‘8 ആം ബാലൺ ഡി ഓർ ലോഡിങ്’ : ലയണൽ മെസ്സിക്കായി അംഗീകാരങ്ങൾ കാത്തിരിക്കുന്നു |Lionel Messi

ലോക ഫുട്ബോളിൽ നേടാവുന്ന നേട്ടങ്ങളെല്ലാം സ്വന്തമാക്കിയ ലയണൽ മെസ്സിയെ ഒഴിവാക്കിയ ഒരു കിരീടമായിരുന്നു വേൾഡ് കപ്പ്. തന്റെ 35 മത്തെ വയസ്സിൽ അഞ്ചാമത്തെ ശ്രമത്തിലാണ് മെസ്സിക്ക് തന്റെ സ്വപ്ന കിരീടത്തിൽ മുത്തമിടാൻ സാധിച്ചത്. അർജന്റീനയെ കിരീടമണിയ്ക്കുന്നതിൽ സൂപ്പർ താരം നിർണായക പങ്കാണ് വഹിച്ചത്.

ഫൈനലിലെ ഇരട്ട ഗോളുകൾ ഉൾപ്പെട ഏഴു ഗോളുകൾ നേടിയ മെസ്സി മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോളും സ്വന്തമാക്കി .ഖത്തർ വേൾഡ് കപ്പ് കിരീടം നേടിയതോടുകൂടി ലയണൽ മെസ്സി മറ്റൊരു തലത്തിലേക്ക് എത്തിയിരിക്കുകയാണ്. ഇനി ഫുട്ബോൾ ലോകത്ത് മെസ്സിക്ക് ഒന്നും തന്നെ തെളിയിക്കാനില്ല എന്നുള്ളത് വ്യക്തമായി കഴിഞ്ഞു.സാധ്യമായതെല്ലാം മെസ്സി തന്റെ മനോഹരമായ കരിയറിൽ സ്വാന്തംക്കുകയും ചെയ്തു.ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബാലൺഡി’ഓർ പുരസ്കാരങ്ങൾ നേടിയിട്ടുള്ള താരം ലയണൽ മെസ്സിയാണ്. ഏഴ് തവണയാണ് മെസ്സി നേടിയിട്ടുള്ളത്.

ഇത്തവണത്തെ ബാലൺഡി’ഓർ പുരസ്കാരവും മെസ്സിക്ക് തന്നെയാണ് ലഭിക്കാൻ സാധ്യത. ക്ലബ് തലത്തിലും ദേശീയ ടീമിനൊപ്പവും മെസ്സിക്ക് ഏറ്റവും മികച്ച സീസണാണ് നടന്നു കൊണ്ടിരിക്കുന്നത്.ഗോൾ പുറത്തുവിട്ട പുതുക്കിയ ബാലൺഡി’ഓർ റാങ്കിങ്ങിൽ മെസ്സിയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് ഫ്രഞ്ച് സൂപ്പർതാരമായ കിലിയൻ എംബപ്പേയും മൂന്നാം സ്ഥാനത്ത് ഹാലന്റും നാലാം സ്ഥാനത്ത് നെയ്മർ ജൂനിയറും വരുന്നു.ഇത്തവണത്തെ ബാലൺ ഡി’ഓറിനും ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്ന താരം മെസ്സി തന്നെയാണ്. കഴിഞ്ഞതവണ റയലിന്റെ സൂപ്പർ താരമായ കരിം ബെൻസിമയായിരുന്നു അത് സ്വന്തമാക്കിയിരുന്നത്. മെസ്സി 8 ബാലൺഡി’ഓർ പുരസ്കാരങ്ങൾ ഒക്കെ നേടി കഴിഞ്ഞാൽ അത് തകർക്കുക എന്നുള്ളത് അസാധ്യമായ ഒരു കാര്യമായി ഫുട്ബോൾ ലോകത്ത് നിലനിന്നേക്കും.

ലോകകപ്പിനെ ചുംബിക്കണമെന്ന മെസ്സിയുടെ ആഗ്രഹം തന്റെ കരിയറിലെ അവസാന ലോകകപ്പ് ടൂർണമെന്റിൽ സഫലമായിരിക്കുകയാണ്. എന്നാൽ തന്റെ നേട്ടത്തിലേക്കുള്ള മെസ്സിയുടെ യാത്ര എളുപ്പമായിരുന്നില്ല. തന്റെ ഏറ്റവും വലിയ സ്വപ്‌നം സാക്ഷാത്കരിക്കുക എന്ന ലക്ഷ്യവുമായി ഖത്തറിലെത്തിയ മെസ്സിക്ക് തുടക്കം കഠിനമായിരുന്നു.സൗദി അറേബ്യ, പോളണ്ട്, മെക്സിക്കോ എന്നിവർക്കൊപ്പം ഗ്രൂപ്പ് സിയിലാണ് അർജന്റീന ഉണ്ടായിരുന്നത്.അർജന്റീന നോക്കൗട്ട് ഘട്ടത്തിലേക്ക് അനായാസം കടക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു.സൗദി അറേബ്യയ്‌ക്കെതിരായ മത്സരത്തിന്റെ പത്താം മിനിറ്റിൽ ഗോൾ നേടി മെസ്സി തന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനുള്ള ആദ്യ ചുവടുവച്ചു. എന്നാൽ സൗദി അറേബ്യക്കെതിരായ മത്സരത്തിൽ അപ്രതീക്ഷിത തോൽവിയാണ് അർജന്റീനയെ കാത്തിരുന്നത്. ഇതോടെ മെസ്സിക്കും അർജന്റീനയ്ക്കും വിമർശകരുടെ വിമർശനങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങേണ്ടി വന്നു. എന്നിരുന്നാലും, ലയണൽ മെസ്സിയും അർജന്റീനയും തങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനുള്ള പോരാട്ടത്തിനാണ് ഖത്തർ ലോകകപ്പ് പിന്നീട് സാക്ഷ്യം വഹിച്ചത്.

മെക്‌സിക്കോയ്‌ക്കെതിരായ മത്സരത്തിൽ അർജന്റീന 2-0ന് ജയിച്ചു. മത്സരത്തിൽ ഒരു ഗോൾ നേടിയ ലയണൽ മെസ്സി പ്ലെയർ ഓഫ് ദി മാച്ച് അവാർഡും ഏറ്റുവാങ്ങി. പോളണ്ടിനെതിരായ മൂന്നാം മത്സരത്തിൽ മെസ്സിക്ക് ഗോൾ നേടാനായില്ലെങ്കിലും ക്യാപ്റ്റൻ മെസ്സി തന്നെ ടീമിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു. തുടർന്ന് നടന്ന റൗണ്ട് ഓഫ് 16 സ്റ്റേജ് മത്സരത്തിൽ മെസ്സി ഒരു ഗോൾ നേടിയപ്പോൾ ഓസ്‌ട്രേലിയയെ 2-1ന് അർജന്റീന പരാജയപ്പെടുത്തി. പിന്നീട് നെതർലൻഡ്സിനെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിലും മെസ്സി ഒരു ഗോൾ നേടി. സെമിയിൽ ക്രൊയേഷ്യക്കെതിരെ ഒരു ഗോളും ഫൈനലിൽ രണ്ട് ഗോളുകളും നേടിയ മെസ്സി ടീമിനെ വിജയത്തിലേക്ക് നയിച്ചു.ഒരു ലോകകപ്പ് എഡിഷനിലെ എല്ലാ നോക്കൗട്ട് മത്സരങ്ങളിലും ഗോൾ നേടുന്ന ആദ്യ താരമാണ് ലയണൽ മെസ്സി.

ഈ ടൂർണമെന്റിൽ ആകെ ഏഴ് മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകളാണ് മെസ്സി നേടിയത്. തന്റെ കരിയറിലെ ഏറ്റവും വലിയ സ്വപ്നം സാക്ഷാത്കരിച്ചതിൽ മെസ്സി ഇപ്പോൾ സന്തുഷ്ടനാണെങ്കിലും, അവിടെയെത്താനുള്ള കഠിനമായ യാത്ര മെസ്സിയുടെ സന്തോഷം ഇരട്ടിയാക്കിയിരിക്കുന്നു. 36 വർഷങ്ങൾക്ക് ശേഷം ലയണൽ മെസ്സി എന്ന മാന്ത്രികൻ അർജന്റീനയെ വീണ്ടും ലോകത്തിന്റെ നെറുകയിലേക്ക് നയിച്ചപ്പോൾ അത് ഒരു ഇതിഹാസത്തിന്റെ കരിയറിലെ അവസാനമായിരുന്നു. നാളെ ലയണൽ മെസ്സിയെ ഓർക്കുമ്പോൾ, അദ്ദേഹത്തിന്റെ കരിയറിൽ ആരും ഒരുകുറവും കാണില്ല.

Rate this post