കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഫിഫ അവാർഡ് അർജന്റീന താരങ്ങൾ തൂത്തു വാരിയിരുന്നു. ലയണൽ മെസി മികച്ച താരത്തിനുള്ള അവാർഡ് സ്വന്തമാക്കിയപ്പോൾ മികച്ച പരിശീലകനായി ലയണൽ സ്‌കലോണിയും മികച്ച ഗോൾകീപ്പറായി എമിലിയാനോ മാർട്ടിനസും തിരഞ്ഞെടുക്കപ്പെട്ടു. അർജന്റീന ആരാധകർ മികച്ച ഫാൻസിനുള്ള പുരസ്‌കാരവും സ്വന്തമാക്കി.
ലോകകപ്പിൽ മികച്ച പ്രകടനം നടത്തി കിരീടം സ്വന്തമാക്കിയ ലയണൽ മെസി പുരസ്‌കാരം അർഹിക്കുന്നുവെന്ന് ഭൂരിഭാഗവും കരുതുന്നുണ്ടെങ്കിലും അവാർഡ് നൽകിയതിനു പിന്നാലെ ബെൻസിമ ഇൻസ്റ്റാഗ്രാമിൽ ഇട്ട പോസ്റ്റ് അതിനെ ചോദ്യം ചെയ്യുന്നതായിരുന്നു. കഴിഞ്ഞ സീസണിൽ താൻ സ്വന്തമാക്കിയ നേട്ടങ്ങളാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ബെൻസിമ പോസ്റ്റ് ചെയ്‌തത്.
അതേസമയം ബെൻസിമയുടെ പോസ്റ്റുകൾക്ക് മറുപടിയെന്ന രീതിയിൽ ഇൻസ്റ്റഗ്രാം സ്റ്റോറിയുമായി ലയണൽ മെസി രംഗത്തു വന്നത് ആവേശം കൊഴുപ്പിച്ചു. തന്റെ ലോകകപ്പ് ചിത്രങ്ങളാണ് മെസി ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ മെസി പോസ്റ്റ് ചെയ്‌തത്. എന്ത് നേട്ടത്തിന്റെ പുറത്താണ് തനിക്ക് ഫിഫ ബെസ്റ്റ് അവാർഡ് നൽകിയതെന്ന് ഈ ചിത്രങ്ങളിലൂടെ മെസി വ്യക്തമാക്കുന്നു.
Messi told Benzema to go to sleep 😭 pic.twitter.com/mt9dCUcPov
— MC (@CrewsMat10) March 1, 2023
സാധാരണ തനിക്കെതിരെയുള്ള വിമർശനങ്ങളിൽ ലയണൽ മെസി മറുപടിയൊന്നും നൽകാറില്ല, പുരസ്‌കാരങ്ങളുടെ കാര്യത്തിൽ പ്രത്യേകിച്ചും. എന്നാൽ പൊരുതി നേടിയ ലോകകപ്പ് കിരീടത്തെ അത്രയധികം മൂല്യമുള്ളതായി കരുതുന്നതു കൊണ്ട് തന്നെയാകണം അതിന്റെ പേരിൽ ലഭിച്ച അവാർഡിന് വിമർശിച്ചവർക്ക് മെസി അതെ നാണയത്തിൽ മറുപടി നൽകിയത്.