മാസ്മരിക പ്രകടനത്തിൽ ലയണൽ മെസ്സി സ്വന്തമാക്കിയത് രണ്ട് തകർപ്പൻ റെക്കോർഡുകൾ |Qatar 2022

വേൾഡ് കപ്പിൽ നടന്ന സെമിഫൈനൽ പോരാട്ടത്തിൽ ക്രൊയേഷ്യക്കെതിരെ വമ്പൻ വിജയമാണ് അർജന്റീന സ്വന്തമാക്കിയിട്ടുള്ളത്. ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് ക്രൊയേഷ്യയെ പരാജയപ്പെടുത്തിക്കൊണ്ട് രാജകീയമായാണ് അർജന്റീന ഫൈനലിൽ പ്രവേശിച്ചിരിക്കുന്നത്.മോറോക്കോ- ഫ്രാൻസ് സെമിഫൈനലിൽ വിജയിക്കുന്നവരെയായിരിക്കും അർജന്റീനക്ക് ഫൈനൽ മത്സരത്തിൽ നേരിടേണ്ടി വരിക.

മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച അർജന്റീന കൃത്യമായ ഇടവേളകളിൽ ഗോളുകൾ നേടുകയായിരുന്നു. ലയണൽ മെസ്സിയും ജൂലിയൻ ആൽവരസുമാണ് അർജന്റീനക്ക് വേണ്ടി തിളങ്ങിയത്. രണ്ട് ഗോളുകൾ ജൂലിയൻ ആൽവരസ് നേടിയപ്പോൾ ഒരു ഗോളും ഒരു അസിസ്റ്റുമാണ് മെസ്സി മത്സരത്തിൽ നിന്നും സ്വന്തമാക്കിയിട്ടുള്ളത്.

ഇതോടുകൂടി വേൾഡ് കപ്പ് ചരിത്രത്തിൽ മറ്റൊരു റെക്കോർഡ് മെസ്സി സ്വന്തമാക്കിയിട്ടുണ്ട്. അതായത് ഈ ഖത്തർ വേൾഡ് കപ്പിൽ ഇത് മൂന്നാമത്തെ തവണയാണ് ഒരു മത്സരത്തിൽ മെസ്സി ഗോളും അസിസ്റ്റും നേടുന്നത്.ഇത് ചരിത്രമാണ്. 1966 ന് ശേഷം ആരും തന്നെ ഈയൊരു നേട്ടം കൈവരിച്ചിട്ടില്ല. മെസ്സിയാണ് ഇപ്പോൾ ഈയൊരു റെക്കോർഡ് സ്വന്തമാക്കിയിട്ടുള്ളത്.

മറ്റൊരു റെക്കോർഡ് കൂടി മെസ്സി കരസ്ഥമാക്കിയിട്ടുണ്ട്. അതായത് വേൾഡ് കപ്പിന്റെ ചരിത്രത്തിൽ അർജന്റീനക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം എന്ന റെക്കോർഡ് ആണ് മെസ്സി കരസ്ഥമാക്കിയിട്ടുള്ളത്. 11 ഗോളുകളാണ് മെസ്സി സ്വന്തമാക്കിയിട്ടുള്ളത്. 10 ഗോളുകൾ നേടിയിട്ടുള്ള ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയെയാണ് മെസ്സി മറികടന്നിട്ടുള്ളത്.

ഈ വേൾഡ് കപ്പിൽ ഇപ്പോൾ 5 ഗോളുകളും മൂന്ന് അസിസ്റ്റുകളും മെസ്സി സ്വന്തമാക്കി കഴിഞ്ഞു. അതായത് 8 ഗോളുകളിൽ മെസ്സി തന്റെ കോൺട്രിബ്യൂഷൻ വഹിച്ചു കഴിഞ്ഞു. മെസ്സി തന്നെയാണ് അർജന്റീനയെ ഈയൊരു കലാശ പോരാട്ടത്തിലേക്ക് എത്തിച്ചിട്ടുള്ളത്.ആ കിരീടം കൂടി ഷെൽഫിലേക്ക് എത്തിക്കാൻ മെസ്സിക്കും അർജന്റീനക്കും കഴിയുമെന്ന് തന്നെയാണ് ആരാധകർ വിശ്വസിക്കുന്നത്.