ഹിഗ്വയിനെ കുറിച്ച് മെസ്സി: ❛രണ്ട് കോപ്പ അമേരിക്ക ഫൈനലും ഒരു ലോകകപ്പ് ഫൈനലും കളിച്ച താരമാണ്,അദ്ദേഹം ബഹുമാനം അർഹിക്കുന്നു ❜ | Lionel Messi

അർജന്റീനയുടെ സൂപ്പർ താരങ്ങളിൽ ഒരാളായിരുന്ന ഗോൺസാലോ ഹിഗ്വയ്ൻ കുറച്ച് വർഷങ്ങൾക്ക് മുമ്പ് തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയിരുന്നു. ലോക ഫുട്ബോളിലെ ഒട്ടേറെ പ്രമുഖ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് ഹിഗ്വയ്ൻ. കണ്ണീരോടെയായിരുന്നു അദ്ദേഹം തന്റെ വിരമിക്കൽ ഫുട്ബോൾ ലോകത്തോട് അറിയിച്ചിരുന്നത്.

എന്നാൽ അദ്ദേഹത്തിന്റെ കരിയറിൽ ഒട്ടേറെ ബുദ്ധിമുട്ടേറിയ സന്ദർഭങ്ങൾ അദ്ദേഹത്തിന് ഉണ്ടായിട്ടുണ്ട്. പലപ്പോഴും ആരാധകരും മാധ്യമങ്ങളും വലിയ വിമർശനങ്ങൾ ചൊരിഞ്ഞിട്ടുള്ള താരമാണ് ഹിഗ്വയ്ൻ. പ്രത്യേകിച്ച് അർജന്റീനയുടെ തോൽവികളിൽ ഹിഗ്വയ്ന് മാത്രം വലിയ കുറ്റപ്പെടുത്തലുകൾ ഏൽക്കേണ്ടിവന്ന സാഹചര്യമുണ്ടായിരുന്നു.

മെസ്സി തന്നെ ഈ വിഷയത്തിൽ ഹിഗ്വയ്ന് പിന്തുണ അറിയിച്ചിട്ടുണ്ട്. ആളുകളും മാധ്യമങ്ങളും ഹിഗ്വയ്നോട് മോശമായാണ് പെരുമാറിയത് എന്നാണ് മെസ്സി തുറന്നു പറഞ്ഞിട്ടുള്ളത്. മാത്രമല്ല പല കാര്യങ്ങളും താരം വിശദീകരിക്കുകയും ചെയ്തു.

‘ ആളുകൾ ഹിഗ്വയ്നോട് വളരെയധികം അനീതി കാണിച്ചു എന്നാണ് ഞാൻ വിശ്വസിക്കുന്നത്. മാധ്യമങ്ങളും അദ്ദേഹത്തോട് വളരെയധികം മോശമായാണ് പെരുമാറിയിട്ടുള്ളത്. ഒരു അത്ഭുതകരമായ കരിയർ തന്നെ അവകാശപ്പെടാനുള്ള താരമാണ് ഹിഗ്വയ്ൻ.അദ്ദേഹം ചെയ്ത കാര്യങ്ങൾ വീണ്ടും ആവർത്തിക്കുക എന്നുള്ളത് ബുദ്ധിമുട്ടുള്ള ഒന്നാണ്. ലോകത്തിലെ ഏറ്റവും മികച്ച ടീമുകൾക്ക് വേണ്ടി എപ്പോഴും മികച്ച പ്രകടനം കാഴ്ചവെക്കുക, ഗോളുകൾ നേടുക കിരീടങ്ങൾ നേടുക, കോപ്പ അമേരിക്കയിലും വേൾഡ് കപ്പിലും ഗോളുകൾ നേടുക ഇതൊക്കെ അദ്ദേഹം ചെയ്തു വെച്ച കാര്യങ്ങളാണ്.ഹിഗ്വയ്ന് സംഭവിച്ച കാര്യങ്ങൾ പലപ്പോഴും പലയിടത്തായും നടക്കാറുണ്ട്.അദ്ദേഹം രണ്ട് കോപ്പ അമേരിക്ക ഫൈനലുകളിലും ഒരു വേൾഡ് കപ്പ് ഫൈനലിലും കളിച്ചിട്ടുണ്ട്. അതൊരു ചെറിയ കാര്യമല്ല എന്നുള്ളത് നിങ്ങൾ മനസ്സിലാക്കണം ‘ ഇതാണ് മെസ്സി പറഞ്ഞിട്ടുള്ളത്.

അതായത് അർജന്റീന ഈ ഫൈനലുകൾ കളിച്ചത് ഹിഗ്വയ്നും കൂടി ഉള്ളതുകൊണ്ടാണ് എന്ന് മറക്കരുത് എന്നാണ് മെസ്സി ആരാധകരെ ഓർമിപ്പിക്കുന്നത്. ഈ ഫൈനലുകളിൽ പരാജയപ്പെട്ടതോടുകൂടിയായിരുന്നു ഹിഗ്വയ്ന് വലിയ വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നത്. എന്നാൽ ഇതിനെതിരെയാണ് ലയണൽ മെസ്സി ഇപ്പോൾ തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുന്നത്.

Rate this post
Lionel Messi