ചൂടപ്പം പോലെ വിറ്റഴിഞ്ഞ് മെസ്സിയുടെ ജേഴ്‌സി, എന്ത് ചെയ്യണമെന്നറിയാതെ അഡിഡാസ് |Qatar 2022

ഖത്തർ വേൾഡ് കപ്പിന്റെ ഫൈനൽ മത്സരത്തിൽ ലയണൽ മെസ്സി നയിക്കുന്ന അർജന്റീനയുടെ എതിരാളികൾ നിലവിലെ കിരീട ജേതാക്കളായ ഫ്രാൻസാണ്. ആ മത്സരത്തിന് ഇനി മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. തന്റെ കരിയറിലെ ആദ്യ വേൾഡ് കപ്പ് കിരീടം നേടാൻ മെസ്സിക്ക് സാധിക്കുമോ എന്നുള്ളതാണ് ആരാധകർ നെഞ്ചിടിപ്പോടുകൂടി കാത്തിരിക്കുന്നത്.അതേസമയം കിരീടം നിലനിർത്തുക എന്നുള്ളതാണ് ഫ്രഞ്ച് പടയുടെ ലക്ഷ്യം.

വേൾഡ് കപ്പിന്റെ തുടക്കത്തിൽ തന്നെ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങേണ്ടി വന്ന അർജന്റീന പിന്നീട് ഒരു ഫീനിക്സ് പക്ഷേ പോലെ ഉയർത്തെഴുന്നേൽക്കുന്ന കാഴ്ചയാണ് ആരാധകർക്ക് കാണാൻ സാധിച്ചത്. പിന്നീടുള്ള എല്ലാ മത്സരങ്ങളും വിജയിച്ചു കൊണ്ടാണ് അർജന്റീന ഇപ്പോൾ ഫൈനൽ വരെ എത്തിനിൽക്കുന്നത്. അതിന് ഏറ്റവും കൂടുതൽ നന്ദി പറയേണ്ടത് ലയണൽ മെസ്സി എന്ന നായകനോടാണ്.അത്രയേറെ മികവിലാണ് മെസ്സി കളിച്ചിട്ടുള്ളത്.

നാൾക്കുനാൾ ലയണൽ മെസ്സിയുടെ ആരാധക പിന്തുണ വർദ്ധിച്ചുവരുന്ന ഒരു കാഴ്ചയാണ് നമുക്കിപ്പോൾ ഫുട്ബോൾ ലോകത്ത് നിന്നും കാണാൻ കഴിയുക.ലോകത്തിന്റെ മുക്കിലും മൂലയിലും മെസ്സിയുടെ ആരാധകരുണ്ട്. ലയണൽ മെസ്സിയുടെ അർജന്റീന ജേഴ്‌സി വിൽക്കുന്നത് പ്രമുഖ നിർമ്മാതാക്കളായ അഡിഡാസാണ്. ഈ വേൾഡ് കപ്പിന് മുന്നേ തന്നെ മെസ്സിയുടെ അർജന്റൈൻ ജഴ്സി വലിയ തോതിൽ വിറ്റഴിക്കാൻ അഡിഡാസിന് സാധിച്ചിരുന്നു.

എന്നാൽ ഇപ്പോൾ കാര്യങ്ങൾ കൈവിട്ട രീതിയിലാണ്. അർജന്റീന ഫൈനലിൽ പ്രവേശിച്ചതോടുകൂടി ലയണൽ മെസ്സിയുടെ ജേഴ്സിക്ക് ഇരട്ടി ഡിമാന്റാണ്. ഫലമോ അഡിഡാസ് നിർമ്മിക്കുന്ന ലയണൽ മെസ്സിയുടെ ജേഴ്സിയുടെ സ്റ്റോക്ക് ഇപ്പോൾ തീർന്നിട്ടുണ്ട്.അഡിഡാസിന്റെ പ്രധാനപ്പെട്ട ഔട്ട്ലെറ്റുകളിൽ എല്ലാം മെസ്സിയുടെ ജേഴ്സി ലഭ്യമല്ല എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തേക്ക് വരുന്നത്. ഡിമാന്റിന് അനുസരിച്ചുള്ള ഉത്പാദനം നടത്താൻ അഡിഡാസിന് സാധിക്കാതെ പോവുകയായിരുന്നു.

അത്രയേറെ വലിയ ഡിമാൻഡ് ആണ് ഇപ്പോൾ മെസ്സിയുടെ ജേഴ്‌സിയുടെ കാര്യത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. ഇതിനെതിരെ വലിയ പരാതി പ്രവാഹം ഉണ്ടെങ്കിലും അർജന്റീന ഫുട്ബോൾ അസോസിയേഷൻ ഇക്കാര്യത്തിൽ ഒന്നും ചെയ്യാൻ സാധിക്കില്ല. മറിച്ച് അഡിഡാസ്‌ ഉത്പാദനം വർദ്ധിപ്പിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രത്യേകിച്ച് ഫൈനലിൽ അർജന്റീന വിജയിച്ചുകൊണ്ട് കിരീടം നേടുകയാണെങ്കിൽ വലിയ രൂപത്തിലുള്ള ഉത്പാദനം നടത്താനാണ് ഇപ്പോൾ അഡിഡാസിന്റെ പദ്ധതി.

അഡിഡാസിന് പോലും ഊഹിക്കാനാവാത്ത വിധമുള്ള ഡിമാന്റാണ് ജേഴ്സിയുടെ കാര്യത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ലയണൽ മെസ്സിയുടെ ആരാധക പിന്തുണ എത്രത്തോളമുണ്ട് എന്നുള്ളതിന്റെ തെളിവുകളാണ് ഈ റിപ്പോർട്ടുകൾ.

Rate this post