ലയണൽ മെസി ബാഴ്‌സയിലേക്ക് തിരിച്ചു വരുമെന്ന അഭ്യൂഹങ്ങളാണ് ഫുട്ബോൾ ലോകത്ത് ഇപ്പോൾ ശക്തമായി ഉയർന്നു കൊണ്ടിരിക്കുന്നത്. ഖത്തർ ലോകകപ്പിന് ശേഷം മെസി പിഎസ്‌ജി കരാർ പുതുക്കുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഇതുവരെയും അത് നടക്കാതെ വന്നതോടെയാണ് ഈ അഭ്യൂഹങ്ങൾ ശക്തമായത്.
ലയണൽ മെസിയുടെ തിരിച്ചു വരവുമായി ബന്ധപ്പെട്ട് ബാഴ്‌സലോണ വൈസ് പ്രസിഡന്റും പരിശീലകൻ സാവിയുമെല്ലാം അനുകൂലമായ പ്രതികരണമാണ് നടത്തിയത്. സാവിയും മെസിയും തമ്മിൽ ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കാറ്റലൻ മാധ്യമമായ സ്പോർട്ടാണ് ലയണൽ മെസിയും സാവിയും തമ്മിൽ ഫോണിൽ ബന്ധപ്പെടുന്നുണ്ടെന്നു പുറത്തു വിട്ടത്.
ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സ്‌പാനിഷ് മാധ്യമം മെസിയുടെ വക്താക്കളെ പ്രതികരണത്തിനായി സമീപിച്ചിരുന്നു. മെസിയും സാവിയും തമ്മിൽ മികച്ച ബന്ധം നിലനിൽക്കുന്നുണ്ടെന്നാണ് അവർ മറുപടിയായി പറഞ്ഞത്. എന്നാൽ മെസിയുടെ ഭാവിയുമായി ബന്ധപ്പെട്ട് യാതൊരു വിധ കാര്യങ്ങളും ഇരുവരും തമ്മിൽ സംസാരിക്കുന്നില്ലെന്നാണ് അവരുടെ റിപ്പോർട്ടുകൾ പറയുന്നത്.
ലയണൽ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചെത്തുന്നത് പ്രതീക്ഷിച്ചിരിക്കുന്ന ആരാധകരെ നിരാശരാക്കുന്നതാണ് ഈ റിപ്പോർട്ടുകൾ. സാവിയാണ് മെസിയുടെ തിരിച്ചു വരവിനായി ചരടുവലികൾ നടത്തുന്നതെന്നാണ് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. എന്നാൽ അതിൽ വാസ്‌തവമൊന്നും ഇല്ലെന്ന വാർത്തകൾ ആരാധകർക്ക് നിരാശയുണ്ടാക്കുന്നതാണ്.
News From Spain: Lionel Messi denies conversations over future with Xavi Hernandez https://t.co/J031xxZRMc pic.twitter.com/ixqUKhvNLL
— The Football Kings (@FootballKings__) April 13, 2023
ബാഴ്‌സലോണയുടെ കേന്ദ്രമായിരുന്ന ലയണൽ മെസി പിഎസ്‌ജിയിൽ എത്തിയതിനു ശേഷം അത്ര മികച്ച ഫോമിലല്ല. എന്നാൽ അർജന്റീന ടീമിനായി ഉജ്ജ്വല ഫോമിൽ താരം കളിക്കുന്നുമുണ്ട്. ബാഴ്‌സയിലേക്ക് തിരിച്ചു വന്നാൽ മെസിക്ക് കൂടുതൽ സ്വാതന്ത്ര്യം ലഭിക്കുമെന്നും മികച്ച പ്രകടനം ഉണ്ടാകുമെന്നുമാണ് ആരാധകർ വിശ്വസിക്കുന്നത്.