ലയണൽ സ്കലോണിയും സംഘവും അർഹിച്ച കിരീടം: പുകഴ്ത്തി റയൽ പരിശീലകൻ  ആഞ്ചലോട്ടി!

2022ലെ വേൾഡ് കപ്പ് കിരീടം അങ്ങനെ അർജന്റീനയുടെ ഷെൽഫിലേക്ക് എത്തുകയാണ്.ഫൈനൽ മത്സരത്തിൽ ഫ്രാൻസിനെ പരാജയപ്പെടുത്തി കൊണ്ടാണ് അർജന്റീന തങ്ങളുടെ ഫുട്ബോൾ ചരിത്രത്തിലെ മൂന്നാമത്തെ കിരീടം നേടുന്നത്. ലയണൽ മെസ്സിയാവട്ടെ വേൾഡ് കപ്പ് കിരീടം കൂടി നേടിയതോടെ സമ്പൂർണ്ണനായ താരമായി മാറുകയും ചെയ്തു.വേൾഡ് കപ്പിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയത് ലയണൽ മെസ്സി തന്നെയായിരുന്നു.

ആദ്യ മത്സരത്തിൽ പരാജയപ്പെട്ട അർജന്റീനയാണ് പിന്നീടുള്ള എല്ലാ മത്സരങ്ങളും വിജയിച്ചു കൊണ്ട് കിരീടം സ്വന്തമാക്കിയിട്ടുള്ളത്. ടീമിന്റെ വിജയമെന്ന് നമുക്ക് അർജന്റീനയുടെ ഈ കിരീട ധാരണത്തെ വിശേഷിപ്പിക്കാം. കാരണം എല്ലാവരും ഒന്നിനൊന്ന് മികച്ച പ്രകടനം പുറത്തെടുത്തതോടുകൂടി കിരീടം അർജന്റീന സ്വന്തമാക്കുകയായിരുന്നു.

അർജന്റീനയുടെ കിരീടധാരണത്തെ റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആഞ്ചലോട്ടി പ്രശംസിച്ചിട്ടുണ്ട്. ലയണൽ സ്‌കലോനിയും സംഘവും അർഹിച്ച കിരീടം എന്നാണ് റയൽ പരിശീലകൻ പറഞ്ഞിട്ടുള്ളത്. ടീമിന്റെ ഒത്തൊരുമയോടുകൂടിയുള്ള പ്രകടനത്തിന്റെ ഫലമാണ് ഈ കിരീടമെന്നും ആഞ്ചലോട്ടി കൂട്ടിച്ചേർത്തു.

‘ എന്റെ അഭിപ്രായത്തിൽ സ്കാലോണിയുടെ സംഘം ഈ കിരീടം അർഹിച്ചതാണ്. പ്രത്യേകിച്ച് അവർ ഫൈനലിൽ പുറത്തെടുത്ത ആ പ്രകടനത്തിന്. അത്ഭുതപ്പെടുത്തുന്ന ഒരു കോമ്പിനേഷനാണ് ഈ ടീം.മെസ്സി,ആൽവരസ്,ഡി മരിയ തുടങ്ങിയ ക്വാളിറ്റി താരങ്ങൾ അർജന്റീനയുടെ സവിശേഷതയാണ്. അത്ഭുതപ്പെടുത്തുന്ന ആത്മാർത്ഥതയും ആറ്റിട്യൂഡുമാണ് ഈ ടീമിന്റെ സവിശേഷത. ആദ്യ മത്സരത്തിൽ പരാജയപ്പെട്ടതിനു ശേഷമാണ് അർജന്റീന ഇപ്പോൾ കിരീടം നേടിയത് എന്ന് നമുക്ക് മറക്കാൻ കഴിയില്ല.ഓരോ മത്സരത്തിലും അവർ വളർന്നുവരികയായിരുന്നു.ഓരോ മത്സരത്തിലും അവർ തങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു. അർജന്റീനക്ക് ഞാൻ അഭിനന്ദനങ്ങള്‍ നേരുന്നു ‘ ആഞ്ചലോട്ടി കുറിച്ചു.

സൗദി അറേബ്യയോട് ആയിരുന്നു ആദ്യ മത്സരത്തിൽ അർജന്റീന പരാജയപ്പെട്ടത്.എന്നാൽ യഥാർത്ഥത്തിൽ അത് അർജന്റീനക്ക് ഗുണം ചെയ്തു.പിന്നീടുള്ള ഓരോ മത്സരങ്ങളും ഫൈനൽ പോലെ കളിച്ച അർജന്റീന എല്ലാ മത്സരങ്ങളിലും വിജയം കരസ്ഥമാക്കുകയായിരുന്നു.

Rate this post