ഖത്തർ ലോകകപ്പ് ഫൈനൽ തന്റെ അവസാനത്തെ ലോകകപ്പ് ആകുമെന്ന് ക്രൊയേഷ്യക്കെതിരായ സെമി ഫൈനൽ മത്സരത്തിലെ വിജയത്തിന് ശേഷം മെസി പറഞ്ഞിരുന്നു. ലോകകപ്പിന് മുൻപും ഇക്കാര്യം പറഞ്ഞിരുന്ന ലയണൽ മെസി പക്ഷെ അർജന്റീന ദേശീയ ടീമിൽ നിന്നും വിരമിക്കാനുള്ള പദ്ധതിയുണ്ടെന്ന സൂചനയൊന്നും നൽകിയില്ല. അതുകൊണ്ടു തന്നെ 2024ൽ നടക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റ് വരെയെങ്കിലും മെസി ദേശീയ ടീമിനൊപ്പം ഉണ്ടാകുമെന്നാണ് ഇപ്പോൾ കരുതാവുന്നത്.
വളരെ സൗന്ദര്യമുള്ള ഫുട്ബോൾ കളിക്കുന്ന താരമായതിനാൽ തന്നെ കളി നിർത്തുമെന്ന സൂചനകൾ മെസി നൽകുന്നത് ആരാധകർക്ക് വളരെയധികം അസ്വസ്ഥത സൃഷ്‌ടിക്കുന്ന കാര്യമാണ്. ആരാധകർക്ക് മാത്രമല്ല, മെസിയുടെ സഹതാരങ്ങളായ എമിലിയാനോ മാർട്ടിനസ്, ക്രിസ്റ്റ്യൻ റൊമേരോ അർജന്റീന പരിശീലകൻ ലയണൽ സ്‌കലോണി എന്നിവരെല്ലാം മെസിയോട് അർജന്റീന ടീമിൽ തുടരാൻ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ബ്രസീലിയൻ ഇതിയാസമായ റൊണാൾഡീന്യോയും മെസി കളിക്കളത്തിൽ തുടരാൻ പിന്തുണ നൽകി.
“ഇത് മെസിയുടെ അവസാനത്തെ ലോകകപ്പാണെന്ന് പറയുന്നു, ദേശീയ ടീമിലേക്ക് താരം തിരിച്ചു വരുമെന്ന കാര്യത്തിൽ എനിക്കുറപ്പുണ്ടായിരുന്നു. ഈ കിരീടം നേടാൻ സാധ്യമായതെല്ലാം മെസി ചെയ്യും. എന്റെ അഭിപ്രായത്തിൽ ലയണൽ മെസിക്ക് അമ്പതു വയസു വരെയും കളിക്കാൻ കഴിയും. കാരണം മറ്റുള്ളവർക്കില്ലാത്ത ഒരു നിലവാരം ലയണൽ മെസിക്കുണ്ട്.” മെസിയുടെ സഹതാരം കൂടിയായിരുന്ന റൊണാൾഡീന്യോ പറഞ്ഞത് മാർക്ക റിപ്പോർട്ട് ചെയ്‌തു.
Ronaldinho believes Lionel Messi could play on until 50 https://t.co/JHEGIApUSB
— Football España (@footballespana_) December 17, 2022
ഇത് അവസാനത്തെ ലോകകപ്പ് ആയിരിക്കുമെന്ന് പറഞ്ഞ ലയണൽ മെസിക്ക് ലോകകപ്പിന് ശേഷവും നിരവധി കാര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കാനുണ്ട്. അതിൽ പ്രധാനം ക്ലബ് ഫുട്ബോളിലെ തന്റെ ഭാവിയാണ്. നിലവിൽ പിഎസ്‌ജി താരമായ ലയണൽ മെസിയുടെ കരാർ ഈ സീസണോടെ അവസാനിക്കുകയാണ്. പുതിയ കരാറുമായി പിഎസ്‌ജി കാത്തിരിക്കുന്നുണ്ടെങ്കിലും അതിൽ ഒപ്പു വെക്കണോ എന്നതിനെക്കുറിച്ച് ലോകകപ്പിന് ശേഷമേ മെസി തീരുമാനമെടുക്കൂ.