അർജന്റീനയുടെ ജയത്തിനു പിന്നാലെ റഫറിക്കെതിരെ ആഞ്ഞടിച്ച് ലയണൽ മെസി |Qatar 2022
ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ നെതർലാൻഡ്‌സിനോട് അർജന്റീന നേടിയ വിജയത്തിനു പിന്നാലെ മത്സരം നിയന്ത്രിച്ച റഫറിക്കെതിരെ രൂക്ഷമായ വിമർശനം നടത്തി ലയണൽ മെസി. അർജന്റീന രണ്ടു ഗോളുകൾക്ക് മുന്നിലെത്തിയെങ്കിലും അവസാന നിമിഷങ്ങളിൽ നെതർലാൻഡ്‌സിന്റെ തിരിച്ചുവരവ് കണ്ട മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് വിധി തീരുമാനിക്കപ്പെട്ടത്. മത്സരത്തിൽ പതിനാറു മഞ്ഞക്കാർഡുകൾ റഫറിയായ മാത്യു ലാഹോസ് പുറത്തെടുത്തപ്പോൾ അതിൽ ഒമ്പതെണ്ണവും അർജന്റീന താരങ്ങൾക്ക് നേരെയായിരുന്നു. അവസാന മിനുട്ടിൽ ഡംഫ്രെയ്‌സിനെ രണ്ടാം മഞ്ഞക്കാർഡും ചുവപ്പുകാർഡും നൽകി പുറത്താക്കുകയും ചെയ്‌തിരുന്നു.
“എനിക്ക് റഫറിമാരെക്കുറിച്ച് കൂടുതൽ സംസാരിക്കാൻ താത്പര്യമില്ല, അങ്ങിനെ ചെയ്‌താൽ അതിനെതിരെ നടപടിയുണ്ടാകും. എന്നാൽ മത്സരത്തിനു മുൻപു തന്നെ ഞങ്ങൾക്ക് പേടിയുണ്ടായിരുന്നു, കാരണം ലാഹോസാണ് റഫറിയെന്നതിനാൽ തന്നെ. ഞാനെന്താണ് കരുതുന്നതെന്ന് പറയുന്നില്ല. പക്ഷെ ഫിഫ ഇതിനെക്കുറിച്ച് ചിന്തിക്കണം. നിലവാരമില്ലാത്ത ഒരു റഫറിയെ ഇതുപോലെയുള്ള മത്സരങ്ങൾ നിയന്ത്രിക്കാൻ അനുവദിക്കരുത്.” ലയണൽ മെസി മത്സരത്തിനു ശേഷം പറഞ്ഞു.
ലയണൽ മെസി മാത്രമല്ല, അർജന്റീന ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസും മത്സരത്തിനു ശേഷം റഫറിക്കെതിരെ രൂക്ഷമായ വിമർശനം നടത്തിയിരുന്നു. ടൂർണമെന്റ് കണ്ടതിൽ വെച്ചേറ്റവും മോശം റഫറിയെന്നാണ് എമിലിയാനോ മാർട്ടിനസ് മത്സരം നിയന്ത്രിച്ച ലാഹോസിനെക്കുറിച്ച് പറഞ്ഞത്. ഇതിനു മുൻപും മെസിക്കെതിരെ പലപ്പോഴും വിവാദപരമായ തീരുമാനങ്ങൾ എടുത്തിട്ടുള്ള റഫറിയാണ് ലാഹോസ്. ഒരിക്കൽ മെസിക്കെതിരെ തെറ്റായ തീരുമാനം എടുത്തതിനു പിന്നീടദ്ദേഹം ക്ഷമാപണം നടത്തുകയും ചെയ്‌തിരുന്നു.
Messi wasn't impressed with the referee tonight 🤐 pic.twitter.com/vfTm3wMNYs
— ESPN FC (@ESPNFC) December 9, 2022
മത്സരത്തിൽ വിജയം നേടിയ അർജന്റീന കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയെയാണ് അർജന്റീന നേരിടുക. കഴിഞ്ഞ ലോകകപ്പിൽ നടത്തിയ അസാമാന്യമായ കുതിപ്പ് ഇത്തവണയും ആവർത്തിക്കുന്ന ക്രൊയേഷ്യ ബ്രസീലിനെ കീഴടക്കിയാണ് സെമി ഫൈനലിലേക്ക് എത്തിയത്. അർജന്റീനയെ സംബന്ധിച്ച് വളരെ കടുപ്പമേറിയ പോരാട്ടം തന്നെയാണ് സെമി ഫൈനലിൽ കാത്തിരിക്കുന്നത്.