ഞാനുണ്ടാക്കുന്ന കുഴപ്പങ്ങളെല്ലാം ലയണൽ മെസ്സി ആസ്വദിക്കുന്നു : എമിലിയാനോ മാർട്ടിനസ്

സൂപ്പർ താരം ലയണൽ മെസ്സിയുടെ വളരെ അടുത്ത സുഹൃത്തായി മാറാൻ അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിന് വളരെ ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ സാധിച്ചിരുന്നു.ലയണൽ മെസ്സിയെ ഏറെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് മാർട്ടിനസ്.മെസ്സിക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറാണ് എന്നുള്ളത് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ കോപ്പ അമേരിക്ക കിരീടനേട്ടത്തോട് കൂടി ആ ബന്ധം ദൃഢമാവുകയും ചെയ്തിരുന്നു. ലയണൽ മെസ്സിയും ഒരുപാട് തവണ എമിയെക്കുറിച്ച് മനസ്സ് തുറന്ന് സംസാരിച്ചിട്ടുണ്ട്. എന്നാൽ ഓരോ അഭിമുഖത്തിലും മെസ്സിയെ പറ്റി പുതിയ കാര്യങ്ങൾ പറയാനുള്ള വ്യക്തിയാണ് എമി മാർട്ടിനസ്.പുതുതായി നൽകിയ അഭിമുഖത്തിലും മെസ്സിയെക്കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.

അതായത് പരിശീലനവേളകളിൽ എന്തെങ്കിലുമൊക്കെ കുഴപ്പങ്ങളും തമാശകളും ഉണ്ടാക്കുന്ന വ്യക്തിയാണ് താൻ എന്നാണ് എമി പറഞ്ഞിട്ടുള്ളത്. തനിക്ക് ബോറടിക്കാതിരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്നും ലയണൽ മെസ്സി അത് വളരെയധികം ആസ്വദിക്കുമെന്നും എമി മാർട്ടിനെസ് കൂട്ടിച്ചേർത്തിട്ടുണ്ട്.

‘ മെസ്സി വളരെയധികം തുറന്ന ഒരു വ്യക്തിയാണ്.നമ്മൾ എപ്പോഴും അദ്ദേഹത്തെ ബഹുമാനിക്കും. എന്നിരുന്നാലും എപ്പോഴും എന്തെങ്കിലുമൊക്കെ കുഴപ്പങ്ങൾ സൃഷ്ടിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. അല്ലെങ്കിൽ എനിക്ക് പരിശീലനങ്ങളിൽ ബോറടിക്കും.ലയണൽ മെസ്സി അത് ആസ്വദിക്കുകയും ചെയ്യും. ഞങ്ങൾ കോപ്പ അമേരിക്ക കിരീടം നേടിയ സമയത്ത് ലയണൽ മെസ്സി ഒരു കൊച്ചു കുഞ്ഞിനെ പോലെയായിരുന്നു. ഞാനും ഒരു ചെറിയ കുട്ടിയെ പോലെ കരഞ്ഞു. ഞങ്ങളുടെ ആ 45 ദിവസങ്ങൾ വളരെയധികം ഐക്യത്തോടുകൂടിയായിരുന്നു ഞങ്ങൾ കഴിഞ്ഞിരുന്നത് ‘ അർജന്റീന ഗോൾകീപ്പർ പറഞ്ഞു.

ലയണൽ മെസ്സിയെ സംബന്ധിച്ചിടത്തോളം ഒരു അന്താരാഷ്ട്ര കിരീടം ഇല്ലാത്തതിന്റെ ഭാരം കഴിഞ്ഞ കോപ്പ അമേരിക്ക കിരീടത്തോട് ഇറക്കിവെക്കാൻ സാധിച്ചിരുന്നു. അതുകൊണ്ടുതന്നെയായിരുന്നു മെസ്സി ഒരു കൊച്ചു കുഞ്ഞിനെ പോലെ അന്ന് പറഞ്ഞത്.ഇനി സമ്മർദ്ദങ്ങൾ ഒന്നുമില്ലാതെ മെസ്സിക്ക് ഖത്തർ വേൾഡ് കപ്പ് കളിക്കാൻ സാധിക്കും.

Rate this post
ArgentinaEmiliano MartinezLionel Messi