർലിംഗ്) ഹാലൻഡും (കൈലിയൻ) എംബാപ്പെയും തീർച്ചയായും ഫുട്ബോളിലെ അടുത്ത രണ്ട് സൂപ്പർ സ്റ്റാർസ് ആണ്.ഇപ്പോൾ അവർ മെസ്സിയെക്കാളും റൊണാൾഡോയെക്കാളും മികച്ചവരായിരിക്കാം. പക്ഷേ അവർക്ക് മെസ്സിയും റൊണാൾഡോയും നേടിയ കരിയർ നേടാൻ ആകില്ല.എനിക്കിത് കാണാൻ കഴിയില്ല,” റൂണി പറഞ്ഞു.”ഫുട്ബോൾ ലോകത്ത് മെസ്സിയും റൊണാൾഡോയും ചെയ്‌തത് അസാധാരണമാണ് . മെസ്സിക്കും റൊണാൾഡോയ്ക്കും ഒരേ സമയം ഒരേ ലീഗിൽ ഇത് ചെയ്യാൻ കഴിഞ്ഞു , അത് വീണ്ടും കാണുമെന്ന് ഞാൻ കരുതുന്നില്ല,” റൂണി വിശദീകരിച്ചു.
2022-ലെ ഫിഫ ലോകകപ്പ് നേടി അർജന്റീനയുടെ 36 വർഷത്തെ ലോകകപ്പ് ട്രോഫി വരൾച്ച അവസാനിപ്പിച്ച് മെസ്സി തന്റെ ട്രോഫി കാബിനറ്റ് പൂർത്തിയാക്കി. ടൂർണമെന്റിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്‌കാരവും 35കാരൻ സ്വന്തമാക്കി.യുവ പ്രതിഭകളെ പ്രോത്സാഹിപ്പിച്ചതിന് ഇംഗ്ലണ്ട് കോച്ച് ഗാരെത് സൗത്ത്ഗേറ്റിനെ മുൻ ഇംഗ്ലണ്ട് ഇന്റർനാഷണൽ റൂണി പ്രശംസിച്ചു.ക്വാർട്ടറിൽ ഫ്രാൻസിനോട് തൊട്ടാണ് ഇംഗ്ലണ്ട് പുറത്തായത്.
ഇംഗ്ലണ്ടിനെ പരിശീലിപ്പിക്കാൻ താൽപ്പര്യമുണ്ടോ എന്ന് ചോദിച്ചപ്പോൾ, റൂണി പറഞ്ഞു: “ഭാവിയിൽ ഒരു ദിവസം അത് സാധ്യമാണോ എന്ന് നിങ്ങൾക്കറിയില്ല, എന്നാൽ ഈ നിമിഷം, എന്റെ മുൻഗണന ഒരു ക്ലബ് മാനേജർ എന്നതായിരിക്കും.”