മിശിഹായുടെ ഉയർത്തെഴുന്നേൽപ്പ്,രണ്ടു വർഷങ്ങൾക്കു മുന്നേ 0 കിരീടങ്ങളും 71 ഗോളുകളും,ഇപ്പോഴത് മൂന്നു കിരീടങ്ങൾ,102 ഗോളുകൾ |Lionel Messi

ലയണൽ മെസ്സിക്ക് അർജന്റീന കരിയറിന്റെ പേരിൽ ഏൽക്കേണ്ടിവന്ന വേട്ടയാടലുകൾ അതിഭീകരമായിരുന്നു.മൂന്ന് ഫൈനലുകൾ തുടർച്ചയായി പരാജയപ്പെട്ടതോടുകൂടി മാനസികമായി മെസ്സി വല്ലാതെ തളർന്നു.അപ്പോഴായിരുന്നു മെസ്സി അർജന്റീനയിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്.പക്ഷേ ആരാധകരുടെ നിർബന്ധപ്രകാരം മെസ്സി ദേശീയ ടീമിലേക്ക് തിരിച്ചെത്തുകയായിരുന്നു.

എന്നിട്ടും ബുദ്ധിമുട്ടേറിയ സമയം തന്നെയായിരുന്നു മെസ്സിയെ കാത്തിരുന്നിരുന്നത്.പക്ഷേ ലയണൽ മെസ്സിയും ക്ഷമയോടുകൂടി കാത്തിരുന്നു.2018ലെ വേൾഡ് കപ്പിന് ശേഷം ചെറിയൊരു ബ്രേക്ക് മെസ്സി എടുത്തു.പിന്നീട് തിരിച്ചുവന്ന് 2019ലെ കോപ്പ അമേരിക്കയിൽ പങ്കാളിയായി.ബ്രസീലിനോട് പരാജയപ്പെട്ട് സെമിയിൽ പുറത്തായെങ്കിലും മെസ്സി അന്ന് തന്റെ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ച ഒരു വാചകമുണ്ട്.ഈ ടീമിൽ തനിക്ക് വിശ്വാസമുണ്ട് എന്ന വാചകം.

2021 മാർച്ച് മാസം വരെ ലയണൽ മെസ്സിക്ക് അർജന്റീന ദേശീയ ടീമിനോടൊപ്പം ഒരൊറ്റ കിരീടം പോലുമില്ല.ആകെ അവകാശപ്പെടാൻ ഉണ്ടായിരുന്നത് 71 ഗോളുകളും 42 അസിസ്റ്റുകളുമായിരുന്നു.പക്ഷേ അവിടെനിന്ന് മിശിഹായുടെ ഉയർത്തെഴുന്നേൽപ്പിനാണ് ലോകം സാക്ഷിയായത്.

ആ വർഷം ബ്രസീലിനെ കോപ്പ അമേരിക്ക ഫൈനലിൽ പരാജയപ്പെടുത്തിക്കൊണ്ട് ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമം കുറിക്കാൻ മെസ്സിക്കും അർജന്റീനക്കും കഴിഞ്ഞു.കോപ്പ അമേരിക്കയിലെ മികച്ച താരം മെസ്സി തന്നെയായിരുന്നു.പിന്നീട് യൂറോപ്പിലെ രാജാക്കന്മാരായിരുന്നു ഇറ്റലിയെ അർജന്റീന കശക്കി എറിയുന്ന കാഴ്ചയായിരുന്നു കാണാൻ കഴിഞ്ഞിരുന്നത്.ഫൈനലിസിമയാണ് അതിലൂടെ കരസ്ഥമാക്കിയത്.പിന്നീടാണ് ലയണൽ മെസ്സിയും അർജന്റീനയും തങ്ങളുടെ യഥാർത്ഥ പോരാട്ട വീര്യം പുറത്തെടുത്തത്.

ഖത്തർ വേൾഡ് കപ്പിലെ ആദ്യ മത്സരം പരാജയപ്പെട്ടു.തിരിച്ചു വരവ് ഉണ്ടാവില്ല എന്ന് പലരും എഴുതിയെങ്കിലും അസാധാരണമായ തിരിച്ചുവരവാണ് അർജന്റീന നടത്തിയത്.പിന്നീട് അർജന്റീന നടത്തിയ കുതിപ്പ് അവസാനിച്ചത് വേൾഡ് കപ്പ് കിരീടത്തിൽ ആയിരുന്നു.ലയണൽ മെസ്സി തന്നെയാണ് വേൾഡ് കപ്പിലെ ഏറ്റവും മികച്ച താരമായി മാറിയത്.കേവലം രണ്ട് വർഷത്തിനിടെ മെസ്സി അർജന്റീനയോടൊപ്പം നേടിയത് 3 കിരീടങ്ങൾ.ഈ മാർച്ച് മാസത്തെ ഇന്റർനാഷണൽ ബ്രേക്ക് അവസാനിക്കുമ്പോൾ മെസ്സി അർജന്റീനക്ക് വേണ്ടി നേടിയത് 102 ഗോളുകൾ,54 അസിസ്റ്റുകൾ.

മെസ്സിയുടെ ഈ ഉയർത്തെഴുന്നേൽപ്പ് ഒരു പ്രചോദനമാണ്.ആർക്കുവേണമെങ്കിലും മാതൃകയാക്കാവുന്ന ഒന്ന്.എത്ര ബുദ്ധിമുട്ടേറിയ സമയം നേരിടേണ്ടി വന്നാലും അതിനെയെല്ലാം തരണം ചെയ്തു കഴിഞ്ഞാൽ നിങ്ങളെ കാത്തിരിക്കുന്നത് മനോഹരങ്ങളിൽ മനോഹരമായ സമയമാണ്.അതിന്റെ ഉത്തമ ഉദാഹരണമാണ് മെസ്സി.

4.6/5 - (16 votes)
ArgentinaLionel Messi