അത്ഭുതകരമായ പ്രകടനത്തിലൂടെ ഇന്റർ മയാമിക്ക് ചരിത്രത്തിലെ ആദ്യത്തെ കിരീടം നേടികൊടുത്തിരിക്കുകയാണ് അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സി. നാഷ്‌വില്ലേക്കെതിരെയുള്ള ആവേശകരമായ കലാശ പോരാട്ടത്തിൽ പെനാൽറ്റി ഷൂട്ട് ഔട്ടിലാണ് ഇന്റർ മയാമി വിജയം നേടിയെടുത്തത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് കടന്നത്.
എതിർ ടീമിന്റെ ഹോം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സൂപ്പർ താരമായ ലിയോ മെസ്സിയുടെ ഗോളിൽ 23 മിനിറ്റിൽ ലീഡ് നേടിയ ഇന്റർമിയാമി ആദ്യപകുതിയിലും ഒരു ഗോൾ ലീഡിലാണ് കളി അവസാനിപ്പിച്ചത്.എന്നാൽ ഫൈനൽ മത്സരത്തിൽ തോൽക്കാൻ തയ്യാറല്ലാത്ത നാഷ്വില്ലേ 57 മിനിറ്റിൽ പികാൾട്ടിന്റെ ഗോളിലൂടെ ഇന്റർ മിയാമിക്കെതിരെ സമനില സ്കോർ ചെയ്തു.
തുടർന്ന് വിജയ ഗോളിന് വേണ്ടി ഇരു ടീമുകളും ശക്തമായി ആക്രമിച്ചു കളിച്ചെങ്കിലും നിശ്ചിത സമയത്ത് മത്സരം സമനിലയിലാണ് അവസാനിച്ചത്. തുടർന്ന് നടന്ന പെനാൽറ്റി ഷൂട്ടൗട്ടിലും ഇരു ടീമുകളും തുല്യ ഗോളുകൾ നേടിയതിനാൽ പിന്നീട് മത്സരം സഡൻ ഡേത്തിലേക്ക് നീണ്ടു. ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ 10-9 എന്ന സ്കോറിന് വിജയം നേടി ഇന്റർ മിയാമി ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യത്തെ കിരീടം സ്വന്തമാക്കി.
മത്സരത്തിന് ശേഷം കിരീടം നേടുന്ന ചാണ്ടങ്കിൽ മെസ്സിയുടെ ഒരു പ്രവർത്തി ഇന്റർനെറ്റിൽ വൈറലായി മാറിയിരിക്കുകയാണ്. മെസ്സി ഇന്റർ മിയാമിയിൽ എത്തിയപ്പോൾ തന്നെ ക്യാപ്റ്റന്റെ ആം ബാൻഡ് ലഭിച്ചരുന്നു.മെസ്സി ക്ലബ്ബിൽ ചേർന്നപ്പോൾ ഡിആന്ദ്രെ യെഡ്‌ലിൻ തന്റെ നായകസ്ഥാനം അർജന്റീന ലോകകപ്പ് ജേതാവിന് വിട്ടുകൊടുക്കുകയും ചെയ്തിരുന്നു.ട്രോഫി അവതരണ വേളയിൽ മെസ്സി യെഡ്‌ലിന് ക്യാപ്റ്റൻസി ആംബാൻഡ് നൽകി ട്രോഫി ഒരുമിച്ച് ഏറ്റുവാങ്ങി.മെസിയുടെ പ്രവൃത്തിക്ക് വളരെയധികം അഭിനന്ദനമാണ് ഫുട്ബോൾ ലോകത്ത് നിന്നും വരുന്നത്.