മെസിയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ദിവസമായിരുന്നു 2021 ജൂൺ 30. ലയണൽ മെസ്സി ബാഴ്സലോണ താരമല്ലാതായിരിക്കുകയാണ്. ഇന്നലെ അർദ്ധരാത്രിയോടെ ലയണൽ മെസ്സിയും ബാഴ്സലോണയും തമ്മിലിള്ള കരാർ അവസാനിച്ചു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി ഒപ്പമുണ്ടായിരുന്ന ബാഴ്സലോണയിൽ ഇനി മെസി തുടരുമോയെന്നതാണ് ഫുട്ബോൾ ലോകത്തെ ഈ നിമിഷത്തിലെ ഏറ്റവും വലിയ ചോദ്യം.കരിയറിൽ ഇത്ര കാലവും ബാഴ്സലോണക്ക് ഒപ്പം ഉണ്ടായിരുന്ന മെസ്സി ആദ്യമായി ബാഴ്സലോണയുടെ താരമല്ലാതായിരിക്കുകയാണ്. ഇപ്പോൾ ഫ്രീ ഏജന്റാണ് മെസ്സി എങ്കിലും ഉടൻ തന്നെ താരം ബാഴ്സലോണയിൽ കരാർ ഒപ്പുവെക്കും എന്നാണ് എല്ലാവരും പ്രതീക്ഷിക്കപ്പെടുന്നത്.
2019-20 സീസണിന്റെ അവസാനത്തിൽ മെസ്സിയുടെ ട്രാൻസ്ഫർ അപേക്ഷ ക്ലബ് നിരസിച്ചത് മുതൽ താരം ബാഴ്സ വിട്ടു പോകുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമായത്.ക്ലബ്ബിന്റെയും മെസിന്റെയും ചരിത്രത്തിലെ ഏറ്റവും മോശം തോൽവിയായ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ ബയേൺ മ്യൂണിക്കിനോട് ടീം 8-2ന് തോറ്റതിന് തൊട്ടുപിന്നാലെയാണ് ക്ലബ് വിടണമെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്.എന്നാൽ അതിനു ശേഷം കാര്യങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടായി .അർജന്റീന താരവുമായുള്ള നല്ല ബന്ധം പുലർത്തുന്ന വിജയിച്ച ജോവാൻ ലാപോർട്ട ക്ലബ്ബിന്റെ പ്രസിഡന്റ് ആയതോടെ മെസ്സി ബാഴ്സയിൽ ഉറച്ചു നിൽക്കാനുള്ള സാധ്യതയും കൂടി.മെസ്സി കരാർ പുതുക്കുമെന്ന് തനിക്ക് ശുഭാപ്തി വിശ്വാസമുണ്ടെന്ന് ലാപോർട്ട അടുത്തിടെ പറഞ്ഞു. ബുധനാഴ്ച മെസ്സിയുടെ ഭാവിയെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം “വിഷമിക്കേണ്ട” എന്ന് ചുരുക്കമായി പറഞ്ഞു. മെസ്സിക്ക് ബാഴ്സലോണ രണ്ടു വർഷത്തെ കരാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. ആ കരാർ മെസ്സി അംഗീകരിക്കും. പക്ഷെ ചില സാങ്കേതിക കാര്യങ്ങൾ ഉണ്ടെന്നും അത് പരിഹരിച്ച് മെസ്സിയെ ക്ലബിനൊപ്പം നിലനിർത്തും എന്നും ബാഴ്സലോണ പ്രസിഡന്റ് ലപോർട പറഞ്ഞു.
Lionel Messi will become a free agent as of midnight on June 30, as the Argentine has yet to agree to a new contract with the club. 🔴🔵#messi #Barca pic.twitter.com/ly7eTS7dbA
— Sportskeeda Football (@skworldfootball) June 30, 2021
2017 ൽ ബാഴ്സയുമായി ഒരു സീസണിൽ 138 ദശലക്ഷം യൂറോ (164 ദശലക്ഷം ഡോളർ) എന്ന കണക്കിലുള്ള നാല് വർഷത്തെ കരാറാണ് മെസ്സി ഒപ്പുവെച്ചിരുന്നത്. കൊറോണ വൈറസ് പാൻഡെമിക്കിനിടയിൽ ക്ലബ് സാമ്പത്തികമായി മെച്ചപ്പെടുന്നത് ബാഴ്സലോണയ്ക്ക് അനുകൂല ഘടകമാണ്. കോച്ച് റൊണാൾഡ് കോമാൻ ബാഴ്സലോണയിൽ തുടരുന്നതും മെസ്സിക്കൊപ്പം പുതിയ താരങ്ങളായ മെംഫിസ് ഡെപെയ്, സെർജിയോ അഗ്യൂറോ, എറിക് ഗാർസിയ എന്നിവർക്ക് കൂടി ചേരുമ്പോൾ ബാഴ്സ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തും എന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.
17 സീസണുകളിൽ ബാഴ്സലോണയ്ക്കൊപ്പം 35 കിരീടങ്ങൾ മെസ്സി നേടിയിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ് നാല് തവണയും സ്പാനിഷ് ലീഗ് 10 തവണയും കോപ ഡെൽ റേ ഏഴു തവണയും സ്പാനിഷ് സൂപ്പർ കപ്പ് എട്ട് തവണയും നേടി.ക്ലബിനൊപ്പം ആയിരിക്കുമ്പോൾ, മെസി റെക്കോർഡ് ആറ് ബാലൺ ഡി ഓർ അവാർഡുകൾ നേടി. 778 മത്സരങ്ങളിൽ നിന്ന് 672 ഗോളുകളുമായി ടീമിന്റെ എക്കാലത്തെയും മുൻനിര സ്കോററാണ്, 520 മത്സരങ്ങളിൽ നിന്ന് 474 ഗോളുകളുമായി സ്പാനിഷ് ലീഗിലെ ടോപ് സ്കോറർ. ക്ലബുമായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച കളിക്കാരൻ കൂടിയാണ് അദ്ദേഹം.എട്ട് സീസണുകളിൽ സ്പാനിഷ് ലീഗിലെ ടോപ് സ്കോററും ആറ് തവണ ചാമ്പ്യൻസ് ലീഗിൽ ടോപ് സ്കോററുമായിരുന്നു. റയൽ മാഡ്രിഡിനെതിരായ അദ്ദേഹത്തിന്റെ 26 ഗോളുകൾ ബാഴ്സലോണയുടെ കടുത്ത എതിരാളിക്കെതിരായ “ക്ലസിക്കോ” മത്സരങ്ങളുടെ റെക്കോർഡാണ്.
13 ആം വയസ്സിലാണ് മെസ്സി ബാഴ്സ അക്കാദമിയിലെത്തുന്നത്. 2004 ഒക്ടോബർ 16 നാണ് മെസ്സി ബാഴ്സയിൽ ഔദ്യോഗികമായി അരങ്ങേറ്റം കുറിക്കുന്നത്. രണ്ടു വർഷത്തിന് ശേഷം ബാഴ്സയ്ക്കൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം നേടുകയും ചെയ്തു.