ലയണൽ മെസിയെ അണിയിച്ച ‘ബിഷ്‌ത്’ വിവാദമാക്കി ചിലർ, പക്ഷേ അതിന്റെ യാഥാർത്ഥ്യം ഇതാണ്.. |Qatar 2022
ഖത്തർ ലോകകപ്പ് കിരീടം വാങ്ങാനെത്തിയ ലയണൽ മെസിയെ അതിനു തൊട്ടു മുൻപ് ഖത്തർ അമീർ അണിയിച്ച കുപ്പായം ഏറെ ചർച്ചകൾക്ക് വഴി വെക്കുന്ന സമയമാണിപ്പോൾ. ഇതിനു അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകൾ എത്തുന്നുണ്ട്. ലോകകപ്പ് പോലൊരു വേദിയിൽ അത്തരമൊരു പ്രവൃത്തി പാടില്ലായിരുന്നു എന്ന് ചിലർ വാദിക്കുമ്പോൾ അതിനെ ഒരു അനുമോദനത്തിന്റെ ചിഹ്നമായി കാണുന്നയാളുകളുമുണ്ട്. അമീർ അണിയിച്ച ബിഷ്‌ത് എന്ന മേൽക്കുപ്പായം അണിഞ്ഞാണ് ലയണൽ മെസി ടീമിനൊപ്പം കിരീടമുയർത്തിയതും.
കിരീടം വാങ്ങാനായി പോഡിയത്തിലേക്ക് വന്ന ലയണൽ മെസിക്ക് അമീർ മെഡൽ സമ്മാനിച്ചതിനു ശേഷം അവിടെ കരുതിയിരുന്ന കുപ്പായം അണിയിച്ചു നൽകി. സന്തോഷത്തിന്റെ പാരമ്യത്തിൽ നിന്നിരുന്ന മെസി ഒരു കുട്ടിയെപ്പോലെ അതിനു നിന്നു കൊടുക്കുകയും ചെയ്‌തു. അതിനു ശേഷം ജേഴ്‌സിക്ക് മുകളിൽ ആ വസ്ത്രം അണിഞ്ഞു തന്നെയാണ് മെസി ടീമിന്റെ അടുത്തേക്ക് പോയതും കിരീടം പൊക്കിയതും. കുറച്ചു നേരത്തിനു ശേഷം മെസി ബിഷ്‌ത് ഊറി വെച്ചെങ്കിലും അത് ലോകത്തിനു മുന്നിൽ നിറഞ്ഞു നിൽക്കാൻ അത്രയും സമയം മതിയായിരുന്നു.
വിശേഷപ്പെട്ട അവസരങ്ങളിൽ ധരിക്കുന്ന പരമ്പരാഗതമായ ഖത്തരി ഗൗണാണ് ബിഷ്‌ത്. ഭരണാധികാരികൾക്ക് പുറമെ ഉന്നത കുടുംബങ്ങളിലെ ഷെയ്‌ഖുമാർ വിശേഷ ദിവസങ്ങളിൽ ഇതണിയുന്നു. വെള്ളിയാഴ്‌ച പ്രാർത്ഥന നടത്തുന്ന ഇമാമുമാർക്കും ഈ കുപ്പായം ധരിക്കാം. ഇതിനു പുറമെ യുദ്ധം ജയിച്ചു വരുന്ന സൈനികർക്കും ഈ കുപ്പായം നൽകും. ആദരവിന്റെയും ബഹുമാനത്തിന്റെയും സൂചകമായി നൽകുന്ന ഈ കുപ്പായം ഫുട്ബോൾ ലോകത്തിലെ ഏറ്റവും വലിയ പോരാട്ടം ജയിച്ചു വന്ന മെസിക്ക് നൽകിയതും ഇതേ ആദരവോടു കൂടിതന്നെയാണ്.
Lionel Messi led Argentina to win the 2022 FIFA World Cup after defeating France in a nerve-wracking final. https://t.co/DJbi3ls6JB
— Sportskeeda Football (@skworldfootball) December 19, 2022
അർജന്റീന ജേഴ്‌സിക്ക് മുകളിലാണ് കുപ്പായം ധരിപ്പിച്ചതെങ്കിലും ലയണൽ മെസി യാതൊരു വൈമനസ്യവും കാണിക്കാതെ അത് സ്വീകരിച്ചു. ജേഴ്‌സിയെ മറച്ച് ധരിച്ചതിന്റെ പേരിൽ തന്നെയാണ് പലരും ആ പ്രവൃത്തിയെ വിമർശിക്കുന്നത്. അതേസമയം ലോകത്തിലെ തന്നെ ഏറ്റവും വലിയ പോരാട്ടം ജയിച്ചു വന്ന നായകന് ആദരവ് പ്രകടിപ്പിക്കുകയാണ് ഖത്തർ ചെയ്‌തതെന്ന് പറഞ്ഞ് പലരും ഇതിനെ അനുകൂലിക്കുകയും ചെയ്യുന്നുണ്ട്.