ലയണൽ മെസ്സി ബാഴ്സയിലേക്ക് തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായിരുന്നു. ബാഴ്സ മെസ്സിക്ക് പുതിയ കരാർ നൽകിയെന്നും മെസ്സി പുതിയ കരാറിനോട് അനുകൂലനിലപാട് സ്വീകരിച്ചെന്നും വാർത്തകൾ പുറത്ത് വന്നിരുന്നു. മെസ്സി ബാഴ്സയിലേക്ക് 80 ശതമാനത്തോളം അടുത്തുവെന്നും പല കായിക മാധ്യമ പ്രവർത്തകരും റിപ്പോർട്ട് ചെയ്തിരുന്നു.
ഇപ്പോഴിതാ മെസ്സിയുടെ കാര്യത്തിൽ പുതിയ അപ്ഡേറ്റുകൾ പുറത്ത് വിട്ടിരിക്കുകയാണ് പ്രമുഖ ഫുട്ബോൾ മാധ്യമ പ്രവർത്തകൻ ജെറാർഡ് റൊമെറൊ. മെസ്സി ബാഴ്സലോണയിൽ എത്തിയെന്നാണ് റൊമെറൊ റിപ്പോർട്ട് ചെയ്യുന്നത്. മെസ്സിയോടൊപ്പം താരത്തിന്റെ അസിസ്റ്റന്റുകളും കുടുംബങ്ങളുമാണ് ബാഴ്സയിൽ എത്തിയതെന്നും കൂടാതെ 15 സ്യുട്ട്കേസുകളും മെസ്സിക്കൊപ്പം ഉണ്ടായിരുന്നെന്നും റൊമെറൊ സ്ഥിരീകരിക്കുന്നു.
ഇത്തരത്തിൽ മെസ്സി കുടുംബവുമായും മറ്റ് സജ്ജീകരണത്തോടെയും ബാഴ്സയിൽ എത്തിയത് അദ്ദേഹം ബാഴ്സയുടെ പുതിയ കരാറിൽ ഒപ്പ് വെയ്ക്കാനും അടുത്ത സീസണിൽ ബാഴ്സയിൽ കളിക്കുന്നതിന്റെ ഭാഗമായി ബാഴ്സയിൽ താമസിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ക്രമീകരിക്കാനും വേണ്ടിയാണ് എന്നാണ് വാർത്തകൾ.
🚨🚨| BREAKING: Leo Messi arrived in Barcelona with 15 suitcases!@gerardromero [🎖️] pic.twitter.com/fCzaY0gKxs
— Managing Barça (@ManagingBarca) April 22, 2023
തന്റെ ക്ലബ് ഫുട്ബോൾ കരിയറിൽ 18 വർഷത്തോളം ബാഴ്സയിൽ ചിലവഴിച്ച മെസ്സി ആരാധകരെ ഞെട്ടിച്ച് 2021 ലാണ് ഫ്രഞ്ച് ക്ലബ് പിഎസ്ജിയിലേക്ക് കൂടുമാറുന്നത്. മെസ്സി ക്ലബ് വിട്ടതിനു പിന്നാലെ ബാഴ്സ ആരാധകരിൽ നിന്നും മെസ്സിയെ തിരികെയെത്തിക്കാൻ ആവശ്യമുയർന്നിരുന്നു. കൂടാതെ ബാഴ്സയും മെസ്സിയെ തിരികെയെത്തിക്കാണ് കഠിന ശ്രമങ്ങൾ നടത്തിയിരുന്നു. ആ ശ്രമങ്ങളും ആവശ്യവുമാണ് ഇപ്പോൾ സഫലമായിക്കൊണ്ടിരിക്കുന്നത്.