അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സി തൻ്റെ വിരമിക്കലിനെ കുറിച്ച് അടുത്തിടെ ബിഗ് ടൈം പോഡ്കാസ്റ്റിൽ സംസാരിച്ചു. മെസ്സി തൻ്റെ മികച്ച കരിയറിൻ്റെ അവസാന ഘട്ടത്തിലേക്ക് കടന്നതായി തോന്നുന്നു. 36 ആം വയസ്സിലും രാജ്യത്തിനും ക്ലബിനും വേണ്ടിയും മിന്നുന്ന പ്രകടനമാണ് മെസ്സി പുറത്തെടുക്കുന്നത്. എന്നാൽ നിലവിൽ പരിക്ക് മൂലം അന്താരാഷ്ട്ര ഇടവേളയ്ക്കിടെ അർജൻ്റീനയുടെ മത്സരങ്ങളിൽ നിന്നും വിട്ടു നിൽക്കുകയാണ് മെസ്സി.
“ഞാൻ എന്നെത്തന്നെ വളരെ സ്വയം വിമർശിക്കുന്നു, ഞാൻ എപ്പോൾ നല്ലവനാണെന്നും എപ്പോൾ ഞാൻ മോശക്കാരനാണെന്നും എപ്പോൾ ഞാൻ നന്നായി കളിക്കുമെന്നും മോശമായി കളിക്കുമെന്നും എനിക്കറിയാം.ആ ചുവടുവെയ്പ്പ് നടത്താൻ സമയമായി എന്ന് എനിക്ക് തോന്നുമ്പോൾ, പ്രായത്തെക്കുറിച്ച് ചിന്തിക്കാതെ ഞാൻ അത് എടുക്കും” തൻ്റെ വിരമിക്കൽ പദ്ധതികളെക്കുറിച്ച് എട്ട് തവണ ബാലൺ ഡി ഓർ ജേതാവ് പറഞ്ഞു.”ഇനി പെർഫോം ചെയ്യാൻ ഞാൻ തയ്യാറല്ലെന്ന് എനിക്ക് തോന്നുന്ന ആ നിമിഷം എനിക്കറിയാം.ഞാൻ എന്നെത്തന്നെ ആസ്വദിക്കുകയോ എൻ്റെ സഹപ്രവർത്തകരെ സഹായിക്കുകയോ ചെയ്യുന്നില്ല എന്ന അവസ്ഥ വന്നാൽ അതിനെക്കുറിച്ച് തീരുമാനിക്കും ” മെസ്സി കൂട്ടിച്ചേർത്തു.
തൻ്റെ ബദ്ധവൈരിയായ ക്രിസ്റ്റ്യാനോ റൊണാൾഡോ 39-ാം വയസ്സിൽ ഉയർന്ന തലത്തിൽ പ്രകടനം നടത്തുന്നതിനാൽ, മെസ്സി കുറച്ച് വർഷങ്ങൾ കൂടി തുടരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.തൻ്റെ കരിയറിൽ ഇതുവരെ 720 സീനിയർ ക്ലബ് ഗോളുകളും 345 അസിസ്റ്റുകളും മെസ്സി നേടിയിട്ടുണ്ട്. 10 തവണ ലാ ലിഗ ജേതാവായ അദ്ദേഹം ബാഴ്സലോണയ്ക്കൊപ്പം മൂന്ന് തവണ യുവേഫ ചാമ്പ്യൻസ് ലീഗ് ട്രോഫി ഉയർത്തിയിട്ടുണ്ട്.
🗣 Lionel Messi: "Surely if things would not have happened the way they did at the World Cup, I would have left the national team." Via Riyadh Season. 🇦🇷pic.twitter.com/dOVNxQxBZl
— Roy Nemer (@RoyNemer) March 27, 2024
“എല്ലാവർക്കും വിമർശിക്കാൻ അവകാശമുണ്ട്, വിമർശനം എന്നെ അലോസരപ്പെടുത്തുന്നില്ല, കാരണം ഞാൻ എന്നെത്തന്നെ ആദ്യം വിമർശിക്കുന്ന ആളാണ്, ഞാൻ സ്വയം ഉത്തരവാദിത്തം ഏറ്റെടുക്കുന്നയാളാണ്. ഇത് ഗെയിമിൻ്റെ ഭാഗമാണ്” തനിക്ക് നേരെ ഉയരുന്ന വിമര്ശനങ്ങളെക്കുറിച്ച് മെസ്സി പറഞ്ഞു. ലോകകപ്പിൽ സംഭവിച്ചതുപോലെ കാര്യങ്ങൾ സംഭവിക്കില്ലായിരുന്നുവെങ്കിൽ, ഞാൻ ദേശീയ ടീമിൽ നിന്ന് പുറത്തുപോകുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.