ലോകകപ്പ് അടുത്തിരിക്കെ പിഎസ്ജി കരാറിലെ അർജന്റീന ക്ലോസ് മെസി ഉപയോഗിക്കും, ആരാധകർക്ക് ആശ്വാസം

ഖത്തർ ലോകകപ്പിൽ കിരീടസാധ്യത കൽപ്പിക്കപ്പെടുന്ന ടീമുകളിൽ ഒന്നാണ് അർജൻറീന. എന്നാൽ ലോകകപ്പ് അടുത്തിരിക്കെ അർജന്റീന ടീമിലെ നിരവധി താരങ്ങളാണ് പരിക്കേറ്റു പുറത്തിരിക്കുന്നത്. ഇതിൽ പലരും ലോകകപ്പിനു മുൻപ് തിരിച്ചെത്തുമെന്ന പ്രതീക്ഷയുണ്ടെങ്കിലും ക്ലബ് സീസൺ നടന്നു കൊണ്ടിരിക്കുന്നതിനാൽ ഏതു താരങ്ങൾക്കും പരിക്കേൽക്കാനുള്ള സാധ്യതയുള്ളത് ആരാധകർക്ക് ആശങ്ക തന്നെയാണ്.

ലയണൽ മെസിയെ സംബന്ധിച്ചാണ് അർജന്റീന ആരാധകർക്ക് പ്രധാനമായും ഉത്കണ്ഠയുള്ളത്. ടീമിന്റെ നായകനും ഏറ്റവും പ്രധാനപ്പെട്ട താരവുമായ ലയണൽ മെസിയുടെ ഫോമിലാണ് അർജന്റീനയുടെ കിരീടപ്രതീക്ഷകൾ. അതിനാൽ താരത്തിന് പരിക്കേറ്റാൽ അത് അർജൻറീന ടീമിന്റെ ഫോമിനെ മാത്രമല്ല, കളിക്കാരുടെ ആത്മവിശ്വാസത്തെയും ഇല്ലാതാക്കും.

അതേസമയം ലോകകപ്പിന്റെ തൊട്ടരികിൽ വെച്ചു പരിക്കേൽക്കുന്നതു തടയാൻ പിഎസ്ജി കരാറിലുള്ള അർജൻറീന ക്ലോസ് മെസി ഉപയോഗിക്കുമെന്നാണ് അർജൻറീനിയൻ ജേണലിസ്റ്റായ ഗാസ്റ്റൺ എഡുലിന്റെ റിപ്പോർട്ടുകൾ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതു പ്രകാരം ഓക്സെറെക്കെതിരെ നടക്കുന്ന അടുത്ത ഫ്രഞ്ച് ലീഗ് മത്സരത്തിനു മുൻപു തന്നെ ലയണൽ മെസി പിഎസ്ജി ക്യാമ്പ് വിടും.

ക്ലബുകളുമായുള്ള കരാറിൽ അർജന്റീന ക്ലോസ് ഉൾപ്പെടുത്താൻ ലയണൽ മെസി എല്ലായിപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഈ ഉടമ്പടി പ്രകാരം ദേശീയ ടീമിന്റെ മത്സരങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകാനും ക്ലബിന്റെ സമ്മർദ്ദമില്ലാതെ അവർക്കൊപ്പം ചേരാനും താരത്തിനു കഴിയും. ഈ സീസണിൽ ക്ലബിലുണ്ടാക്കുന്ന നേട്ടങ്ങളേക്കാൾ മെസി പ്രാധാന്യം നൽകുന്നതും ലോകകപ്പിനു തന്നെയാണ്.

Rate this post