മെസ്സിയും ഡിമരിയയും ഒളിമ്പിക്സ് കളിക്കാനുണ്ടാവുമോ? പ്രധാന അപ്ഡേറ്റ് നൽകി കോച്ച് | Lionel Messi

ഇത്തവണ ജൂൺ മാസത്തിൽ നടക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിനുശേഷം വിരമിക്കാൻ ഒരുങ്ങുകയാണ് അർജന്റീന സൂപ്പർതാരമായ ഡിമരിയ. ലിയോ മെസ്സിക്കൊപ്പം ഒളിമ്പിക്സ് ടൂർണമെന്റിലൂടെ കഴിവ് തെളിയിച്ച ഡിമരിയ തന്റെ കരിയറിലൂടെനീളം അർജന്റീന ടീമിൽ ലിയോ മെസ്സിക്കോപ്പമാണ് കളിച്ചത്. ലിയോ മെസ്സിയും ഡിമരിയയും ഒളിമ്പിക്സ് ടൂർണമെന്റിലൂടെയാണ് ശ്രദ്ധ നേടിത്തുടങ്ങുന്നത്.

രണ്ടു താരങ്ങളും തങ്ങളുടെ കരിയറിന്റെ അവസാന കാലഘട്ടത്തിലാണ് കളിക്കുന്നത് എന്നതിനാൽ ഇത്തവണ കോപ്പ അമേരിക്ക ടൂർണമെന്റിന് ശേഷം പാരിസിൽ വച്ച് നടക്കുന്ന ഒളിമ്പിക്സ് ടൂർണമെന്റിൽ ഇരുതാരങ്ങളും അർജന്റീനക്ക് വേണ്ടി കളിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഒളിമ്പിക്സ് ടൂർണമെന്റിന് അർജന്റീന യോഗ്യത നേടിയതിനാൽ മെസ്സിയും ഡിമരിയയും ടൂർണമെന്റ് കളിക്കുന്നത് സംബന്ധിച്ച് അപ്ഡേറ്റ് നൽകുകയാണ് അർജന്റീന അണ്ടർ 23 പരിശീലകനായ മഷറാനോ.

“ഞാൻ ലിയോ മെസ്സിയുമായി സംസാരിച്ചു, അർജന്റീന ടീമിനോടൊപ്പം ഒളിമ്പിക്സ് കളിക്കാനുള്ള ക്ഷണം ഞാൻ വീണ്ടും അവനു നൽകി, അതിനെക്കുറിച്ച് കൂടുതൽ സംസാരിക്കാമെന്ന് മെസ്സി അംഗീകരിച്ചു. ഞാൻ ഡിമരിയയുമായും സംസാരിച്ചിരുന്നു, ഒളിമ്പിക്സ് കളിക്കാനുള്ള ഞങ്ങളുടെ ക്ഷണം അദ്ദേഹം അഭിനന്ദിച്ചു എങ്കിലും ടൂർണമെന്റ് കളിക്കാൻ അദ്ദേഹത്തിനു താല്പര്യമില്ല. അതിനാൽ ഡിമരിയ കളിക്കാനുള്ള സാധ്യതകൾ കുറവാണ്.” – ഹാവിയർ മഷറാനോ പറഞ്ഞു.

2008ൽ നടന്ന ഒളിമ്പിക്സ് ടൂർണമെന്റ് ഗോൾഡ് മെഡൽ നേടിയ അർജന്റീന ടീമിലെ താരങ്ങളായ മെസ്സിയും ഡിമരിയയും ഒരു തവണ കൂടി ഒളിമ്പിക്സ് ഫുട്ബോൾ കളിക്കാൻ ആഗ്രഹമുണ്ടെന്നു റിപ്പോർട്ടുകളുണ്ട്. അന്ന് ഗോൾഡ് മെഡൽ നേടി അർജന്റീനക്ക് വേണ്ടി തുടക്കം കുറിച്ച താരങ്ങൾ ഇന്ന് ഫിഫ വേൾഡ് കപ്പ് ഉൾപ്പെടെയുള്ള നേട്ടങ്ങളാണ് അർജന്റീന ജേഴ്സിയിൽ സ്വന്തമാക്കിയത്.

Rate this post