‘എനിക്ക് മെസ്സിയെ ഒരുപാട് ഇഷ്ടമാണ്, പക്ഷേ ഈ അർജന്റീനിയൻ ടീമിനെ ഇഷ്ടമല്ല’ : മുൻ ഫ്രാൻസ് ഡിഫൻഡർ ആദിൽ റാമി |Qatar 2022 |Lionel Messi

2022 ഖത്തർ ലോകകപ്പ് ആദ്യ മത്സരത്തിൽ ലയണൽ മെസ്സിയുടെ അർജന്റീന സൗദി അറേബ്യയോട് 2-1 ന് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി. അതിനുശേഷം അവർ അമ്പരപ്പിക്കുന്ന രീതിയിൽ തിരിച്ചുവരുകയും തുടർച്ചയായ അഞ്ച് വിജയങ്ങൾ നേടി ഫൈനലിൽ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.

നെതർലൻഡ്‌സിനെതിരായ ക്വാർട്ടർ ഫൈനലിൽ (പെനാൽറ്റിയിൽ 4-3 ജയം; അധിക സമയത്തിന് ശേഷം 2-2) വിജയത്തിന് ശേഷം ഇതുവരെ കാണാത്ത ഒരു ലയണൽ മെസ്സിയെയും കാണാൻ സാധിച്ചിരുന്നു. ഡച്ച് പരിശീലകനെതിരെയും കളിക്കാർക്കെതിരെയും മെസ്സി വാഗ്വാദത്തിൽ ഏർപ്പെടുകയും ചെയ്തു. ലോകകപ്പിലെ ഏറ്റവും വിവാദ മത്സരത്തിൽ റഫറി 17 മഞ്ഞ കാർഡുകൾ പുറത്തെടുക്കുകയും നിരവധി തവണ ഇരു ടീമിലെ കളിക്കാർ പരസ്പരം ഏറ്റുമുട്ടുകയും ചെയ്തു. മത്സരത്തി 73-ാം മിനിറ്റിൽ പെനാൽറ്റി സ്പോട്ടിൽ നിന്ന് ഗോൾ നേടിയ ശേഷം ഡച്ച് ബെഞ്ചിന് മുന്നിൽ നിന്നാണ് മെസ്സി ആഘോഷിച്ചത്.

എന്നാൽ ലയണൽ മെസ്സിയുടെ കളിക്കളത്തിലെ കാണിച്ച ആക്രമണോത്സുകതയെ വിമർശിച്ചിരിക്കുകയാണ് മുൻ ഫ്രാൻസ് സെന്റർ ബാക്ക് ആദിൽ റാമി.കായിക താരത്തിന് ചേരാത്ത പെരുമാറ്റമാണെന്ന് കുറ്റപ്പെടുത്തി.”എനിക്ക് ഈ അർജന്റീനിയൻ ടീമിനെ ഇഷ്ടമല്ല. എനിക്ക് ലയണൽ മെസ്സിയെ ഒരുപാട് ഇഷ്ടമാണ്. ഈ കളിക്കാരനെ കുറിച്ച് എല്ലാം എനിക്ക് ഇഷ്ടമാണ്. അദ്ദേഹം ഒരു ഇതിഹാസമാണ്, എനിക്ക് എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളാണ് മെസ്സി . സ്‌പെയിനിൽ വെച്ച് അദ്ദേഹത്തെ കണ്ടുമുട്ടാൻ സാധിച്ചത് എന്റെ ഭാഗ്യമാണ്.പക്ഷേ, ഈ ലോകകപ്പിൽ അർജന്റീനിയൻ ടീം വളരെയധികം ആക്രമണോത്സുകതയോടും ദുഷ്ടതയോടും ന്യായരഹിതമായ കളിയാണ് കളിക്കളത്തിൽ പുറത്തെടുത്തത്.അവർ ഒരു നല്ല പ്രതിച്ഛായ കാണിച്ചില്ലെന്ന് ഞാൻ കരുതുന്നു” റാമി പറഞ്ഞു.

2022 ഫിഫ ലോകകപ്പിൽ ഇതുവരെ കളിച്ച ആറ് മത്സരങ്ങളിൽ നിന്ന് 12 മഞ്ഞക്കാർഡുകളാണ് അർജന്റീനയ്ക്ക് ലഭിച്ചത്. മറുവശത്ത് ഫ്രാൻസിന് അഞ്ച് എണ്ണം മാത്രമാണ് ലഭിച്ചത്. ലോകകപ്പിൽ മിന്നുന്ന ഫോമിലാണ് മെസ്സി ,ഇതുവരെ ആറ് മത്സരങ്ങളിൽ നിന്ന് അഞ്ച് തവണ സ്കോർ ചെയ്യുകയും മൂന്ന് അസിസ്റ്റുകൾ രേഖപ്പെടുത്തുകയും ചെയ്തു.ഡിസംബർ 18 ന് ഫ്രാൻസിനെതിരായ ഫൈനലിൽ ലയണൽ മെസ്സി തന്റെ 26-ാമത് ഫിഫ ലോകകപ്പ് മത്സരത്തിൽ പങ്കെടുക്കും. ടൂർണമെന്റിൽ ഇത്രയധികം മത്സരങ്ങളിൽ പങ്കെടുത്ത ചരിത്രത്തിലെ ഏക കളിക്കാരനായി അദ്ദേഹം മാറും.

Rate this post