ഇന്ന് നടന്ന മേജർ ലീഗ് സോക്കർ മത്സരത്തിൽ ടോറൊന്റോയെ മയാമി പരാജയപ്പെടുത്തിയെങ്കിലും മെസ്സി ആരാധകർ ഇന്ന് അത്ര സന്തുഷ്ടരല്ല. കാരണം മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ മെസ്സിക്ക് പരിക്ക് കാരണം കളം വിടേണ്ടി വന്നിരുന്നു. ഇടവേളയ്ക്ക് ശേഷം മയാമിയുടെ ആദ്യ ഇലവനിൽ ഇന്ന് തിരിച്ചെത്തിയ മെസ്സി മത്സരത്തിന്റെ 37 ആം മിനുട്ടിൽ പരിക്ക് കാരണം സബ് ചെയ്യപ്പെടുകയായിരുന്നു.
മെസ്സി മാത്രമല്ല മത്സരത്തിന്റെ 34 ആം മിനുട്ടിൽ ജോർഡി ആൽബയും പരിക്ക് കാരണം സബ് ചെയ്യപ്പെട്ടു. മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ മെസ്സിയെ പരിക്ക് മൂലം തിരിച്ച് വിളിച്ചത് ആരാധകർക്ക് നിരാശയും ആശങ്കയും നൽകുന്നു. സമീപ കാലത്തായി മെസ്സിയുടെ ഫിറ്റ്‌നസ് ആരാധകരെ ആശങ്കപ്പെടുത്തുന്നതാണ്. ലോകകപ്പ് യോഗ്യത മത്സരത്തിൽ ബോളിവിയയ്ക്കെതിരെ കളിക്കാതിരുന്ന മെസ്സി തൊട്ടടുത്ത മേജർ ലീഗ് മത്സരത്തിൽ അറ്റ്ലാന്റ യുണൈറ്റഡിനെതിരെയും കളിച്ചിരുന്നില്ല. ഇതിന് പിന്നാലെ ഇന്ന് 37 ആം മിനുട്ടിൽ സബ് ചെയ്യപ്പെടുകയും ചെയ്തു.
അതെ സമയം മത്സരത്തിൽ എതിരില്ലാത്ത 4 ഗോളുകൾക്ക് മയാമി വിജയിച്ചു. ഫരിയാസ്, ക്രിമാസ്ച്ചി എന്നിവർ ഓരോ ഗോളും ടയ്‌ലർ ഇരട്ട ഗോളുകളും മയാമിയ്ക്കായി നേടി.അതെ സമയം മെസ്സിയുടെ ഫിറ്റ്‌നസുമായും പരിക്കുമായും ബന്ധപ്പെട്ട വാർത്തകൾ വരും ദിവസങ്ങളിൽ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Lionel Messi and Jordi Alba were both subbed off in the first half with apparent injuries. pic.twitter.com/ZUDahKR2vA
— ESPN FC (@ESPNFC) September 21, 2023
മത്സരം വിജയിച്ചതോടെ 28 മത്സരങ്ങളിൽ നിന്നും 31 പോയിന്റുകൾ നേടിയ ഇന്റർ മിയാമി ഒരു സ്ഥാനം മുന്നോട്ടു നീങ്ങി 13 സ്ഥാനത്താണ് നിലവിലുള്ളത്. 29 മത്സരങ്ങളിൽ നിന്നും 22 പോയന്റ് മാത്രമുള്ള ടോറന്റോ അവസാന സ്ഥാനത്താണ്. മേജർ സോക്കർ ലീഗിൽ ലിയോ മെസ്സിക്കൊപ്പം വിജയങ്ങൾ തുടരുന്ന ഇന്റർ മിയാമി അടുത്ത എം എൽ എസ് ലീഗ് മത്സരത്തിൽ ഓർലാണ്ടോ സിറ്റിയെ സെപ്റ്റംബർ 25 തിങ്കളാഴ്ച ഇന്ത്യൻ സമയം പുലർച്ച അഞ്ചുമണിക്ക് നേരിടും.