ഖത്തർ ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിനു രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെ അർജന്റീന ആരാധകരുടെ ചങ്കിടിപ്പേറ്റി ലയണൽ മെസി കഴിഞ്ഞ ദിവസം അർജന്റീന ടീമിനൊപ്പം പരിശീലനം നടത്തിയില്ല. ഇന്നലെ അർജന്റീന ടീമിന്റെ പരിശീലനം പകർത്താൻ പോയ ഫോട്ടോഗ്രാഫർമാരാണ് ലയണൽ മെസിയുടെ അസാന്നിധ്യം ശ്രദ്ധിച്ചത്. ലോകകപ്പിനിടെ ഇതാദ്യമായല്ല മെസി അർജന്റീന ടീമിനൊപ്പം പരിശീലനം നടത്താതിരിക്കുന്നത്. എന്നാൽ ക്രൊയേഷ്യക്കെതിരായ മത്സരം കണ്ട ആരാധകർക്ക് മെസി പരിശീലനം മുടക്കിയത് ആശങ്ക തന്നെയാണ്.
ക്രൊയേഷ്യക്കെതിരെ നടന്ന സെമി ഫൈനലിൽ ലയണൽ മെസി പരിക്കിന്റെ ലക്ഷണങ്ങൾ പലപ്പോഴും കാണിച്ചിരുന്നു. തുടയുടെ പിൻഭാഗത്ത് കൈകൾ അമർത്തി ഓടാതെ നിൽക്കുന്ന മെസിയുടെ ചിത്രം അപ്പോൾ തന്നെ ആരാധകരുടെ മനസ്സിൽ വലിയ ചോദ്യചിഹ്നമാണ് ഉയർത്തിയത്. ഹാംസ്ട്രിങ് ഇഞ്ചുറിയുള്ള താരങ്ങൾ കാണിക്കുന്ന അതെ പ്രവൃത്തിയാണ് മെസി മത്സരത്തിനിടെ കാണിച്ചത്. എങ്കിലും അതിനു ശേഷവും മുഴുവൻ സമയവും കളിക്കളത്തിൽ തുടർന്ന് മികച്ച പ്രകടനം നടത്താൻ താരത്തിന് കഴിഞ്ഞിരുന്നു.
മെസിയുടെ ഫിറ്റ്നസ് സംബന്ധിച്ച് ലോകകപ്പിനിടെ പലപ്പോഴും ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ മുൻകരുതൽ എന്ന നിലക്കാണ് താരം പരിശീലനത്തിൽ നിന്നും വിട്ടു നിൽക്കുന്നത് എന്നാണു ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ വന്നിരുന്നത്. ഇന്നലത്തെ പരിശീലന സെഷനിൽ നിന്നും താരം വിട്ടു നിന്നതും ഇത്തരത്തിൽ തന്നെയാകും എന്ന പ്രതീക്ഷയിലാണ് ആരാധകർ. ഫൈനലിൽ മെസി കളിക്കില്ലെന്ന വാർത്ത വരാൻ അവരാരും ആഗ്രഹിക്കുന്നുണ്ടാകില്ല. തന്റെ കരിയറിലെ അവസാനത്തെ ലോകകപ്പ് മത്സരമായതിനാൽ തന്നെ മെസി ഫൈനലിൽ നിന്നും വിട്ടു നിൽക്കാൻ തയ്യാറാവുകയുമില്ല.
🚨 Leo Messi was absent from Argentina's training session today. 😳
— Transfer News Live (@DeadlineDayLive) December 15, 2022
He has discomfort in the hamstrings of the left leg.
(Source: @footmercato) pic.twitter.com/qZByY5cxd5
ലോകകപ്പിൽ അർജന്റീനയുടെ നിർണായകതാരമാണ് ലയണൽ മെസി. അഞ്ചു ഗോളുകളും മൂന്ന് അസിസ്റ്റും സ്വന്തമാക്കിയ താരം ടീമിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ നട്ടെല്ലായി മാറുന്നു. അതിനാൽ തന്നെ ലയണൽ മെസിയെ സംബന്ധിച്ച് ഇപ്പോൾ പുറത്തു വന്ന വാർത്ത ആരാധകരിൽ വലിയ ആശങ്ക സൃഷ്‌ടിച്ചിട്ടുണ്ട്. എന്നാൽ പരിക്കാണെങ്കിലും താരം കളിക്കുമെന്നും അർജന്റീനയെ സഹായിക്കുമെന്നും അവർ ഉറച്ചു വിശ്വസിക്കുന്നു. മെസിക്ക് പരിക്കേറ്റാലും മറ്റേത് താരത്തെക്കാളും പ്രഭാവം മത്സരത്തിൽ സൃഷ്‌ടിക്കാനും കഴിയും.