ഫ്രഞ്ച് ലീഗിലെ പുതിയ സീസണിലെ ആദ്യ പോരാട്ടത്തിൽ തകർപ്പൻ ജയവുമായി പിഎസ്ജി. സൂപ്പർ താരങ്ങളായ മെസിയും നെയ്മറും ഗോളുകളും അസിസ്റ്റുമായി തിളങ്ങിയ മത്സരത്തിൽ ക്ലെർമോന്റ് ഫുട്ടിനെ ഏകപക്ഷീയമായ അഞ്ച് ഗോളിനാണ് പിഎസ്ജി തകർത്ത് വിട്ടത്.
ആദ്യ പകുതിയിൽ തന്നെ അവർ മൂന്ന് ഗോളുകൾ നേടിയിരുന്നു. എമ്പപ്പയുടെ അഭാവത്തിൽ നെയ്മറും മെസ്സിയും ആണ് പി എസ് ജിയെ മുന്നിൽ നിന്ന് നയിച്ചത്. നെയ്മർ ഒരു ഗോളും മൂന്ന് അസിസ്റ്റും സ്വന്തമാക്കിയപ്പോൾ മെസ്സി രണ്ട് ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കി.അത്യുഗ്രൻ ബൈസിക്കിൾ കിക്ക് ഗോളുമായി വിസ്മയിപ്പിക്കുന്ന പ്രകടനമാണ് മെസി പുറത്തെടുത്തത്. സീസണിലെ ആദ്യ മത്സരത്തിൽ തന്നെ രണ്ട് ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കാൻ അർജന്റീന സൂപ്പർ താരത്തിന് സാധിച്ചു.
ഉജ്ജ്വല ഫോമിൽ കളിച്ച നെയ്മർ ഒരു ഗോളും മൂന്ന് അസിസ്റ്റുമാണ് ക്ലെർമോന്റ് ഫുട്ടിനെതിരെ നേടിയത്. അഷ്റഫ് ഹക്കീമി, മാർക്കീന്യോസ് എന്നിവരുടെ വകയായിരുന്നു പിഎസ്ജിയുടെ മറ്റ് രണ്ട് ഗോളുകൾ. ഒമ്പതാം മിനുട്ടിൽ ആയിരുന്നു പി എസ് ജിയുടെ ആദ്യ ഗോൾ. ലയണൽ മെസ്സിയുടെ ഒരു ഫ്ലിക്ക് പാസ് സ്വീകരിച്ച് നെയ്മർ വല കുലുക്കുകയായിരുന്നു. 26ആം മിനുട്ടിൽ നെയ്മറും മെസ്സിയും ചേർന്ന് നടത്തിയ ഒരു കൗണ്ടർ അറ്റാക്ക് നെയ്മറിന്റെ പാസിലൂടെ അച്റഫ് ഹകീമി ഗോൾ നേടി.38ആം മിനുട്ടിൽ നെയ്മറുടെ അസ്സിസ്റ്റിൽ മാർകിൻഹോസ് മൂന്നാമത്തെ ഗോൾ നേടി.
Lionel Messi By-cycle Kick 👇👇👇#PSG #PremierLeague #Messi𓃵 #Messi #football pic.twitter.com/gAEGTV7KAB
— OnePointfootball (@AceEdits011) August 6, 2022
എമ്പതാം മിനുട്ടിൽ ആയിരുന്നു നാലാം ഗോൾ വന്നത്. ഈ ഗോളും ഒരുക്കിയത് നെയ്മർ ആയിരുന്നു.നെയ്മർ നൽകിയ പാസ് അനായാസം വലയിൽ എത്തിച്ച് മെസ്സിയും തന്റെ ഗോൾ അക്കൗണ്ട് തുറന്നു. 87ആം മിനുട്ടിൽ മെസ്സിയുടെ രണ്ടാം ഗോൾ വന്നു. കളിയിലെ ഏറ്റവും മികച്ച ഗോൾ ഇതായിരുന്നു. പോസ്റ്റിലേക്ക് ഉയർന്നു വന്ന പന്ത് നെഞ്ചിൽ എടുത്ത ശേഷം ആക്രൊബാറ്റിക്ക് കിക്കിലൂടെ വലയിലാക്കി സ്കോർ 5 -0 ആക്കി ഉയർത്തി. പിഎസ്ജി കോച്ച് എന്ന നിലയിൽ ലീഗ് വണ്ണിലെ ആദ്യ പോരാട്ടത്തിൽ തന്നെ ഗംഭീര വിജയം സ്വന്തമാക്കാൻ ക്രിസ്റ്റോഫ് ഗാൽറ്റിയെയ്ക്കായി.