കഴിഞ്ഞ സീസണിൽ പിഎസ്ജിയിൽ ബുദ്ധിമുട്ടിയ ലിയോ മെസ്സിയെയല്ല നമുക്കിപ്പോൾ കാണാൻ സാധിക്കുക, മറിച്ച് പൂർവാധികം ശക്തിയോടെ തിരിച്ചുവന്ന മെസ്സിയെയാണ് കാണാൻ കഴിയുക. അത്യുജ്വല പ്രകടനമാണ് മെസ്സി ഈ സീസണിൽ പിഎസ്ജിക്ക് വേണ്ടി പുറത്തെടുക്കുന്നത്. 7 ഗോളുകളും 8 അസിസ്റ്റുകളും മെസ്സി നേടിക്കഴിഞ്ഞു.
അർജന്റീനക്ക് വേണ്ടി ഈ സീസണിൽ കളിച്ച രണ്ടു മത്സരങ്ങളിൽ നിന്ന് നാല് ഗോളുകളും മെസ്സി നേടിയിട്ടുണ്ട്.ഇപ്പോഴിതാ ലയണൽ മെസ്സിയെ ബാസ്ക്കറ്റ്ബോൾ ഇതിഹാസം മൈക്കൽ ജോർദാനുമായി താരതമ്യം ചെയ്തിരിക്കുകയാണ് സ്പാനിഷ് ജേണലിസ്റ്റായ ഗില്ലം ബലാഗ്. ബാസ്ക്കറ്റ്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമായി അറിയപ്പെടുന്ന ഇതിഹാസമാണ് ജോർദാൻ.
‘ തീർച്ചയായും പാരീസിലെ ജീവിതവുമായി ലയണൽ മെസ്സി അഡാപ്റ്റായിട്ടുണ്ട്. അത് ഒരുപാട് കാര്യങ്ങളെ വിശദീകരിച്ച് നൽകുന്നുണ്ട്.എല്ലാവരേക്കാളും വേഗതയിൽ എല്ലാം കാണുന്ന ഒരു താരമാണ് ലയണൽ മെസ്സി.അതുകൊണ്ടുതന്നെ കളി നിയന്ത്രിക്കാനുള്ള ടീമിന്റെ താക്കോൽ അദ്ദേഹത്തിന്റെ കൈകളിൽ നിങ്ങൾ നൽകി കഴിഞ്ഞാൽ തീർച്ചയായും ടീം തന്നെ മികച്ച രൂപത്തിൽ കളിക്കുന്നത് കാണാൻ കഴിയും.ഇത് മനശാസ്ത്രപരമായ ഒരു കാര്യമല്ല, മറിച്ച് ടാക്ടിക്കലായ ഒരു കാര്യമാണ് ‘ ബലാഗ് തുടരുന്നു.
‘ മുമ്പ് ഷിക്കാഗോ ബുൾസ് എന്ന ടീമിനൊപ്പം മൈക്കൽ ജോർദാൻ കളിച്ച പോലെയാണ് എനിക്ക് അനുഭവപ്പെടുന്നത്. അതായത് അന്ന് പരിശീലകനായ ഫിൽ ജാക്ക്സൺ ജോർദാനോട് പറഞ്ഞത്, നീ എല്ലാം തനിച്ച് ചെയ്യേണ്ടതില്ല എന്നാണ്.മറിച്ച് എന്തെങ്കിലും വ്യത്യസ്തമായ രീതിയിൽ ചെയ്യുക എന്നുള്ളതാണ്. തീർച്ചയായും ലയണൽ മെസ്സി ഇവിടെ വളരെ വ്യത്യസ്തമായ രീതിയിലാണ് കാര്യങ്ങളെ കൈകാര്യം ചെയ്യുന്നത് ‘ ബലാഗ് പറഞ്ഞു.
Spanish Journalist Explains How Lionel Messi’s 2022-23 Season Reminds Him of Michael Jordan https://t.co/aFaJx6eQUS
— PSG Talk (@PSGTalk) October 4, 2022
പിഎസ്ജിയിലെ മെസ്സിയുടെ ഇപ്പോഴത്തെ റോൾ തികച്ചും വ്യത്യസ്തമാണ്. ഒരു അറ്റാക്കിങ് മിഡ്ഫീൽഡർ എന്ന രൂപേണയും ഒരു സ്ട്രൈക്കർ എന്ന രൂപേണയും മെസ്സി ഇപ്പോൾ കളിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഗോളിന്റെ കാര്യത്തിലും അസിസ്റ്റിന്റെ കാര്യത്തിലും ഒരുപോലെ മികവ് പുലർത്താൻ മെസ്സിക്ക് സാധിക്കുന്നു.